അനുദിന വിശുദ്ധർ : ഡിസംബർ 27- വിശുദ്ധ യോഹന്നാൻ ശ്ലീഹാ

Daily Saints : December 27- Saint St. John the Apostle

ബെത്ത്സയിദക്കാരനായ സെബദിയുടെയും സലോമിയുടെയും ഇളയ മകനാണ് യോഹൻന്നാൻ. അദ്ദേഹവും ജേഷ്ടൻ വലിയ യാക്കോബും വി. പത്രോസിനെപ്പോലെ സ്നാപക യോഹന്നനാന്റെ ശിഷ്യൻമ്മാരായിരുന്നു. ഒടുക്കത്തെ അത്താഴത്തിൽ ഈശോയുടെ മാറിൽ ചാരിക്കിടന്നിരുന്ന അവിടുത്തെ സ്രേഷ്ട ശിഷ്യനായിരുന്നു യോഹന്നാൻ. ഈശോ മറുരൂപപ്പെട്ടപ്പോഴും യായിറോസിന്റെ പുത്രിയെ ഉയർപ്പിച്ചപ്പോഴും ഗെത്തസെമയിൽ ചോരവിയർത്തു പ്രാർഥിച്ചപ്പോഴും യോഹന്നാൻ പത്രോസിനോടും യാക്കോബിനോടുമൊപ്പം സന്നഹിതനായിരുന്നു. ഈശോ മരണനേരത്തു തന്റെ കന്യകയായ അമ്മയെ ഏൽപ്പിച്ചത് ബ്രഹ്മചാരിയായ യോഹന്നാനെയാണ്.

52-മത്തെ ആണ്ടുവരെ യോഹന്നാൻ ജെറുസലേമിൽത്തന്നെ താമസിച്ചു. പിന്നീട് അദ്ദേഹം എഫേസൂസിലേക്കു പോയെന്നും അവിടെവെച്ചു മരിച്ചുവെന്നുമാണ് പാരമ്പര്യം. അതിനിടയ്ക്ക് 95-ആം ആണ്ടിൽ കുറേക്കാലം പത്മോസ്സിൽ വിപ്രവാസമായിക്കഴിഞ്ഞു. വിപ്രവാസത്തിനുമുമ്പ് ഡൊമീഷ്യൻ ചക്രവർത്തിയുടെ ആജ്ഞാനുസാരം അദ്ദേഹത്തെ തിളയ്ക്കുന്ന എണ്ണയിലിട്ട് വറത്തുനോക്കിയെങ്കിലും അത്ഭുലതകരമാം വിധം ശ്ലീഹാ സംരക്ഷിക്കപ്പെട്ടുവെന്ന് ടെർടൂലൈൻ പറയുന്നു.

പീഡാനുഭവ സമയത്ത് ഭയന്നു വിറച്ച് എല്ലാ അപ്പസ്‌തോലന്മാരും ഓടിരക്ഷപെട്ടപ്പോഴും ക്രിസ്തുവിനെ അനുഗമിച്ച ഒരേയൊരു ശിഷ്യൻ യോഹന്നാൻ മാത്രമായിരുന്നു. ക്രിസ്തുവിന്റെ ശരീരം കുരിശിൽ നിന്നിറക്കിയതും ദൈവജനനിയുടെ മടിയിൽ കിടത്തിയതും പിന്നീട് സംസ്‌കരിച്ചതുമെല്ലാം ഈ ശിഷ്യന്റെ സാന്നിധ്യത്തിലായിരുന്നു.

വി. ഗ്രന്ഥത്തിലെ നാലാമതു സുവിശേഷവും മൂന്നു ലേഖനങ്ങളും വെളിപാടും ഈ പ്രിയ ശിഷ്യന്റേതാണ്. സുവിശേഷത്തിൽ, ശ്ലീഹാ തന്നെപ്പറ്റി പ്രസ്താവിക്കുന്ന അവസരങ്ങളിൽ ‘ഈശോ സ്‌നേഹിച്ചിരുന്ന ശിഷ്യൻ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വിശേഷണം അദ്ദേഹം പല പ്രാവശ്യം ആവർത്തിക്കുന്നുണ്ട്. മറ്റുള്ളവരേക്കാൾ തനിക്കു പ്രാധാന്യം നൽകുന്നതിനല്ല മറിച്ച്, ദിവ്യഗുരുവിനോടുള്ള നിഷ്‌കളങ്കമായ സ്‌നേഹാദരങ്ങളും കൃതജ്ഞതയും പ്രദർശിപ്പിക്കുവാൻ വേണ്ടിയാണ് അദ്ദേഹം ഇപ്രകാരം ചെയ്തത്. യേശുവിന്റെ ഉത്ഥാനശേഷം വി. പത്രോസ് ദൈവാലയാങ്കണത്തിൽ വച്ച് മുടന്തനെ സുഖപ്പെടുത്തിയപ്പോൾ വി. യോഹന്നാനും ഉണ്ടായിരുന്നു. ഇവരെ ഒരുമിച്ചാണ് യഹൂദന്മാർ കാരാഗൃഹത്തിലടച്ചത്.

