അനുദിന വിശുദ്ധർ: ഡിസംബർ 22- വിശുദ്ധ ഫ്രാൻസെസ്‌ സേവ്യർ കബ്രീനി (1850-1917)

Daily Saints December 22- St. Frances Xavier Cabrini (1850-1917)

1850-ൽ ഇറ്റലിയിലെ ലൊംബാർഡി എന്ന സ്ഥലത്താണ് കന്യകയായ വിശുദ്ധ ഫ്രാൻസെസ്‌ സേവ്യർ കബ്രീനി ജനിച്ചത്‌. പതിനെട്ട് വയസായപ്പോൾ കന്യാസ്ത്രീ ആകുവാൻ അവൾ ആഗ്രഹിച്ചെങ്കിലും, അനാരോഗ്യം അവളുടെ ആഗ്രഹ സാഫല്യത്തിന്‌ വിഘാതമായി. തന്റെ മാതാപിതാക്കളുടെ മരണം വരെ അവൾ അവരെ സഹായിച്ചു പോന്നു. അവരുടെ മരണത്തിന് ശേഷം തന്റെ സഹോദരീ-സഹോദരൻമാർക്കൊപ്പം കൃഷിയിടത്തിൽ ജോലി ചെയ്തു.

ഒരു ദിവസം ഒരു പുരോഹിതൻ പെൺകുട്ടികൾക്ക്‌ വേണ്ടിയുള്ള സ്കൂളിൽ പഠിപ്പിക്കാമോ എന്ന് അവളോടു ചോദിച്ചു. അത് സ്വീകരിച്ച വിശുദ്ധ അവിടെ 6 വർഷത്തോളം പഠിപ്പിച്ചു. പിന്നീട് അവളുടെ മെത്രാന്റെ നിർദ്ദേശപ്രകാരം, സ്കൂളുകളിലേയും, ആശുപത്രികളിലേയും പാവപ്പെട്ട കുട്ടികളെ പരിചരിക്കുവാനായി ‘മിഷനറി സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട്’ സന്യാസിനീ സഭ സ്ഥാപിച്ചു. ലിയോ പതിമൂന്നാമന്റെ അപേക്ഷപ്രകാരം വിശുദ്ധയും 6 കന്യാസ്ത്രീകളും ഇറ്റലിയിൽ നിന്നുമുള്ള കുടിയേറ്റകാർക്കിടയിൽ പ്രവർത്തിക്കുവാനായി അമേരിക്കയിലെത്തി.

ദൈവത്തിലുള്ള അഗാധമായ വിശ്വാസവും, അപാരമായ കാര്യശേഷിയുമുള്ള ഈ വിശുദ്ധ വനിത ആ അപരിചിത നാട്ടിൽ ധാരാളം സ്കൂളുകളും, ആശുപത്രികളും, അനാഥാലയങ്ങളും സ്ഥാപിച്ചു. ഈ സ്ഥാപങ്ങൾ ഇറ്റാലിയൻ കുടിയേറ്റക്കാർക്കാർക്കും, കുട്ടികൾക്കും, വളരെയേറെ അനുഗ്രഹപ്രദമായി. 1917 ഡിസംബർ 22ന് ഇല്ലിനോയിസിലെ ഷിക്കാഗോയിൽ വച്ച് വിശുദ്ധ മരിക്കുമ്പോൾ അവൾ സ്ഥാപിച്ച സഭക്ക്‌ ഇംഗ്ലണ്ട്, ഫ്രാൻസ്‌, സ്പെയിൻ, യുനൈറ്റഡ്‌ സ്റ്റേറ്റ്‌സ്, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലായി നിരവധി സന്യാസിനീ മഠങ്ങളും, സ്ഥാപനങ്ങളും സ്ഥാപിക്കപ്പെട്ടിരുന്നു. 1946-ൽ പിയൂസ്‌ പന്ത്രണ്ടാമൻ മാർപാപ്പാ ഫ്രാൻസെസ്‌ സേവ്യർ കബ്രീനിയെ വിശുദ്ധയായി പ്രഖ്യാപിച്ചു. അമേരിക്കൻ പൗരത്വമുള്ളവരിൽ നിന്നും വിശുദ്ധപദവി ലഭിച്ച ആദ്യ വിശുദ്ധ എന്ന ഖ്യാതിയും ഫ്രാൻസെസ്‌ സേവ്യർ കബ്രീനിയ്ക്കുണ്ട്. കുടിയേറ്റക്കാരുടെ മധ്യസ്ഥയായി വിശുദ്ധ ആദരിക്കപ്പെടുന്നു.

വിചിന്തനം: ”തെറ്റ് എത്ര ലഘുവായിരുന്നാൽപോലും തെറ്റിലകപ്പെട്ട ഓരോ പ്രാവശ്യവും എന്തെങ്കിലും പ്രായശ്ചിത്തം ഞാൻ സ്വമേധയാ ചെയ്യും” -വി. അൽഫോൽസാ.

ഇതരവിശുദ്ധർ:

  1. അമാസ്വിന്തൂസ് (+982)
  2. ചേരെമോണും കൂട്ടരും (+250) രക്തസാക്ഷികൾ
  3. ദെമിത്രിയൂസും കൂട്ടരും രക്തസാക്ഷികൾ
  4. ഫ്‌ളാവിയൻ (+362) രക്തസാക്ഷി
  5. ഹെങ്കെർ (+866) യുടെക്ടിലെ മെത്രാൻ
  6. സെനോ (+303) നിക്കദോമിയായിലെ രക്തസാക്ഷി സെനോ (284-303)

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group