സെപ്റ്റംബർ 11: വിശുദ്ധ പഫ്നൂഷിയസ്‌

ആദ്യകാല ജീവിതത്തെക്കുറിച്ച് യാതൊരു രേഖകളും വിശുദ്ധനെക്കുറിച്ച് നിലവിലില്ല. എന്നാല്‍ അറിവായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തന്റെ കാലഘട്ടത്തിലെ മറ്റ് അനേകം യുവാക്കളെപ്പോലെ പഫ്നൂഷിയസും, ഒരു സന്യാസസമൂഹത്തെ നയിക്കുകയും, ആശ്രമജീവിത സമ്പ്രദായത്തിന് തുടക്കമിടുകയും ചെയ്ത ഒരാളാണ്. വിശുദ്ധ അന്തോനീസിന്റെ മേല്‍നോട്ടത്തില്‍ നിരവധി വര്‍ഷങ്ങള്‍ കര്‍ക്കശമായ സന്യാസ ചര്യകള്‍ പാലിച്ചുകൊണ്ട് ജീവിച്ചതിനു ശേഷം, കാലക്രമേണ പഫ്നൂഷിയസ്‌ തെബൈഡിന്റെ ഉന്നത പ്രദേശങ്ങളിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു.

305 – 313 കാലയളവില്‍ റോമന്‍ സാമ്രാജ്യത്തിന്റെ ഈജിപ്തിലേയും, സിറിയയിലേയും ഭരണാധികാരിയായിരുന്ന മാക്സിമിനൂസ് ദയ്യയും വിശുദ്ധനും തമ്മില്‍ ശക്തമായ വാഗ്വാദങ്ങളുണ്ടായി. ആ പ്രദേശങ്ങളില്‍ മാക്സിമിനൂസ് ക്രിസ്ത്യാനികള്‍ക്കെതിരെ മതമര്‍ദ്ദനം അഴിച്ചുവിട്ടു. ക്രിസ്തുമതത്തെ ഇല്ലാതാക്കുവാന്‍ വിജാതീയരുടെ പ്രവര്‍ത്തികളെ ശക്തിപ്പെടുത്തി കൊണ്ടിരുന്ന കാലമായിരുന്നു അത്. ക്രൂരനായ ഭരണാധികാരിയുടെ ഭരണത്തിന്‍ കീഴില്‍ പഫ്നൂഷിയസിന്റെ കത്തോലിക്കാ വിശ്വാസത്തെ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. ഈ ശ്രമങ്ങളില്‍ വിശുദ്ധന്റെ ഇടത് കാലിന് അംഗഭംഗം വരുത്തുകയും, വലത് കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്തുവെങ്കിലും അവരുടെ ശ്രമങ്ങള്‍ക്ക് വിജയം കണ്ടില്ല.

ക്രൂരമായ ഈ പീഡനങ്ങള്‍ കൊണ്ട് വിശുദ്ധന്റെ വിശ്വാസത്തെ തടയുവാന്‍ സാധ്യമല്ല എന്ന് കണ്ടതിനാല്‍ ഖനികളില്‍ കഠിനമായ ജോലിചെയ്യുവാന്‍ അദ്ദേഹത്തെ നിയോഗിക്കുകയാണ് ഉണ്ടായത്. 311നും 313നും ഇടക്ക് ക്രിസ്തുമതത്തിന് നേരെയുള്ള ഭരണാധികാരികളുടെ മനോഭാവത്തില്‍ മാറ്റം കണ്ടു തുടങ്ങി. 312-ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിക്കുകയും അടുത്ത വര്‍ഷം തന്നെ ക്രിസ്തുമതം നിയമവിധേയമാക്കുകയും ചെയ്തു. ഇതിനിടയില്‍ മാക്സിമിനൂസ് ദയ്യ മരണപ്പെട്ടു.

മതപീഡനത്തെ അതിജീവിച്ച വിശുദ്ധ പഫ്നൂഷിയസിനെ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി വളരെയേറെ ആദരവോടെയാണ് കണ്ടിരുന്നത്. തെബൈഡിന്റെ ഉന്നത പ്രദേശങ്ങളിലെ മെത്രാനായിരുന്ന പഫ്നൂഷിയസുമായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി നിരന്തരം കൂടിക്കാഴ്ച നടത്തിയിരുന്നതായി പറയപ്പെടുന്നു. വിശുദ്ധന്റെ കണ്ണ് നഷ്ടപ്പെട്ട മുറിവില്‍ ചുംബിച്ചുകൊണ്ടായിരുന്നു ചക്രവര്‍ത്തി തന്റെ ബഹുമാനം കാണിച്ചത്. അരിയാനിസമെന്ന പാഷണ്ഡതയെ എതിര്‍ക്കുവാനായി വിളിച്ചു കൂട്ടിയ ആദ്യത്തെ സഭാസമ്മേളനത്തിലും വിശുദ്ധന്‍ പങ്കെടുത്തിട്ടുണ്ട്.

നിസിയ സഭാ സമ്മേളനത്തിനു ശേഷം ഉടലെടുത്ത സൈദ്ധാന്തികമായ ആശയകുഴപ്പങ്ങളില്‍ യേശുവിന്റെ എന്നെന്നും നിലനില്‍ക്കുന്ന അസ്ഥിത്വത്തെ വിശുദ്ധന്‍ ഉയര്‍ത്തിപ്പിടിച്ചു. അങ്ങനെ അലെക്സാണ്ട്രിയായിലെ വിശുദ്ധ അത്തനാസിയൂസിനും മറ്റ് സഭാ നേതാക്കള്‍ക്കും ഒപ്പം നിന്നുകൊണ്ട് യാഥാസ്ഥിതിക ക്രിസ്തീയതയെ സംരക്ഷിക്കുകയാണ് അദ്ദേഹം ചെയ്തത്. 335-ല്‍ പഫ്നൂഷിയസ് ഈജിപ്തിലെ ഒരു വലിയ മെത്രാന്‍ സമൂഹത്തോടൊപ്പം ട്ടൈറിലെ പ്രാദേശിക സഭാ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി. വിശുദ്ധ പഫ്നൂഷിയസ് ജനിച്ച ദിവസത്തേപ്പോലെ തന്നെ അദ്ദേഹം മരണപ്പെട്ട ദിവസത്തേക്കുറിച്ചും യാതൊരറിവുമില്ല


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group