മുനമ്പം ഇനി ആവർത്തിക്കരുത്

മുനമ്പം – ചെറായി ഭാഗത്തെ നിർദ്ധനരായ ജനങ്ങൾ ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചു പോന്നതും അപ്രകാരമായിരുന്നിട്ടും ഒരിക്കൽ കൂടിയ വിലകൊടുത്തു വാങ്ങേണ്ടി വന്നതുമായ ഭൂമി വഖഫ് നിയമത്തിന്റെ മറവിൽ കൈവശപ്പെടുത്താനുള്ള വഖഫ് ബോർഡിന്റെ ഇപ്പോഴത്തെ നീക്കം കടുത്ത അനീതിയാണ്. അന്നത്തെ ആ പ്രദേശത്തെ ഭൂമിവിലയുടെ രണ്ടര മടങ്ങ് അധികം വിലയിട്ട് 1989 മുതൽ 1993 വരെയുള്ള കാലഘട്ടത്തിൽ ഈ ഭൂമി വിൽപ്പന നടത്തിയ ഫാറൂഖ് കോളേജിന്റെ മാനേജ്മെന്റ് സമ്പാദിച്ച പണത്തിനോ, പ്രസ്തുത പണം ഉപയോഗിച്ച് എവിടെയെങ്കിലും ഭൂമി സമ്പാദിച്ചിട്ടുണ്ടെങ്കിൽ ആ ഭൂമിക്കോ ആണ് വഖഫ് ബോർഡ് യാഥാർത്ഥത്തിൽ അവകാശം ഉന്നയിക്കേണ്ടത് എന്ന ജനങ്ങളുടെ നിരീക്ഷണം ശ്രദ്ധേയമാണ്. ഒന്നര നൂറ്റാണ്ടായി അതേ ഭൂമിയിൽ ജീവിച്ചുപോരുന്ന ഒരു ജനതയ്‌ക്കെതിരെയും രാജ്യത്തിന്റെ നിയമപ്രകാരം നടന്ന ഒരു ക്രയവിക്രയത്തിനെതിരെയും വർഷങ്ങൾക്ക് ശേഷം ദുരൂഹമായ രീതിയിൽ അവകാശം ഉന്നയിക്കുന്നത് അന്യായമാണ്.

മുനമ്പത്തെ ജനങ്ങളുടെ അവസ്ഥ കേരള മനസാക്ഷിയെ ഉണർത്തേണ്ടതാണ്. കേരള സർക്കാരിന്റെ നിഷ്ക്രിയാവസ്ഥയും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമ ഭേദഗതിയെ എതിർക്കാൻ അടിയന്തരമായി നയരൂപീകരണം നടത്തിയ സംസ്ഥാന സർക്കാർ എന്തുകൊണ്ട് നിലവിലെ വഖഫ് നിയമത്തിലെ ചില വകുപ്പുകളാൽ വേട്ടയാടപ്പെടുന്ന മുനമ്പം നിവാസികളെ കണ്ടില്ലെന്ന് നടിക്കുന്നു? എന്തുകൊണ്ട് അവിടെ നടക്കുന്ന നീതിനിഷേധങ്ങളിൽ ഇടപെടാൻ മടികാണിക്കുന്നു?

മുസ്ലീം മതസമൂഹത്തോട് ബന്ധപ്പെട്ട ഒരു സംവിധാനം, ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ഇത്തരത്തിൽ അസ്വസ്ഥപ്പെടുത്തുന്നതിലൂടെ എന്ത് നേട്ടമാണ് ഉണ്ടാക്കുന്നത്? തങ്ങളുടെ സമുദായക്കാർ ആരും ആ പ്രദേശത്ത് ഇല്ല എന്നുള്ളതിനാലാണോ യാതൊരു സാമൂഹ്യനീതിബോധവും കൂടാതെ മതസ്പർദ്ധയ്ക്ക്പോലും കാരണമാകുന്ന തരത്തിലുള്ള പെരുമാറ്റം ചിലരിൽ നിന്നും ഉണ്ടാകുന്നത്? വഴിമുട്ടിയ പാവപ്പെട്ട ജനതയുടെ നിലവിളിക്കും കണ്ണീരിനും ഈ പരിഷ്കൃത സമൂഹത്തിൽ ഒരു വിലയുമില്ലേ? ബഹുസ്വരതയ്ക്ക് ഗൗരവതരമായ ഭീഷണികൾ സൃഷ്ടിക്കുന്ന ഇത്തരം നീക്കങ്ങൾക്ക് തടയിടാൻ മുസ്ലീം സമുദായത്തിലെ ബഹുമാന്യരായ ആത്മീയ – സമുദായ നേതാക്കന്മാർക്ക് സാധിക്കുകയില്ലേ?

നിലവിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന വഖഫ് നിയമ ഭേദഗതിയെക്കുറിച്ച് മുസ്ലീം സംഘടനകൾ ഉന്നയിക്കുന്ന പരാതികളും പരിഭവങ്ങളും ഗവൺമെന്റ് ഗൗരവപൂർവ്വം പരിഗണിക്കേണ്ടത് തന്നെയാണ്. മതങ്ങൾക്കുള്ള ഭരണഘടനാനുസൃതമായ അവകാശങ്ങളുടെ നിഷേധം ഇവിടെ സംഭവിക്കാൻ പാടില്ല. അതസമയം തന്നെ, മുനമ്പം – ചെറായി ഭാഗത്ത് സംഭവിക്കുന്നതുപോലുള്ള നീക്കങ്ങൾ രാജ്യത്ത് ഒരിടത്തും ഇനി ഒരിക്കലും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ഗവൺമെന്റ് സ്വീകരിക്കേണ്ടതുമുണ്ട്. പൊതുജന ജീവിതത്തെ ദുഃസഹമാക്കുന്ന, പൗരന്മാരുടെ മൗലിക അവകാശങ്ങളെ വെല്ലുവിളിക്കുന്ന, മാനുഷിക പരിഗണനയക്ക്പോലും പ്രാധാന്യം നൽകാത്ത സംവിധാനങ്ങൾ – ഏതു നിയമത്തിന്റെ പേരിലായാലും – തിരുത്തപ്പെടണം. മുനമ്പത്ത് ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിക്ക് സമാനമായ നീക്കങ്ങൾ ഇനി ഒരിക്കലും ഇന്ത്യയിൽ എവിടെയും ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾക്ക് സർക്കാർ മുന്നോട്ട് വരണം. പൊതുജനത്തിന്റെ സ്വത്തിനും മൗലിക അവകാശങ്ങൾക്കും രാജ്യത്തിന്റെ മതേതരത്വത്തിനും വെല്ലുവിളിയായി മാറിയേക്കാവുന്ന ചട്ടങ്ങളും നിയമങ്ങളും നീക്കംചെയ്ത് ഇപ്പോൾ ഉയർന്നിരിക്കുന്ന ആശങ്കകൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തിയേ തീരൂ. ഇനി ഒരിടത്തും മുനമ്പം ആവർത്തിക്കരുത്.

കടപ്പാട് : KCBC ജാഗ്രത കമ്മീഷൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group