ന്യൂ ഡല്‍ഹി: അഭയം നല്‍കണമെന്ന അപേക്ഷ ബ്രിട്ടൻ തള്ളിയതോടെ ശൈഖ് ഹസീന മറ്റു യുറോപ്യൻ രാജ്യങ്ങളെ അഭയത്തിനായി സമീപിക്കാനുള്ള ശ്രമം തുടങ്ങി.
ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ ഇന്ത്യൻ വ്യേമസേനാ താവളത്തില്‍ തിങ്കളാഴ്ച വൈകീട്ട് 5.36ന് എത്തിയപ്പോള്‍ രാത്രിയോടെ ഇന്ത്യ വിടുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അഭയം നല്‍കാൻ മറ്റൊരു രാജ്യം കിട്ടാത്തതിനാല്‍ ഇതുവരെയും ഹസീനക്ക് ഇന്ത്യ വിട്ടുപോകാനായില്ല.
രാജ്യംവിട്ട ഹസീനയുടെ ഇന്ത്യയിലെ ഇടക്കാലവാസം നീളുന്നതിനിടെ കേന്ദ്ര സർക്കാർ സർവകക്ഷിയോഗം വിളിച്ചു. രാവിലെ 10 മണിക്ക് പാർലമെന്റ് മന്ദിരത്തില്‍ ചേരുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് എന്നിവർ പങ്കെടുക്കും. ഹസീനക്ക് ഏക സുഹൃത്തായി അവശേഷിക്കുന്ന ഇന്ത്യക്ക് ഹസീന വിരുദ്ധരുടെ ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി ബന്ധവും വെല്ലുവിളിയാകും.
ബംഗ്ലാദേശില്‍ വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തുകളയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ശൈഖ് ഹസീനക്ക് അഭയം നല്‍കുന്നതില്‍ ബ്രിട്ടന് താല്‍പര്യമില്ല. വിദ്യാർഥി പ്രക്ഷോഭത്തോടും അതിനെ നേരിട്ട ശൈഖ് ഹസീനയുടെ ഏകാധിപത്യ പ്രവണതകളോടുമുള്ള അമേരിക്കൻ നിലപാട് ബ്രിട്ടനും കൈകൊണ്ടതാണ്. എന്നാല്‍, ബ്രിട്ടനിലെ അഭയാർഥി നിയമപ്രകാരം അഭയം തേടാനായി ഒരാള്‍ക്ക് ബ്രിട്ടനിലേക്ക് പ്രവേശനം അനുവദിക്കാനുള്ള വ്യവസ്ഥയില്ല എന്ന മറുപടിയാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് യു.കെ ആഭ്യന്തര മന്ത്രാലയം നല്‍കിയത്. അന്തർദേശീയ നിയമപ്രകാരം ഹസീന സുരക്ഷിതമായി ആദ്യമെത്തിയ രാജ്യം തന്നെ അവർക്ക് അഭയം നല്‍കണമെന്ന നിലപാടാണ് ബ്രിട്ടൻ കൈ കൊണ്ടിരിക്കുന്നത്.
ബ്രിട്ടീഷ് സർക്കാർ ഹസീന വരുന്നതിന് വിസമ്മതം അറിയിച്ചതോടെ മറ്റേതെങ്കിലും രാജ്യങ്ങളെ സമീപിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഹസീന മുൻഗണന നല്‍കുന്നത് യൂറോപ്പ് ആണെന്നും തെക്കൻ യൂറോപ്പിലെ ഏതെങ്കിലും രാജ്യങ്ങളിലേക്ക് പോകാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നുമാണ് വിവരം.
ബംഗ്ലാദേശില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെട്ട് സ്വന്തം വ്യോമതാവളത്തില്‍ വന്നിറങ്ങാൻ വഴിയൊരുക്കിയ ഇന്ത്യക്ക് അവർക്ക് മറ്റൊരു രാജ്യം അഭയം നല്‍കും വരെ താല്‍കാലിക അഭയം നല്‍കേണ്ടി വരും. ഇതിനിടെ ഹിൻഡൻ വ്യോ lമതാവളത്തില്‍ നിന്ന് ഹസീനയെ രാത്രിയോടെ സുരക്ഷിതമായി ഒരു വീട്ടിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകള്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group