മാർപ്പാപ്പയുടെ സന്ദേശത്തെ തിരസ്കരിക്കരുത്

ഫ്രാൻസിസ് പാപ്പ പറയുന്നു: “സമൂഹത്തിന്റെ മാതൃകകളും കൂട്ടായ്മയുടെ യഥാർത്ഥ ഗുരുക്കന്മാരും ആയിരിക്കേണ്ട ചിലർ, പ്രത്യേകിച്ച് വൈദികർ, സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിർക്കാനും വർഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം. സഹോദരീ സഹോദരന്മാരേ, അവരെ പിന്തുടരരുത്!”

എറണാകുളം അങ്കമാലി അതിരൂപത കേന്ദ്രീകരിച്ച് രൂപപ്പെട്ട വിവാദ പരമ്പരകൾ നിർണ്ണായകമായ ഒരു വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. സിറോമലബാർ സഭയ്ക്കും അതിരൂപതയ്ക്കും പുതിയ നേതൃത്വത്തെ ലഭിക്കുന്നതോടൊപ്പം, പ്രശ്നപരിഹാരത്തിനുള്ള സുവർണ്ണാവസരംകൂടിയാണ് മുന്നിലെത്തിയിരിക്കുന്നത്. ഇതുവരെയുണ്ടായ ദൗർഭാഗ്യകരമായ സംഭവവികാസങ്ങളിൽ ദുഃഖിതനായ ഫ്രാൻസിസ് മാർപ്പാപ്പ പിതൃ തുല്യമായ വാത്സല്യത്തോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ദൈവജനങ്ങളോട് സംസാരിച്ചിരിക്കുന്നു.

ഫ്രാൻസിസ് പാപ്പ പറയുന്നു: “അസാധാരണമായ രീതിയിലാണ് ഞാൻ ഇത് ചെയ്യുന്നത്, കാരണം മാർപ്പാപ്പ എന്താണ് ചിന്തിക്കുന്നതെന്ന് ഇനിയാർക്കും സംശയം വരാൻ ഇടയാകരുത്.”

പരിശുദ്ധാത്മാവിന്റെ സ്വരമാണ് പരിശുദ്ധ പാപ്പയിലൂടെ ശ്രവിച്ചത് എന്ന് തിരിച്ചറിയേണ്ട സമയമാണിത്. മാധ്യമങ്ങളിലൂടെയും, യൂട്യൂബ് ചാനലുകളിലൂടെയും, മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയും വെറുപ്പിന്റെയും ഭിന്നതയുടെയും സന്ദേശങ്ങൾ ഇടതടവില്ലാതെ പ്രചരിപ്പിച്ചുകൊണ്ടിരുന്നവരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികൾ തിരിച്ചറിയണം. വിവേകത്തോടെ പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തപക്ഷം സഭാഗാത്രത്തിൽനിന്ന് വേർപെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും എന്ന മുന്നറിയിപ്പാണ് പാപ്പ നൽകുന്നത്.

ഫ്രാൻസിസ് പാപ്പ പറയുന്നു: “എല്ലാ സഹോദരീസഹോദരന്മാരെയും വിശ്വാസത്തിലും സഭൈക്യത്തിലും ഉറപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന പത്രോസിന്റെ പിൻഗാമിയുമായും നിങ്ങളുടെ ഇടയന്മാരുമായും നിങ്ങൾ സഹകരിക്കാത്തതു കാരണം നിങ്ങളുടെ ചുമതലപ്പെട്ട സഭാധികാരികൾ നിങ്ങൾ സഭയ്ക്ക് പുറത്തു പോകുന്നത് സാക്ഷ്യപ്പെടുത്തുന്ന നിർബന്ധിത സാഹചര്യം സൃഷ്ടിക്കാതിരിക്കുക. അങ്ങനെവന്നാൽ, ഉചിതമായ സഭാനടപടികൾ, അത്യധികം വേദനയോടെ, എടുക്കേണ്ടതായി വരും. അതിലേക്കെത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

സിറോമലബാർ സഭയുടെ ചരിത്രത്തിൽ ഒരു കറുത്ത അധ്യായം എഴുതിച്ചേർക്കപ്പെടാതിരിക്കട്ടെ.

കടപ്പാട് :the Vigilant Catholic


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group