പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍; ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍

പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാള്‍ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കലാണ് ഈസ്റ്റർ.

അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ. ഈസ്റ്ററിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. ദുഃഖവെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. തിന്മയുടെയും അസത്യത്തിന്റെയും ജയം താല്‍ക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികള്‍ തേടാതെ കഷ്ടങ്ങള്‍ സഹിച്ചും സത്യത്തിനു വേണ്ടി നില നില്‍ക്കണം എന്നു‌മാണ് ഈസ്റ്റർ നല്‍കുന്ന സന്ദേശങ്ങള്‍. 51 ദിവസത്തെ നോമ്പാചരണത്തിൻ്റെ വിശുദ്ധിയോടെ ഈ ദിനത്തില്‍ ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍, ദിവ്യബലി, കുർബാന എന്നിവ നടത്തുന്നു.

ആദ്യ നൂറ്റാണ്ടില്‍ റോമിലെ ക്രിസ്ത്യാനികള്‍ ഈസ്റ്റർ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായർ എന്നായിരുന്നു. ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളില്‍ പാസ്ക്ക (Pascha) എന്ന പേരില്‍ ഈസ്റ്റർ ആചരിച്ചിരുന്നു. പാസ്ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തില്‍ നിന്നാണ് ഉരുവായത്. ഈ പാസ്ക്ക പെരുന്നാള്‍ പീഡാനുഭവും മരണവും ഉയിർപ്പും ചേർന്ന ഒരു സമഗ്ര ആഘോഷമായിരുന്നു.

നാലാം നൂറ്റാണ്ടു മുതല്‍ ദുഃഖവെള്ളി വേറിട്ട് ആഘോഷിച്ച്‌ തുടങ്ങി. ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്സോണിയന്മാർ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങള്‍ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റർ മാസം എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോള്‍ ഈസ്റ്റർ മാസത്തില്‍തന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റർ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാർവത്രികപ്രചാരം നേടുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group