ഫാ. തേലക്കാടൻ: ഒരു പട്ടക്കാരൻ എപ്രകാരം ആയിരിക്കരുത് എന്നതിന് എക്കാലത്തേയും നല്ല ഉദാഹരണം

സീറോ മലബാർ സഭയുടെ മുൻ ഔദ്യോഗിക വക്താവും സത്യദീപത്തിൻ്റെ പത്രാധിപനുമായിരുന്ന ഫാ പോൾ തേലക്കാട്ട് ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച വാർത്ത കണ്ടിരുന്നു. ഇതിൻ്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സീറോ മലബാർ സഭയുടെ മുൻ അദ്ധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി പിതാവിനെപ്പറ്റി പറയുന്ന ഭാഗങ്ങൾ ഫാ. പോളിന്റെ ഉള്ളിൽ നുരഞ്ഞുപൊന്തുന്ന വെറുപ്പിൻ്റെയും പകയുടെയും ആഴം വെളിവാക്കുന്നതാണ്. പതിറ്റാണ്ടുകളോളം വൈദികനായി സേവനമനുഷ്ഠിച്ച ഒരു വ്യക്തിയിൽ നിന്നും ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത പരാമർശങ്ങളാണ് വിശ്രമജീവിതത്തിലേക്കു പ്രവേശിക്കുന്ന ഈ ധന്യവേളയിൽ പോലും തൻ്റെ സഭയുടെ മേൽപ്പട്ടക്കാരനെക്കുറിച്ച് പൊതുസമൂഹത്തിനു മുന്നിലിരുന്ന് യാതൊരു ഉളുപ്പും മനഃസാക്ഷിക്കുത്തുമില്ലാതെ അദ്ദേഹം വിളിച്ചു പറഞ്ഞത്. പോൾ തേലക്കാട്ട് എന്ന വ്യക്തി ആരാണെന്നും സീറോ മലബാർ സഭ ഇന്നു നേരിടുന്ന പ്രതിസന്ധികളുടെയെല്ലാം മുഖ്യകാരണം ഈയൊരു വ്യക്തിയാണെന്നും പൊതുസമൂഹത്തിനു എളുപ്പത്തിൽ മനസിലാക്കുവാൻ സഹായകമാണ് ഈ അഭിമുഖം. (വീഡിയോ കമന്റ്‌ ബോക്സിൽ).

നിർദോഷമായ ഒരു ചോദ്യം എന്ന നിലയിലാണ് ഫാ. പോളിനോട് ചോദിക്കുന്നത്: ”ഭൂമിയിടപാടിൽ മാർ ആലഞ്ചേരി കബളിപ്പിക്കപ്പെട്ടതാണോ?” ഉടനെ ഒരു പോരുകൊഴിയുടെ അംഗവിക്ഷേപങ്ങളോടെ നൽകുന്ന മറുപടിയിലാണ് ആലഞ്ചേരി പിതാവിനോടു ഫാ തേലക്കാടൻ്റെയുള്ളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിവൈരാഗ്യവും വെറുപ്പും അണപൊട്ടി ഒഴുകിയത്. ആകാംക്ഷയോടെ കാത്തിരുന്ന ചോദ്യം എത്തിച്ചേർന്നയുടൻ തേലക്കാടൻ്റെ മുഖഭാവം ഏറെ രൗദ്രമാകുന്നതു കാണാം, തുടർന്നു പറയുന്നു: “അദ്ദേഹം അങ്ങനെ പറ്റിക്കപ്പെടാൻ പറ്റിയ പാവത്താൻ ആണെന്ന് ഞാൻ കരുതുന്നില്ല” എന്ന്!

പ്രേക്ഷകരിൽ തെറ്റിദ്ധാരണ ഉയർത്തുന്നതിനാണ് ഇപ്രകാരമൊരു ചോദ്യമെന്നതിൽ സംശയമില്ല. കാരണം മെഡിക്കൽ കോളജ് നിർമ്മിക്കുന്നതിനായി അതിരൂപത വാങ്ങിയ ഇരുപത്തിമൂന്ന് ഏക്കർ ഭൂമിയുടെ ബാങ്ക് ലോണിന്റെ വർധിച്ചു വരുന്ന പലിശയും ബാധ്യതകളും തീർക്കുന്നതിനായി കാനോനിക സമിതികൾ ചർച്ച ചെയ്താണ് മൂന്ന് ഏക്കർ ഭൂമി അതിരൂപത വിൽക്കുവാൻ തീരുമാനിച്ചത്. ഈ വസ്തുത മറച്ചു വച്ചാണ് “മൂന്ന് ഏക്കർ ഭൂമിയുടെ വിൽപ്പന” എന്നു മാത്രം അയാൾ ചോദിക്കുന്നത്.

