മലയോര ജനതയോട് നീതി പാലിക്കുക: കെസിവൈഎം മാനന്തവാടി രൂപത

വയനാട് -മുട്ടിൽ വില്ലേജിൽ നടന്ന അനധികൃതമായ മരംമുറിയുടെ സത്യം തെളിയിക്കാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെസിവൈഎം മാനന്തവാടി രൂപത.മലയോര ജനതയെ ആശങ്കയിലാഴ്ത്തി ബഫർ സോൺ കരട് വിജ്ഞാപനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഒത്താശയോടെ ഈ കൊള്ള നടന്നത്. വയനാട്ടിൽ നിന്ന് 250ൽ അധികം കിലോമീറ്റർ ദൂരമുള്ള എറണാകുളത്തേക്ക് 10 കോടിയോളം രൂപ വിലവരുന്ന മരങ്ങൾ എങ്ങനെ കടത്തപ്പെട്ടു എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സ്വന്തം പറമ്പിലെ മരത്തിന്റെ കൊമ്പ് മുറിച്ചാൽ വനനശീകരണം എന്നപേരിൽ കേസെടുക്കുന്ന ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഈ പകൽക്കൊള്ള നടന്നിരിക്കുന്നത് എന്നത് അതീവ വേദനാജനകമാണ്. മണ്ണിനോടും, വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും സന്ധിയില്ലാതെ പൊരുതുന്ന കർഷക ജനതയുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന നിലപാടാണിതെന്ന് കെസിവൈഎം വിലയിരുത്തി. ഈ പ്രവർത്തിയ്ക്ക് കൂട്ടുനിന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, ഇതിനായി ജുഡീഷ്യൽ അന്വേഷണം ഉടൻ തന്നെ ആരംഭിക്കണമെന്നും, കെസിവൈഎം മാനന്തവാടി രൂപത സമിതി അടിയന്തര സെക്രട്ടറിയേറ്റ് മീറ്റിംഗിൽ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group