ഗാഗുൽത്താ മലയിൽ വച്ച് തനിക്ക് അമ്മയായി നൽകപ്പെട്ട മറിയത്തെ ശുശ്രൂഷിക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നതുകൊണ്ടാണ് ശ്ലീഹായെ വളരെക്കാലത്തേയ്ക്കു പ്രേഷിതരംഗത്ത് കാണാതിരുന്നത്. എങ്കിലും ഇതിനിടെ ക്രിസ്തുമത പ്രചരണത്തിനായി പല സ്ഥലങ്ങളിലും അദ്ദേഹം പോയിരുന്നു. പാർത്തിയാ ആയിരുന്നു അദ്ദേഹത്തിന്റെ പ്രേഷിതപ്രവൃത്തിയുടെ പ്രധാനരംഗമെന്നു വിശ്വസിക്കുന്നു. ദൈവമാതാവിന്റെ സ്വർഗ്ഗാരോഹണം വരെ വി. യോഹന്നാൻ ജറുസലേമിൽ വസിച്ചുവെന്നാണ് പൊതുവേയുള്ള അഭിപ്രായം.

അനന്തരം ഏഷ്യാ മൈനറിലെത്തിയ ശ്ലീഹാ എഫേസൂസ് ആസ്ഥാനമാക്കി പ്രേഷിതപ്രവർത്തി തുടർന്നു. ഇവിടെ വിശുദ്ധൻ അനവധി അത്ഭുതങ്ങൾ പ്രവർത്തിക്കുകയും അനേകരെ മാനസാന്തരപ്പെടുത്തുകയും ധാരാളം ദൈവാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ക്രിസ്തുവർഷം 95-ൽ ഡൊമീഷ്യൻ നടത്തിയ മതപീഡനത്തിൽ ശ്ലീഹാ ബന്ധിക്കപ്പെടുകയും ക്രൂരമായി ചമ്മട്ടികളാൽ അടിക്കപ്പെട്ടശേഷം തിളച്ച എണ്ണയിൽ കിടത്തി വധിക്കുവാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന് യാതൊരു ഉപദ്രവവും ഏറ്റില്ലെന്നു കണ്ട ഡെമീഷ്യൻ ശ്ലീഹായെ വീണ്ടും പീഡിപ്പിക്കാൻ ധൈര്യപ്പെടാതെ അദ്ദേഹത്തെ പാത്മോസ് എന്ന ദ്വീപിലേയ്ക്കു നാടു കടത്തി. അവിടെ വച്ചാണ് ‘വെളിപാടുകൾ’ എന്ന ഗ്രന്ഥം ശ്ലീഹാ എഴുതിയത്. ക്രിസ്തുവർഷം നൂറിൽ, അതായത് ക്രിസ്തുവിന്റെ മരണത്തിനുശേഷം അറുപത്തിയാറു വർഷങ്ങൾ കഴിഞ്ഞാണ് ശ്ലീഹാ മരിച്ചതെന്നു വി. എവുസേിയസ് രേഖപ്പെടുത്തിയിട്ടുണ്ട്.

വിചിന്തനം: “താൻ ദൈവത്തെ സ്നേഹിക്കുവെന്ന് പറയുകയും അതേസമയം സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവൻ അസത്യമത്രെ പറയുന്നത്. ദൃശ്യനായ സഹോദരനെ സ്നേഹിക്കാത്തവന് അദൃശ്യനാനായ ദൈവത്തെ സ്നേഹിക്കാൻ കഴിയുന്നതെങ്ങനെ?” – (1. യോഹന്നാൻ 4 :20 )

ഇതരവിശുദ്ധർ :

  1. ഫബിയോളാ (400)
  2. മാക്‌സിമൂസ്(+282)
  3. നിക്കറേത്ത് (+405)
  4. തെയഡോർ (+841)/
  5. തെയോഫെറസ്സ് (+845)

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group