മലയാളം ഫോണ്ടുകളുടെ പിതാവ് ഫാദർ ജോർജ് പ്ലാശേരി CMI ഓർമ്മയായി.

മലയാളം കമ്പ്യൂട്ടർ ഫോണ്ടുകളുടെ പിതാവ് ഒരു വൈദികനായിരുന്നു എന്നത് ആ ഫോണ്ടുകൾ ഉപയോഗിക്കുന്ന ഒരു മലയാളിക്കും അറിയില്ല എന്നതാണ് സത്യം

90കളുടെ പകുതിയോടുകൂടി രൂപംകൊണ്ട വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ലോകത്തുണ്ടാക്കിയ വിവരസാങ്കേതികവിദ്യ വിപ്ലവത്തിലേക്ക് മലയാള ഭാഷയെ കൈപിടിച്ച് കയറ്റിയത് മലയാളം കമ്പ്യൂട്ടർ അക്ഷരങ്ങളുടെ പിതാവായ ഫാദർ ജോർജ്ജ് പ്ലാശ്ശേരി ആയിരുന്നു.

1988ൽ കംപ്യൂട്ടർ പഠിക്കാൻ സഭ ഫാ. പ്ലാശേരിയെ അമേരിക്കയ്ക്ക് അയച്ചു , അമേരിക്കയിൽ കംപ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നപ്പോൾ കണ്ടത് അദ്ഭുത ലോകം. കുട്ടികൾ വരെ കംപ്യൂട്ടറിൽ അതിവേഗം കാര്യങ്ങൾ ചെയ്യുന്നു.ഉള്ളിൽ മലയാളത്തോടു സ്നേഹമുണ്ടായിരുന്നതിനാൽ കംപ്യൂട്ടർ ഭാഷയെ ഇംഗ്ലിഷിൽ കണ്ടപ്പോൾ വിഷമം തോന്നി. ഒരു പടംഫ്ളോപ്പിയിൽ കോപ്പി ചെയ്തു വാങ്ങി തുറന്നു നോക്കിയപ്പോൾ അതിനൊപ്പം ഒരു ഫയൽ. തുറന്നു നോക്കിയപ്പോൾ ഇംഗ്ലിഷ്ഫോണ്ട് നിർമിക്കുന്നതിന്റെ സോഫ്റ്റ് വെയർ ആണത് ……….ഇതേക്കുറിച്ചു കൂടുതൽ മനസിലാക്കി.എ എന്ന ഇംഗ്ലിഷ് അക്ഷരം ഉണ്ടാക്കുന്നവിധം അതിലുണ്ടായിരുന്നു. ഒരു കീബോർഡിന്റെ അക്ഷരത്തിന്റെ സ്പേസിലേക്ക് എ എന്ന ഇംഗ്ലീഷ് അക്ഷരം ഡോട്ടുകൾ ചേർത്ത് ഉണ്ടാക്കി പ്രോഗ്രാം ചെയ്യുന്ന രീതിയായിരുന്നു അതിൽ. ഇംഗ്ലിഷിലെ എ ഉണ്ടാക്കാമെങ്കിൽ അതേ മാതൃകയിൽ മലയാളത്തിലെ “അ” എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ എന്ന ചോദ്യം
അച്ചന്റെ മനസിൽ മലയാളത്തിൽ ഉയർന്നുവന്നു.

മലയാള അക്ഷരമാലയിൽ ആരും കണ്ടത്തിയിട്ടില്ലാത്ത ഒരു പ്രത്യേകത അച്ചൻ മനസിലാക്കിയത് അന്നാണ്……. റ എന്ന അക്ഷരംകൂട്ടിച്ചേർത്താൽ മലയാളത്തിലെ മുക്കാൽപങ്ക് അക്ഷരവുമുണ്ടാക്കാം.അങ്ങനെ പ്ലാശേരി ഫോണ്ട് റ – യിൽ പിറന്നു.

എംവൈഎം പ്ലാശേരി എന്നാണ് ആദ്യം ഫോണ്ടിനിട്ട പേര്.ഫോണ്ട് രൂപീകരിച്ചു കഴിഞ്ഞു ഫാ. പ്ലാശേരി ആദ്യം ചെയ്ത ഫോണ്ട് ഉപയോഗിച്ചു ടൈപ്പ് ചെയ്തു തയാറാക്കിയ ക്രിസ്മസ് ആശംസ പതിച്ച കാർഡ് സഭയുടെ പ്രൊവിൻഷ്യലിന് അമേരിക്കയിൽ നിന്ന് അയച്ചുകൊടുക്കുകയായിരുന്നു. അങ്ങനെ ഒരുപക്ഷേ ആദ്യത്തെ മലയാളം കംപ്യൂട്ടർ ഫോണ്ടിൽ എഴുതപ്പെട്ട സന്ദേശം അമേരിക്കയിൽനിന്നു കടൽ കടന്നു മലയാള നാട്ടിലെത്തി.

അന്ന് അമേരിക്കയിലെ മലയാളി സുഹൃത്തുക്കളെ പലരെയും ഈ ഫോണ്ട് പരിചയപ്പെടുത്തി അച്ചൻ. അതിലൊരു സുഹൃത്ത് ഈ ഫോണ്ട് ഇന്റർനെറ്റിൽ ഇട്ടു. പലരും പകർത്തി ഉപയോഗിക്കുകയും ചെയ്തു.1997ൽ അമേരിക്കയിൽനിന്നു മടങ്ങുമ്പോൾ ഒരു മലയാളി പ്രഫസർക്ക് ഈ ഫോണ്ട് അമേരിക്കയിൽ ഉപയോഗിക്കാനുള്ള അവകാശം സൗജന്യമായി നൽകി.

നാട്ടിൽ തിരിച്ചെത്തിയ അച്ചനെ സഭ നിയോഗിച്ചതു തമിഴ്നാട്ടിലായിരുന്നു. തമിഴ്നാട്ടിൽ കോളജിൽ പഠിപ്പിക്കുമ്പോൾ തമിഴ് ഫോണ്ടും തയാറാക്കി.പിന്നീട് എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിൽ ജോലിക്ക് എത്തിയപ്പോൾ ഹിന്ദി ചോദ്യപേപ്പർ തയാറാക്കുന്നതിലെ ബുദ്ധിമുട്ട് കണ്ടറിഞ്ഞു. ചോദ്യപേപ്പർ അച്ചടിക്കുന്നതിനു വലിയ തുക കൊടുക്കേണ്ടിവരുന്നു. മൂന്നു മാസം കൊണ്ടു ഹിന്ദി ഫോണ്ടും ഉണ്ടാക്കി.

അമേരിക്കയിലെ തൻ്റെ ഉന്നത പഠന കാലഘട്ടത്തിനുശേഷം തിരിച്ചുവന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സേവനം പൂർത്തിയാക്കി തൃശ്ശൂർ ജ്യോതി എൻജിനീയറിങ് കോളേജിൽ നീണ്ട 21 വർഷക്കാലം ഈ നൂറ്റാണ്ടിലെ പുതുതലമുറ എൻജിനീയറിങ് വിദഗ്ധരെ രൂപപ്പെടുത്തി എടുക്കുന്നതിൽ വ്യാപൃതനായിരുന്നു അദ്ദേഹം.

ആദരാഞ്ജലികൾ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group