ഫാ പോൾ തേലക്കാട് നൽകിയ മറുപടിയിൽ പറയുന്നതെല്ലാം ശുദ്ധ നുണകളാണെന്ന് താഴെ പറയുന്ന കാര്യങ്ങൾ വ്യക്തമാക്കുന്നു:

1. ഭൂമിയിടപാടിൽ ഇടനിലക്കാരനായി നിന്ന സാജു വർഗീസ് എന്നയാൾ തന്റെ (എറണാകുളം, വാഴക്കാല) ഇടവകാംഗം ആയിരുന്നെന്നു അതിരൂപതയിലെ വൈദികനായ ഫാ. അഡ്വ. ആന്റണി പൂതവേലി വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയിടപാടുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു വിഷയവുമായിട്ടാണ് സാജു വർഗ്ഗീസ് തന്നെ സമീപിച്ചതെന്നും അദ്ദേഹത്തെ മറ്റൊരു വൈദികനു പരിചയപ്പെടുത്തിക്കൊടുക്കുകയും ആ വൈദികനാണ് സാജുവിനെ അതിരൂപതയുമായി ബന്ധിപ്പിക്കുന്നതെന്നും ഫാ. ആൻ്റണി പൂതവേലി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഈ കാര്യങ്ങളെല്ലാം വ്യക്തമായി അറിയാവുന്ന ഫാ. പോൾ മനഃപ്പൂർവം ആലഞ്ചേരി പിതാവിനെതിരായി നുണ പറയുകയായിരുന്നു. അതല്ല എന്ന് അങ്ങേക്ക് തെളിയിക്കാമോ ?

2. “ഞാൻ ആ കാലഘട്ടത്തിൽ ആലോചന സമിതി അംഗം ആയിരുന്നു” എന്ന് ഫാ. പോൾ തുടർന്ന് പറയുന്നു. എങ്കിൽ അങ്ങയോടു ഒരു ചോദ്യം തിരിച്ച് ചോദിക്കട്ടെ: “ആരും അറിയാതെ മെത്രാപ്പോലീത്ത അതിരൂപതയുടെ ഭൂമി വിറ്റു തുലച്ചു” എന്ന് ആരോപിച്ചു കൊണ്ട് അഞ്ച് വർഷങ്ങൾക്കു മുമ്പ് ഒരു പുരോഹിതൻ (കട്ടിൽ സമര നേതാവ്) വ്യാജ ആരോപണം പരസ്യമായി ഉന്നയിച്ചപ്പോൾ, ഇത് ആലോചന സമിതിയിൽ ചർച്ച ചെയ്ത കാര്യമാണെന്ന് എന്തുകൊണ്ട് ഫാ. പോൾ അന്ന് പറഞ്ഞില്ല. അന്ന് ഇക്കാര്യങ്ങളെല്ലാം വിമതസംഘത്തോടു തുറന്നു പറഞ്ഞിരുന്നുവെങ്കിൽ ഇത്ര വലിയൊരു പ്രതിസന്ധി സഭയ്ക്കു നേരിടേണ്ടി വരില്ലായിരുന്നല്ലോ; അതു കൂടാതെ വ്യാജരേഖകൾ നിർമ്മിച്ചതിൻ്റെ പേരിൽ താങ്കൾക്ക് ഒരു ക്രിമിനൽ കേസിൽ പ്രതിയാകേണ്ടിയും വരില്ലായിരുന്നല്ലോ.

3. “ആലോചന സമിതിയെ പിതാവ് വഞ്ചിച്ചുവെന്ന്” ഫാ. പോൾ പറയുന്നു. വ്യാജരേഖ കേസിൽ ഫാ. പോളിന്റെ കൂട്ടുപ്രതിയായ ഫാ. ബെന്നി മാരാംപറമ്പിലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കമ്മീഷൻ റിപ്പോർട്ടിൽ ആലോചന സമിതിയുടെയും ഫിനാൻസ് കൗൺസിലിന്റെയും മിനുട്സുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആലോചന സമിതി ചർച്ച ചെയ്ത് അംഗീകരിച്ച ഭൂമി വിൽക്കുവാനുള്ള തീരുമാനം നടപ്പാക്കിയത് ഫിനാൻസ് കൗൺസിലിന്റെ നിർദേശം അനുസരിച്ചു പ്രോക്യൂറേറ്റർ ആണെന്ന് ഈ മിനിറ്റ്സ് രേഖകൾ സാക്ഷ്യപെടുത്തുന്നു. സാജു വർഗീസിന്റെ പേര് ഈ കാര്യത്തിൽ എങ്ങനെയാണ് കടന്നുവന്നതെന്ന് ഈ കമ്മീഷൻ റിപ്പോർട്ട്‌ വ്യക്തമായി പറയുന്നുമുണ്ട്. വില്പനയുടെ പണമിടപാടുകൾ പൂർണ്ണമായും ബാങ്ക് അക്കൗണ്ടിലൂടെ നൽകാം എന്ന് സമ്മതിച്ച വ്യക്തി സാജു മാത്രമായിരുന്നല്ലോ. ഇതെല്ലാം നന്നായി അറിയാവുന്ന ഫാ. പോൾ വസ്തുതകൾ എല്ലാം മറച്ചുവച്ചാണ് സംസാരിക്കുന്നത്. വെള്ളക്കുപ്പായത്തിൻ്റെ ഉള്ളിലിരുന്നു നുണ പറഞ്ഞാൽ എല്ലാവരും അതങ്ങു വിശ്വസിക്കുമെന്നു കരുതരുത്. അങ്ങയുടെ കൂടെ നിൽക്കുന്നവർ പോലും താങ്കളിൽ മറഞ്ഞിരിക്കുന്ന കൗടില്യങ്ങളുടെയും പൈശാചികതയുടെയും ആഴം കണ്ട് നടുങ്ങിക്കാണും.

