അടിച്ചമര്‍ത്തലുകളിലും തളരാതെ വിശ്വാസത്തെ മുറുകെ പിടിക്കുക : മാര്‍ ജോസ് പുളിക്കല്‍

അടിച്ചമര്‍ത്തലുകളിലും പീഡനങ്ങളിലും തളരാതെ വിശ്വാസത്തെ മുറുകെ പിടിക്കുന്നവരുടെ ജീവിതങ്ങള്‍ സുവിശേഷ സാക്ഷ്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനാചരണത്തിന്റെ ഭാഗമായി പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെട്ട സമാധാന പ്രാർത്ഥന, ഐക്യദാർഢ്യ പ്രതിജ്ഞ എന്നിവയോടനുബന്ധിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മണിപ്പൂരില്‍ പീഢനമനുഭവിക്കുന്ന ജനതയുടെ വേദനയില്‍ ഹൃദയപൂര്‍വ്വം പങ്കുചേരുവാന്‍ നമുക്ക് കടമയുണ്ടെന്നും ക്രൈസ്തവ വിശ്വാസികളുടെ നേര്‍ക്കുള്ള ബോധപൂര്‍വ്വമായ അക്രമങ്ങള്‍ രാഷ്ട്രത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കലാപം നിയന്ത്രിക്കുവാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമം കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ഇനിയെങ്കിലുമുണ്ടാകേണ്ടതുണ്ട്. ജനാധിപത്യാക്രമത്തില്‍ ജനങ്ങളാശ്രയിക്കുന്ന ഭരണ സംവിധാനങ്ങളോടുള്ള വിശ്വാസത്തിന് ഭംഗം വരാനിടയാകാതിരിക്കുവാൻ ഉത്തരവാദിത്വപ്പെട്ട സർക്കാരുകൾ ശ്രദ്ധിക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ ഓര്‍മ്മിപ്പിച്ചു.കാഞ്ഞിരപ്പള്ളി രൂപതയിലെ ഐക്യദാര്‍ഡ്യദിനാചരണത്തിന്റെ ഭാഗമായി വിവിധ ഇടവകകളില്‍ പ്രത്യേക പ്രാര്‍ത്ഥന, റാലി, പ്രതിഷേധ സമ്മേളനങ്ങള്‍ എന്നിവ നടത്തപ്പെട്ടു. രൂപതയിലെ ഇടവകകളിൽ നിന്നും ലഭിക്കുന്ന ഞായറാഴ്ച്ചത്തെ സ്തോത്രക്കാഴ്ച്ച കാരിത്താസ് ഇന്ത്യ വഴി മണിപ്പൂരിലെ ദുരിത ബാധിതരെ സഹായിക്കുന്നതിന് നല്കുന്നതാണ്. രൂപത യുവദീപതി – എസ്. എം. വൈ. എം കാഞ്ഞിരപ്പള്ളിയിൽ നിന്നും മാർ തോമാ ശ്ലീഹയുടെ പാദസ്പർശത്താൽ പുണ്യമായ നിലയ്ക്കലിലേക്ക് നടത്തിയ പദയാത്ര മണിപ്പൂരിൽ സമാധാനം പുലരുവാനുള്ള പ്രാർത്ഥനയോടെയാണ് മുന്നോട്ട് നീങ്ങിയത്.മാർതോമാശ്ലീഹയുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് മരിയൻ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ ആഘോഷപൂർവ്വമായ റംശ അർപ്പിച്ച് മാർ ജോസ് പുളിക്കൽ സന്ദേശം നൽകി. മാര്‍തോമാശ്ലീഹയുടെ രക്തസാക്ഷിത്വം മിശിഹാ മാര്‍ഗ്ഗത്തിന്റെ ശോഭയെ ഭാരത്തില്‍ പ്രോജ്വലമാക്കിയെന്നും പീഢനങ്ങളിലൂടെ ക്രൈസതവ സമൂഹത്തെ ഇല്ലാതാക്കാനാവില്ലെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group