മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കൗണ്‍സില്‍ ഓഫ് ചർ‌ച്ചസ്

ഡോ. ഗീവർഗീസ് മാർ‌ കൂറിലോസിനെ അധിക്ഷേപിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെ വിമർശിച്ച്‌ കൗണ്‍സില്‍ ഓഫ് ചർ‌ച്ചസ്.

ഭരണാധികാരി ഏകാധിപതിയാകുന്നത് അപകടകരമെന്നും ചക്രവർത്തി നഗ്നനാണെങ്കില്‍ അത് വിളിച്ച്‌ പറയുക സമൂഹത്തിന്റെ ഉത്തരവാദിത്തമെന്നും കൗണ്‍സില്‍ ഓഫ് ചർച്ചസിന്റെ പ്രസ്താവനയില്‍ പറയുന്നു.

തിരുത്തുന്നതിന് പകരം വിമർശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വതയില്ലായ്മയാണെന്നും പണ്ട് നികൃഷ്ടജീവിയെന്ന് വിളിച്ചയാളുടെ സ്വഭാവം മാറിയിട്ടില്ലെന്നും കൗണ്‍സില്‍ ഓഫ് ചർച്ചസ് തുറന്നടിച്ചു.

പുരോഹിതരുടെ ഇടയിലും വിവരദോഷികളുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പ്രസ്താവന. ഇനിയുമൊരു പ്രളയമുണ്ടാകട്ടെയെന്നും പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റിയതെന്നുമാണ് ഒരു പുരോഹിതൻ പറഞ്ഞത് എന്നാണ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനത്തില്‍ പിണറായി വിജയൻ പറഞ്ഞത്. 600 വാഗ്ദാനങ്ങളില്‍ ചിലത് ഒഴിച്ച്‌ മറ്റെല്ലാം കഴിഞ്ഞ സർക്കാർ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

പിണറായി സർക്കാർ‌ ലോക്സഭയില്‍ പരാജയമേറ്റു വാങ്ങിയതിന് പിന്നാലെയാണ് സർക്കാരിനെയും ഇടതുപക്ഷത്തെയും വിമർശിച്ച്‌ ഡോ. ഗീവർഗീസ് മാർ‌ കൂറിലോസ് രംഗത്തെത്തിയത്. ധൂർത്ത് തുടർന്നാല്‍ ഇനിയും തിരിച്ചടിയുണ്ടാകുമെന്നും അധികാരത്തിലെത്താൻ വീണ്ടുമൊരു മഹാമാരിയും പ്രളയവും ഉണ്ടാകില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. തോല്‍വിയില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ പാർട്ടിക്ക് ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ ഓർമ്മിപ്പിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m