ഫിലിപ്പീൻസിന് ‘ബ്രഹ്മോസ്’ കൈമാറി ഭാരതം; 375 മില്യണ്‍ യുഎസ് ഡോളറിന്റെ പ്രതിരോധ കയറ്റുമതി; സുപ്രധാന ചുവടുവയ്പ്പ്

ന്യൂഡല്‍ഹി: പ്രതിരോധ കയറ്റുമതിയില്‍ സുപ്രധാന ചുവടുവയ്പ്പുമായി ഇന്ത്യ. സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ ആദ്യ ബാച്ച്‌ ഫിലിപ്പീൻസിന് കൈമാറി.

നാഗ്പൂരില്‍ നിന്ന് പുറപ്പെട്ട സി-17 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റില്‍ ഇന്ത്യൻ വ്യോമസേനാംഗങ്ങള്‍ ചേർന്നാണ് മിസൈലിന്റെ ആദ്യ ബാച്ച്‌ ഫിലിപ്പീൻസിലെ മനിലയിലെത്തിച്ചത്.

പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായാണ് ഇന്ത്യയുമായി ഫിലിപ്പീൻസ് കരാറിലേർപ്പെട്ടത്. 2022 ജനുവരിയില്‍ ഇതുസംബന്ധിച്ച കരാറില്‍ ധാരണയായിരുന്നു. കരാർ പ്രകാരം 375 മില്യണ്‍ യുഎസ് ഡോളറിന്റെ പ്രതിരോധ കയറ്റുമതിക്കാണ് ഇന്ത്യയുമായി ഫിലിപ്പീൻസ് ഒപ്പുവച്ചത്.

ദക്ഷിണ ചൈനാ കടലില്‍ ഫിലിപ്പീൻസും ചൈനയും തമ്മിലുള്ള സംഘർഷ സാധ്യത വർദ്ധിച്ച സാഹചര്യത്തിലായിരുന്നു പ്രതിരോധ സംവിധാനങ്ങളുടെ ശക്തി കൂട്ടാൻ ഫിലിപ്പീൻസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ബ്രഹ്മോസ് മിസൈലുകളുടെ ഓർഡറിന് ഇന്ത്യയുമായി കരാറിലേർപ്പെടുകയും ചെയ്തു. നിലവില്‍ ഇന്ത്യ കൈമാറിയ മിസൈല്‍ സിസ്റ്റം തീരദേശ മേഖലകളില്‍ വിന്യസിക്കാനാണ് ഫിലിപ്പീൻസിന്റെ തീരുമാനം.

ഭാരതത്തിന്റെ ഡിഫൻസ് റിസർച്ച്‌ ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനും (DRDO) റഷ്യയുടെ എൻപിഒ മിഷിനോസ്ട്രോയെനിയയും സംയുക്തമായി ചേർന്നാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ വികസിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ മിസൈല്‍ പ്രോഗ്രാമുകളിലൊന്നായി ബ്രഹ്മോസിനെ വിലയിരുത്തുന്നു. ഭാരതത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും സുപ്രധാന പങ്കുവഹിക്കുന്നവയാണ് ബ്രഹ്മോസ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m