‘യുവാക്കളുടെ മുഖം വാടാതെ നോക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തം’ : മുഖ്യമന്ത്രി

യുവാക്കള്‍ നാടിന്‍റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്‍റെ ഉത്തരവാദിത്തമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

യുവാക്കളുടെ മുഖം വാടിയാല്‍ വരും തലമുറകളുടെ കാര്യമാകെ ഇരുളിലാകും. അതു സഹിക്കാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ യുവാക്കള്‍ക്ക് ഏറ്റവും വലിയ കരുതല്‍ സർക്കാരില്‍ നിന്നുണ്ടാകും- മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസിന്‍റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവാക്കള്‍ തൊഴില്‍ തേടി വിദേശത്തേക്കു പോകുന്നതിനെ കേവലം ബ്രെയിൻ ഡ്രെയിൻ ആയി ചുരുക്കിക്കാണേണ്ടതില്ലെന്നും കേരളത്തിന്റെ സോഷ്യല്‍ ക്യാപിറ്റലിനെ ലോകത്താകെ വിന്യസിക്കുന്ന പ്രക്രിയയായി ഇതിനെ കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുകള്‍ ഇല്ലാത്തതോ മാന്യമായി തൊഴില്‍ ചെയ്യാനുള്ള സാഹചര്യമില്ലാത്തതോ ആയ സ്ഥലമാണ് കേരളമെന്നു പലരും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കള്‍ വിദേശത്തേക്ക് പോകുന്നത് ഇതുകൊണ്ടാണെന്ന് അത്തരക്കാർ ആക്ഷേപിക്കാറുണ്ട്. നമ്മുടെ യുവാക്കള്‍ തങ്ങളുടെ ശേഷികള്‍ക്കനുസൃതമായ തൊഴിലുകള്‍ തേടി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പോകാറുണ്ട് എന്നത് വസ്തുതയാണ്. കുടിയേറ്റത്തിന്റെ ഒരു നൂറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്ന ചരിത്രം തന്നെ കേരളത്തിനുണ്ട്. ഏതു നൂതന മേഖലയിലും ലോകത്താകെ ഇന്നു മലയാളികളുണ്ട്. നമ്മള്‍ ആ മേഖലകളിലെല്ലാം മികച്ച ശേഷികള്‍ കൈവരിച്ചതുകൊണ്ടാണ്. കേരളീയരുടെ പ്രവാസം നമ്മള്‍ ആർജ്ജിച്ച കഴിവുകളുടെയും ശേഷികളുടെയും ദൃഷ്ടാന്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group