സാന്റിയാഗോയിലെ വികാരിക്ക് റിയൽ ഹീറോ അവാർഡ് സമ്മാനിച്ച് എ. സി എൻ

സാന്തിയാഗോ: മതസ്വാതന്ത്ര്യ സംരക്ഷണത്തിൽ ഉത്തമ മാതൃക കാട്ടുന്നവരെ ആദരിക്കാൻ സന്നദ്ധസംഘടനയായ ”എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് ” (എ.സി.എൻ) സമ്മാനിക്കുന്ന അവാർഡ്
ലാറ്റിൻ അമേരിക്കൻ രാജ്യമായ ചിലിയിലെ ഫാ. പെഡ്രോ നാർബോണയ്ക്ക്.സർക്കാർ വിരുദ്ധ കലാപകാരികളുടെ ആക്രമണത്തിൽ രണ്ടുതവണ അലങ്കോലമാക്കപ്പെട്ട ദൈവാലയം ക്രിസ്തീയ ക്ഷമയോടെ പുനർനിർമിക്കുന്നതിനും ഇടവക ജനത്തെ കൂടുതൽ സുവിശേഷാഭിമുഖ്യമുള്ളവരാക്കി മാറ്റിയതുമാണ് ഇദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. എ.സി.എന്നിന്റെ സ്പാനിഷ് ഘടകം രണ്ടു വർഷത്തിലൊരിക്കൽ സമ്മാനിക്കുന്ന അവാർഡാണിത്.
ഇദ്ദേഹം വികാരിയായി സേവനം ചെയ്യുന്ന സാന്റിയാഗോയിലെ അസുൻസിയോൺ, വെരാ ക്രൂസ് ദൈവാലയങ്ങൾ നിരവധി തവണയാണ് ആക്രമണത്തിന് ഇരയായത്. തളർന്നുപോയേക്കാവുന്ന ഈ സാഹചര്യത്തിലും സുവിശേഷ തീക്ഷണതയോടെ മുന്നോട്ടുപോയ ഈ വൈദികന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഇത്തരം പീഡനങ്ങളോട് സുവിശേഷ ചൈതന്യത്തോടും അനുരഞ്ജനത്തോടുംകൂടെ എപ്രകാരം ക്രിയാത്മകമായി പ്രതികരിക്കാമെന്നത് എടുത്തുകാട്ടുകയാണ് അവാർഡിന്റെ ലക്ഷ്യം എ.സി.എന്നിന്റെ സ്‌പെയിൻ ഡയറക്ടർ ജാവിയർ മെനാൻഡെസ് റോസ് വ്യക്തമാക്കി. വിശ്വാസവും ക്രിസ്തീയമായ സ്‌നേഹവും ഇത്തരം അവഹേളനങ്ങളെ അതിജീവിക്കാനുള്ള ഉത്തമമാർഗ്ഗമാണെന്ന് ബോധ്യപ്പെടുത്തിയ വ്യക്തിയാണ് ഫാ. പെഡ്രോ നാർബോണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസുൻസിയോൺ ദൈവാലയത്തിൽ 2019 നവംബറിലാണ് ആദ്യ ആക്രമണം ഉണ്ടായത്. തല്ലിത്തകർക്കപ്പെട്ട ദൈവാലയം 2020 അവസാനത്തോടെ പുനർനിർമിക്കാൻ തുടങ്ങിയെങ്കിലും അതേ വർഷം ഒക്‌ടോബറിൽ വീണ്ടും ആക്രമിക്കപ്പെട്ടു. 2019ൽ നടന്ന സർക്കാർ വിരുദ്ധ കലാപങ്ങളുടെ വാർഷികദിനത്തിൽ പ്രക്ഷോഭകാരികൾ അസുൻസിയോൺ ദൈവാലയം അഗ്‌നിക്കിരയാക്കുകയായിരുന്നു.
ശിരസും മുഖവും മൂടിക്കെട്ടിയ പ്രക്ഷോഭകരിലെ ഒരു സംഘം ദൈവാലയത്തിൽ അതിക്രമിച്ച് കടക്കുകയായിരുന്നു. അഗ്നിശമനാ സേനയെ പ്രക്ഷോഭകാരികൾ തടഞ്ഞതിനാൽ കാര്യമായ കേടുപാടുകളും ദൈവാലയത്തിന് സംഭവിച്ചു. 2018-2020 കാലഘട്ടത്തിൽ ചാപ്പലുകൾ ഉൾപ്പെടെ 59 ദൈവാലയങ്ങൾ ചിലിയിൽ ആക്രമിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group