‘ഇന്‍തിഫാദ’ എന്ന പേര് ഉപയോഗിക്കരുത്; ബാനറുകളിലും പോസ്റ്റുകളിലും പാടില്ലെന്ന് ഉത്തരവ്

കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ പേര് ‘ഇന്‍തിഫാദ’ എന്നത് മാറ്റാന്‍ നിര്‍ദേശം. പോസ്റ്റര്‍, സോഷ്യല്‍ മീഡിയ, നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇന്‍തിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് സര്‍വകലാശാല വിസി ഉത്തരവിട്ടു.

കേരള സര്‍വകലാശാല യൂണിയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് വിസിയുടെ നിര്‍ദേശം.

ഇന്‍തിഫാദ എന്ന പേര് സമുദായ ഐക്യം തകര്‍ക്കുമെന്ന് കാണിച്ച്‌ പരാതി ഉയര്‍ന്നിരുന്നു. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് വിസിയുടെ നടപടി. ഈ മാസം 7 മുതല്‍ 11 വരെ നടക്കുന്ന കേരള സര്‍വകലാശാല കലോത്സവത്തിനാണ് ഇന്‍തിഫാദ എന്ന പേരിട്ടത്. പേരിട്ടതിനെ ചോദ്യം ചെയ്ത് നിലമേല്‍ എന്‍എസ്‌എസ് കോളജ് വിദ്യാര്‍ഥി ആശിഷ് എഎസ് ആണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട സിംഗിള്‍ ബെഞ്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, കേരള സര്‍വകലാശാല എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. വൈസ് ചാന്‍സലര്‍ക്ക് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് നല്‍കാനും നിര്‍ദേശം നല്‍കിയിരുന്നു.

അറബി പദമായ ഇന്‍തിഫാദക്ക് തീവ്രവാദവുമായും പലസ്തീന്‍-ഇസ്രയേല്‍ യുദ്ധവുമായി ബന്ധമുണ്ടെന്നാണ് ഹര്‍ജിയിലെ വാദം. കലോത്സവത്തിന് ഈ പേര് നല്‍കരുതെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം പേര് മാറ്റില്ലെന്ന തീരുമാനവുമായാണ് സര്‍വകലാശാല യൂണിയന്‍ മുന്നോട്ട് പോകുന്നത്. ഫ്ലക്സും പ്രചാരണ ബോര്‍ഡുകളുമൊന്നും മാറ്റിയിട്ടില്ല. പലസ്തീന്‍ ജനതയുടെ പ്രതിരോധം എന്ന നിലയ്ക്കാണ് പേരിട്ടതെന്നാണ് വിശദീകരണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m