സുറിയാനി ഭാഷയിൽ ഉറഞ്ഞുകിടക്കുന്ന ആദ്ധ്യാത്മികതയെ പുറത്തുകൊണ്ടുവരിക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

നമ്മുടെ ആരാധനാ ഭാഷയായ സുറിയാനിയിൽ ഉറഞ്ഞു കിടക്കുന്ന ആദ്ധ്യാത്മികതയെ പുറത്തുകൊണ്ടുവരണമെന്ന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. താമരശ്ശേരി രൂപത ലിറ്റർജി കമ്മീഷന്റെ നേതൃത്വത്തിൽ ആരംഭിച്ച മാർ കരിയാറ്റിൽ സുറിയാനി അക്കാദമി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനക്രമ പാരമ്പര്യം ഉള്ളതാണ് സീറോ മലബാർ സഭ എന്ന് അദ്ദേഹം സൂചിപ്പിച്ചു. മിശിഹാ രഹസ്യത്തിന്റെ ആഘോഷമായ പരിശുദ്ധ കുർബാനയിൽ സുറിയാനി ഭാഷയിൽ പങ്കുകൊണ്ടവരായിരുന്നു ചാവറയച്ചനും അൽഫോൻസാമ്മയും മറിയം ത്രേസ്യയും എവു പ്രാസ്യാമ്മയും അടക്കമുള്ള വിശുദ്ധർ എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മേജർ ആർച്ച് ബിഷപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളും ആരാധനക്രമത്തെ സംബന്ധിച്ച മറ്റ് പ്രബോധനങ്ങളും മാതൃഭാഷയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ആരാധനാ ഭാഷയുടെ ഉപയോഗത്തെ തീർത്തും ഇല്ലാതാക്കിയി ട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാർ കരിയാറ്റിൽ സുറിയാനി അക്കാദമിയുടെ ആദ്യഘട്ടമെന്ന നിലയിൽ രൂപതയിലെ വൈദികർക്കു വേണ്ടി സംഘടിപ്പിച്ച ക്ലാസിന് ബഹു.ഡോ. മാത്യു കുളത്തിങ്കൽ അച്ചൻ നേതൃത്വം നൽകി. സാങ്കേതിക സഹായം നൽകിയ വിശ്വാസ പരിശീലന ഡയറക്ടർ ബഹു. ജോൺ പള്ളിക്കാവയലിൽ അച്ചനും അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പിന്റെ വീഡിയോ കോൺഫറൻസ് ക്രമീകരിച്ച ബഹു. ചാൻസലർ അബ്രാഹം കാവിൽ പുരയിടത്തിൽ അച്ചനും ഈ സുറിയാനി പഠന ക്ലാസ്സിൽ താൽപര്യപൂർവം പങ്കെടുത്ത ബഹു. അച്ചന്മാർക്കും പ്രത്യേകം നന്ദി പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group