4. ഫാ. ബെന്നി കമ്മീഷൻ റിപ്പോർട്ടിൽ (Annexure 21) ഈ കാലഘട്ടത്തിൽ അതിരൂപതയുടെ പ്രോക്യൂറേറ്റർ ആയിരുന്ന ഫാ. അഡ്വ. ജോഷി പുതുവയുടെ വിശദീകരണമുണ്ട്. ഇതിൽ അദ്ദേഹം വ്യക്തമാക്കുന്നതിൽ നിന്നും മനസ്സിലാകുന്നത് ഫാ. പോൾ പറയുന്നതെല്ലാം ആലഞ്ചേരി പിതാവിനോടുള്ള തീരാത്ത പകമൂലമാണെന്ന് സാക്ഷ്യപെടുത്തുന്ന കാര്യമാണ്. “ശ്ലൈഹീക ശുശ്രൂഷയിൽ തന്റെ സഹപ്രവർത്തകനായ ഒരു പുരോഹിതനിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് ആർച്ച് ബിഷപ്പ് താൻ നൽകിയ ആധാരങ്ങളിൽ ഒപ്പ് വയ്ക്കുകയായിരുന്നു. കാര്യങ്ങൾ എല്ലാം ഞാൻ ശരിയായി ചെയ്യുന്നുണ്ടാവും എന്നുള്ള വിശ്വാസത്തിലാണ് അദ്ദേഹം അങ്ങനെ ചെയ്തത്” എന്നു ഫാ. ജോഷി പുതുവ വിശദീകരിക്കുന്നു. ഫാ. പോൾ നുണകൾ പറയുന്നതും ആലഞ്ചേരി പിതാവിനെതിരേ സ്വഭാവഹത്യനടത്തുന്നതും ഇക്കാര്യങ്ങൾ എല്ലാം അറിഞ്ഞുകൊണ്ടാണെന്ന് ഇതിലൂടെ വ്യക്തമാണ്.

5. മെത്രാൻ സാമ്പത്തിക കാര്യങ്ങൾ ശരിയായി ചെയ്യാത്തതുകൊണ്ടാണ് എന്നൊരു പരാമർശം ഫാ പോൾ നടത്തുന്നതു കാണാം. ഇതിൻ്റെ പേരിലാണ് താനുൾപ്പെട്ട മൂന്നു പട്ടക്കാർ വ്യാജരേഖ നിർമ്മാണം നടത്തിയത് എന്ന് പറയാതെ പറയുന്നതായി തോന്നുന്നു. കഷ്ടം എന്നല്ലാതെ എന്തു പറയാൻ !

6. അതിരൂപത വിൽപ്പന നടത്തിയ ഭൂമിയുടെ വില ലഭിക്കുവാൻ താമസിച്ചപ്പോൾ പകരം ലഭിക്കാനുള്ള തുകയേക്കാൾ എത്രയോ ഇരട്ടി വിലയുള്ള ഭൂമി ഈടായി അതിരൂപതയുടെ പേരിൽ ആലഞ്ചേരി പിതാവ് എഴുതി വാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഫാ. പോളും സിൽബന്ധികളായ പുരോഹിതന്മാരും ഈ വിഷയം വിവാദമാക്കുവാൻ ശ്രമിച്ചപ്പോൾ, “ഇതിന്റെ വല്ല ആവശ്യവുമുണ്ടോ?” എന്ന് സത്ബുദ്ധിയുള്ള ചില പുരോഹിതർ ഇദ്ദേഹത്തോട് ചോദിച്ചിരുന്നു എന്നറിയാൻ കഴിഞ്ഞു. അതിന് ഫാ. പോൾ നൽകിയ മറുപടി “ഇത് ധാർമികതയുടെ വിഷയമാണ്” എന്നായിരുന്നത്രെ. ഫാ. പോൾ തേലക്കാട്, അങ്ങ് വച്ചു പുലർത്തുന്ന ധാർമ്മികതയുടെ മാനദണ്ഡം എന്താണ് ?

