ശക്തമായ വിമർശനത്തിനും കോടതി നടപടികള്‍ക്കുമിടെ പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രം മുന്നോട്ടുതന്നെ.
സി.എ.എയുടെ പേരില്‍ പുതിയ ആപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. CAA 2019 എന്ന പേരിലുള്ള ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിലും ലഭ്യമാണ്. ആപ്പ് വഴിയും പൗരത്വത്തിനായി അപേക്ഷിക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
മാർച്ച് 11നാണ് പൗരത്വ ഭേദഗതി നിയമം ഔദ്യോഗിക നിയമമാക്കി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. ഇതിനു പിന്നാലെ പൗരത്വത്തിന് അപേക്ഷിക്കാനായി ആഭ്യന്തര മന്ത്രാലയം പ്രത്യേക പോർട്ടല്‍ ലോഞ്ച് ചെയ്തിരുന്നു. indiancitizenshiponline.nic.in എന്ന പേരിലാണ് ഔദ്യോഗിക വെബ്‌സൈറ്റുള്ളത്.
1955ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് കേന്ദ്ര സർക്കാർ സി.എ.എ അവതരിപ്പിച്ചത്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് 2014നുമുൻപ് ഇന്ത്യയിലെത്തുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ വിഭാഗങ്ങളില്‍നിന്നുള്ളവർക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. 2016 ജൂലൈയിലാണ് ആദ്യമായി ബില്‍ ലോക്‌സഭയിലേത്തിയത്. 2019 ജനുവരി എട്ടിന് ലോക്‌സഭ പാസാക്കുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്ത് നിരവധി ഹരജികള്‍ സുപ്രിംകോടതിക്കുമുന്നിലുണ്ട്. 257 ഹരജികള്‍ ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ഇന്ന് കോടതി അറിയിച്ചിരുന്നു. കേസുകളില്‍ വിശദമായി വാദംകേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിം ലീഗ്, ഡി.വൈ.എഫ്.ഐ, രമേശ് ചെന്നിത്തല, എസ്.ഡി.പി.ഐ ഉള്‍പ്പെടെ സി.എ.എ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
എന്നാല്‍,, പൗരത്വം നല്‍കുന്നത് ചോദ്യംചെയ്യാൻ ഹരജിക്കാർക്ക് അവകാശമില്ലെന്നാണു കേന്ദ്ര സർക്കാർ കോടതിയില്‍ വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m