സുഗതകുമാരിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് കത്തോലിക്ക സഭ

Catholic Church extends condolences on poetess Sugathakumari’s death

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ വേർപാടിൽ കത്തോലിക്ക സഭയുടെ അനുശോചനം. മനുഷ്യത്വത്തിന്റെയും മാതൃത്വത്തിന്റെയും ദീപസ്തംഭമായ സുഗതകുമാരി ടീച്ചർ സാമൂഹികപരിസ്ഥിതി പ്രവർത്തക എന്ന നിലയിൽ കേരളത്തിൽ സജീവ സാന്നിധ്യമായിരുന്നുവെന്ന് കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി, പ്രകൃതിയോടും മനുഷ്യനോടുമുള്ള അഗാധ സ്നേഹത്താൽ കാരുണ്യത്തിന്റെ ഉറവയായി ഒരു കാലഘട്ടത്തെയൊന്നാകെ ജലാർദ്രമാക്കിയ കവയിത്രി, വറ്റിപ്പോകുന്ന അരുവികളെക്കുറിച്ചും വറ്റിപ്പോകുന്ന സ്നേഹത്തെക്കുറിച്ചും തരിശാക്കപ്പെടുന്ന പച്ചപ്പിനെക്കുറിച്ചും നിരന്തരം കേണുകൊണ്ട് കവിതയിലൂടെയും സ്വജീവിതത്തിലൂടെയും പോരാടിയ സ്ത്രീത്വം, നിന്ദിതർക്കും പീഡിതർക്കും അഭയമായ അത്താണി: ഇതായിരുന്നു മലയാളിക്കു സുഗതകുമാരി ടീച്ചറെന്നും കർദ്ദിനാൾ പറഞ്ഞു.

മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയും അനുശോചനം രേഖപ്പെടുത്തി. മലയാളി സമൂഹത്തിന് മാതൃസ്ഥാനീയയായിരുന്നു സുഗതകുമാരി. സാഹിത്യ ലോകത്തിന് അവർ നൽകിയ സംഭാവന വളരെ വലുതാണ്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശസംരക്ഷണത്തിൽ പ്രത്യേകം ശ്രദ്ധവച്ചു. അതിനായി അഭയ പോലുള്ള സ്ഥാപനങ്ങൾ ആരംഭിച്ചു. കേരളത്തിന്റെ ഹരിതാഭ സംരക്ഷിക്കുവാൻ വലിയ പോരാട്ടങ്ങൾ നടത്തി. പ്രകൃതിയുടെ സംരക്ഷണത്തിൽ ഏറെ ശ്രദ്ധ പുലർത്തി. മതമൈത്രി എന്നും സുഗതകുമാരിയുടെ ആഭിമുഖ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. സുഗതകുമാരിയുടെ വേർപാടിൽ ദുഃഖവും അനുശോചനവും ബാവ അറിയിച്ചു.

സുഗതകുമാരിയുടെ വിയോഗത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രകൃതിയോടും മനുഷ്യരോടും കരുണയും സ്‌നേഹവും എന്നും ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ടീച്ചറിന്റെ നിര്യാണം പ്രകൃതിക്കും മനുഷ്യസമൂഹത്തിനും അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. മദ്യവിരുദ്ധ സമിതിയിലും ശാന്തിസമിതിയിലും സജീവ സാന്നിധ്യമായിരുന്ന സുഗതകുമാരി ടീച്ചറിന്റെ അകാലനിര്യാണം ഈ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഏവരിലും ഒരു വഴികാട്ടിയുടെയും അമ്മയുടെയും ആത്മാർഥ സുഹൃത്തിന്റെയും നഷ്ടബോധം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group