എറണാകുളം -അങ്കമാലി അതിരൂപതയെയും സീറോ മലബാർ സഭയെയും പൊതുസമൂഹത്തിൽ നാണംകെടുത്തിയ രണ്ട് വിഷയങ്ങളാണ് ഭൂമിവിവാദവും ജനഭിമുഖ കുർബാന വിഷയവും. ഈ രണ്ടു വിഷയങ്ങളുടെയും പ്രഭവകേന്ദ്രം ഫാ. പോൾ എന്ന ഈ നുണയന്ത്രം ആയിരുന്നു എന്നത് തർക്കമറ്റ കാര്യമാണ്. സീറോ മലബാർ സഭയുടെ വക്താവ് എന്ന സ്ഥാനത്തുനിന്നും ഫാ. പോളിനെ സഭാ തലവനായിരുന്ന മാർ ജോർജ് ആലഞ്ചേരി മാറ്റി എന്നതാണ് ഈ പകയ്ക്കു കാരണമെന്നാണ് പറയപ്പെടുന്നത്. അതിൻ്റെ പ്രതികാരമെന്നോണം സഭയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കാനും അതോടൊപ്പം വ്യാജ രേഖകൾ നിർമിച്ചതിൻ്റെ പേരിൽ ഒരു ക്രിമിനൽ കേസിൽ പ്രതിയാകാൻ പോലും ഈ വ്യക്തി തയ്യാറായി. ഒരു പട്ടക്കാരനാണ് ഇതൊക്കെ ചെയ്തത് എന്നതാണ് ഈ വിഷയത്തെ ഏറെ ഗൗരവമുള്ളതാക്കുന്നത്. ഈ വിവാദങ്ങളിലൂടെയെല്ലാം മറനീക്കി പുറത്തുവന്നത് ഈ അനീതിക്കെല്ലാം കൂട്ടുനിൽക്കുന്ന ഈ അതിരൂപതയിലെ ഒരുപറ്റം പുരോഹിത വേഷധാരികളുടെ കപടമുഖം കൂടിയാണ്. പൗരോഹിത്യം ദുഷിച്ചാൽ അത് എത്രമാത്രം ഭീകരമായിരിക്കും എന്നുള്ളതിന്റെ ജീവനുള്ള തെളിവാണ് വിമത വൈദീകരെല്ലാം.

ഫാ. പോൾ തേലക്കാട്ടിന് ആരൊക്കെയോ ചേർന്ന് കഴിഞ്ഞ ദിവസം ഒരു യാത്രയയപ്പ് നൽകിയതായി പത്രവാർത്ത കണ്ടു. അതിൽ പ്രൊഫ. എം. കെ. സാനു പറഞ്ഞ വാക്കുകൾ അന്വർത്ഥമാകുവാനുള്ള എല്ലാ സാധ്യതയുമുണ്ട്: “ഫാ. പോൾ തേലക്കാട്ട് എഴുത്തും ചിന്തകളും വഴി അമരത്വം നേടിയ വ്യക്തി” എന്നാണ് സാനു മാഷ് വിധിച്ചിരിക്കുന്നത്. അതെ, സഭയുടെ ചരിത്രത്തിൽ അങ്ങ് “അമരത്വം” നേടുകതന്നെ ചെയ്യും. ഒരു പട്ടക്കാരൻ എപ്രകാരം ആയിരിക്കരുത് എന്നതിന് എക്കാലത്തേയും നല്ല ഉദാഹരണമായി എന്നും അങ്ങ് തിരുസ്സഭയിൽ ഓർമ്മിക്കും എന്നതിൽ ആർക്കും സംശയമില്ല.

കത്തോലിക്കാ സഭയിൽ പൗരോഹിത്യത്തിന് നൽകുന്ന മഹത്വം തിരിച്ചറിയാതെ, അതിനെ സ്വാർത്ഥ താൽപ്പര്യങ്ങളുടെ പൂർത്തീകരണത്തിനായി ഉപയോഗിക്കുകയും സഭയെ ലോകത്തിനു മുൻപിൽ അപമാനിക്കുകയും ചെയ്ത അങ്ങേക്ക് വിശ്രമജീവിത കാലത്തെങ്കിലും മാനസാന്തരപ്പെടാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

കടപ്പാട് : മാത്യു ചെമ്പുകണ്ടത്തിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group