സീറോ മലബാർ സഭ ആന്താരാഷ്ട്രതലത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ യുവജന നേതൃസംഗമത്തിന് ഇന്ന് തിരിതെളിയും

ഭാരതത്തിന് വെളിയിലെ സീറോ മലബാർ യുവജനങ്ങൾക്കായി ആന്താരാഷ്ട്രതലത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ യുവജന നേതൃസംഗമo ജൂൺ 17ന് (ഇന്ന് )റോമിൽ വെച്ച് നടക്കും.

പാശ്ചാത്യ നാടുകളിൽ ജീവിതം കെട്ടിപ്പടുക്കുന്ന സീറോ മലബാർ യുവജനങ്ങളെ മിഷണറി തീക്ഷ്ണതയോടെ മുന്നേറാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന യുവജന നേതൃസംഗമത്തിന് ‘എറൈസ് 2022’ എന്നാണ് പേരിട്ടിരിക്കുന്നത്.

അമേരിക്കയിലെ ചിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്‌ട്രേലിയയിലെ മെൽബൺ, യു.കെയിലെ ഗ്രേറ്റ് ബ്രിട്ടൺ എന്നീ സീറോ മലബാർ രൂപതകളുടെയും യൂറോപ്പിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് നേതൃസംഗമം. ആഗോള സഭയുടെ ഭരണസിരാകേന്ദ്രമായ റോമിലെ ‘മരിയ മാത്തർ’ പൊന്തിഫിക്കൽ കോളജ് വേദിയാകുന്ന സംഗമം ജൂൺ 22വരെ നീണ്ടു നിൽക്കും. ഈ യുവജന നേതൃനിരയെ വത്തിക്കാനിൽ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പാ അഭിസംബോധന ചെയ്യും . ജൂൺ 18 വത്തിക്കാൻ സമയം ഉച്ചയ്ക്ക് 12.00നാണ് പേപ്പൽ കൂടിക്കാഴ്ച.

പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം അധ്യക്ഷൻ കർദിനാൾ ലിയാനാർദോ സാന്ദ്രി സംഗമത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്, മിസിസാഗാ സീറോ മലബാർ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌ക്കോ പുത്തൂർ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, യൂറോപ്പിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരുടെ മുഴുവൻ സമയ പങ്കാളിത്തവും ‘എറൈസ് 2022’നെ ശ്രദ്ധേയമാക്കും.

ക്രിസ്തുവിനെ കണ്ടുമുട്ടുകയും അവിടുന്നുമായുള്ള ആത്മബന്ധത്തിന് ആഴം കൂട്ടുകയും ചെയ്യുക, സീറോ മലബാർ സഭയെയും അതിന്റെ അപ്പസ്‌തോലിക പാരമ്പര്യവും അനുഭവിച്ചറിയുക, സീറോ മലബാർ സഭയുടെ ദൗത്യത്തിലേക്കും പ്രവർത്തനങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കുക, അവരെ മിഷനറി ചൈതന്യമുള്ള തീർത്ഥാടകരാക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ അൽഫോൻസ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ, വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ് എന്നിവരാണ് സംഗമത്തിന്റെ വിശേഷാൽ മധ്യസ്ഥർ. സംഗമത്തിന്റെ ഓരോ ദിനത്തിലും ഓരോ തിരുവചനമാണ് ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group