“അക്വേറിയം” എന്നപേരിൽ OTT റിലീസിന് ഒരുങ്ങിയ “പിതാവിനും പുത്രനും” എന്ന നിരോധിത സിനിമയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ

വാസ്തവ വിരുദ്ധവും, മനുഷ്യത്വരഹിതവും, ലൈംഗിക വൈകൃതങ്ങൾ നിറഞ്ഞതുമായ കഥ ഇതിവൃത്തമാക്കി ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അങ്ങേയറ്റം അവഹേളിക്കുന്ന ചിത്രീകരണത്തിലൂടെ പുറത്തിറക്കാനിരുന്ന ചിത്രത്തിന്റെ റിലീസിംഗാണ് വീണ്ടും ഹൈക്കോടതി സ്റ്റേ ചെയ്തത്.2013ൽ ചിത്രീകരണം പൂർത്തിയാക്കി സെൻസർ ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കപ്പെട്ട “പിതാവിനും പുത്രനും” എന്ന ചിത്രത്തിന്റെ ഉള്ളടക്കം, മനസ്സിൽ നന്മയുള്ള സകലരെയും വേദനിപ്പിക്കുന്നതായിരുന്നു. സെൻസർ ബോർഡ് കേരള ഘടകവും, റിവിഷൻ കമ്മിറ്റിയും, അപ്പലേറ്റ് ട്രൈബ്യൂണലും തള്ളിയതോടെ ആ സിനിമ നിരോധിത സിനിമകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടു. ക്രൈസ്തവർക്കും സന്യസ്തർക്കും എതിരായ ദുഷ്പ്രചരണങ്ങൾ മാത്രം ലക്ഷ്യം വച്ച് നിർമ്മിച്ച ആ സിനിമ ഏതുവിധേനയും പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കാൻ കിണഞ്ഞു പരിശ്രമിച്ച പിന്നണി പ്രവർത്തകർ തങ്ങളുടെ സ്വാധീനശക്തി ഉപയോഗിച്ചാണ് വീണ്ടും ഈ സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങിയത്. 2020-ൽ, മറ്റൊരു ചിത്രം എന്ന വ്യാജേന പേരുമാറ്റി വീണ്ടും സെൻസർ ബോർഡിന് മുന്നിൽ സമർപ്പിക്കുകയും സെൻസർ ബോർഡ് അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്താണ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത് എന്നാണ് ലഭ്യമായ വിവരം. OTT റിലീസിനോട് അനുബന്ധിച്ച് പത്രങ്ങൾക്ക് നൽകിയ വാർത്തയിൽ അപ്പലേറ്റ് ട്രൈബ്യൂണലിൽ നിന്ന് ആവശ്യപ്പെട്ടതനുസരിച്ച് പേര് മാറ്റിയതോടെയാണ് തങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അവർ വ്യാജ അവകാശവാദം ഉന്നയിച്ചിരുന്നു. 2013-ൽ ചിത്രം പ്രദർശിപ്പിക്കാൻ അനുമതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഒരു മലയാളം വാരികയിൽ സിനിമയുടെ മുഴുവൻ തിരക്കഥയും പിന്നണി പ്രവർത്തകർ പ്രസിദ്ധപ്പെടുത്തിയിരുന്നു. അത്തരത്തിൽ തിരക്കഥ വായിക്കാൻ കഴിഞ്ഞപ്പോഴാണ് ഈ സിനിമയുടെ പിന്നണി പ്രവർത്തകർ ലക്ഷ്യം വച്ചത് എന്താണെന്ന് ഏറെപ്പേർക്കും മനസിലാക്കാനായത്. ലോകമെമ്പാടും എണ്ണമറ്റ സേവന പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായി മുഴുകിയിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ക്രൈസ്തവ സന്യാസിനിമാരുടെ ആത്മാഭിമാനത്തെ നിഷ്കരുണം ചോദ്യം ചെയ്യുന്നതായിരുന്നു അതിലെ ആഖ്യാനങ്ങളെന്ന് വ്യക്തമായതോടെ ഒട്ടേറെപ്പേർ ആ സിനിമയ്ക്കും, അതിന്റെ തിരക്കഥ പ്രസിദ്ധപ്പെടുത്തിയ വാരികയ്ക്കും എതിരായി രംഗത്ത് വരികയുണ്ടായി.ഈ ചലച്ചിത്രം പുതിയപേരിൽ വീണ്ടും റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തയ്‌ക്കൊപ്പം, സന്യസ്തരെയും ക്രൈസ്തവ വിശ്വാസത്തെയും അവഹേളിക്കുന്ന വിധത്തിലുള്ള അതിന്റെ ട്രെയ്‌ലറും പ്രചരിച്ചതോടെ കത്തോലിക്കാ സന്യാസിനിമാരുടെ ഓൺലൈൻ കൂട്ടായ്മയായ “വോയ്‌സ് ഓഫ് നൺസ്” നിയമപരമായി നീങ്ങാൻ തീരുമാനിക്കുകയായിരുന്നു. റിട്ട് പെറ്റിഷൻ പരിഗണിച്ച ഹൈക്കോടതി മെയ് പതിനാലിന് OTT റിലീസ് പ്രഖ്യാപിച്ചിരുന്ന “അക്വേറിയം” എന്ന സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പത്തു ദിവസത്തേയ്ക്ക് സ്റ്റേ ചെയ്തു. സന്യാസിനിമാർക്കുവേണ്ടി കേരളഹൈക്കോടതിയിലെ അഭിഭാഷകരായ അഡ്വ. ജോർജ്ജ് പൂന്തോട്ടം, അഡ്വ. ജോൺ വർഗീസ് എന്നിവർ ഹാജരായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group