കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനത്തിൽ ഇറ്റലിക്ക് നഷ്ടപ്പെട്ടത് 43 വൈദികരെ

Italy loses 43 priests in second phase of Covid-19 expansion

റോം: ഇറ്റലിയിൽ രണ്ടാം പ്രാവശ്യവും കോവിഡ് മഹാമാരി നടത്തിയ സംഹാര താണ്ഡവത്തിൽ കത്തോലിക്കാ സഭയ്ക്കു നഷ്ടപ്പെട്ടത് 43 വൈദികരെയാണ്. നവംബർ മാസത്തിൽ മാത്രമാണ് ഇത്രയും വൈദികർ കോവിഡ് ബാധിച്ചു മരണമടഞ്ഞത്. കോവിഡ് പകർച്ച വ്യാധിയിൽ ഇറ്റലിയിൽ ഇതുവരെ 167 വൈദികരാണ് മരണമടഞ്ഞതെന്ന് ഇറ്റാലിയൻ ബിഷപ്പ് കൗണ്സിലിന്റ പത്രം L’Avvenire റിപ്പോർട്ട് ചെയ്തു. മിലാനിലെ വിരമിച്ച സഹായമെത്രാൻ ബിഷപ്പ് മാർക്കോ വിർജിലിയോ ഫെരാരി നവംബർ 23 -നാണ് മരണമടഞ്ഞത്. ഒക്ടോബർ തുടക്കത്തിൽ കാസെർട്ട രൂപതയിലെ ബിഷപ്പ് ജിയോവന്നി ഡി അലൈസ് കോവിഡ് ബാധിച്ചു മരണമടഞ്ഞിരുന്നു. ഇറ്റാലിയൻ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ പ്രസിഡന്റ് കർദ്ദിനാൾ ഗ്വാൾട്ടീറോ ബസേത്തി ഈ മാസം ആദ്യം കോവിഡ്-19 രോഗബാധിതനായിരുന്നു. 11 ദിവസം തീവ്രപരിചരണത്തിൽ പെറുഗിയയിലെ ഒരു ആശുപത്രിയിൽ ചെലവഴിച്ചതിനുശേഷം കഴിഞ്ഞയാഴ്ച നെഗറ്റീവ് ആയ അദ്ദേഹം, സുഖം പ്രാപിച്ചു വരികയാണ്.

പ്രാദേശികമായ വൈറസ്ബാധ കൂടുതലുള്ള ചില സ്ഥലങ്ങളിൽ സമ്പൂർണ്ണ ലോക്ക്ഡൗണും കർഫ്യൂയും ഏർപ്പെടുത്തലും, വൈകുന്നേരം 6 മണിക്ക് ശേഷം റെസ്റ്റോറന്റുകളിലും ബാറുകളിലും ആളുകൾക്ക് പ്രവേശനം നിരോധനം ഏർപ്പെടുത്തൽ ഉൾപ്പടെ നിയന്ത്രണങ്ങൾ കഴിഞ്ഞ മാസം ആദ്യം മുതൽ ഇറ്റാലിയൻ ഗവർമെന്റ് നടത്തിയിരുന്നു. ഇറ്റലിയിൽ കൊറോണ വൈറസിന്റെ രണ്ടാം വ്യാപനമാണ് ഇപ്പോൾ കാണുന്നത്. ഇതേ തുടർന്ന് 7,95,000 -ത്തിലധികം പോസിറ്റീവ് കേസുകളുണ്ടെന്നും ഫെബ്രുവരി മുതൽ രാജ്യത്ത് ഏകദേശം 55,000 പേർ വൈറസ് ബാധിച്ച് മരിച്ചു എന്നും ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ തരംഗത്തിന്റെ തീവ്രത കുറയുകയാണെന്നും ഇറ്റലിയിലെ ചില പ്രദേശങ്ങളിൽ അണുബാധയുടെ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇനിയും ഉയർന്നിട്ടില്ലെന്നുമാണ് വിദഗ്ദ്ധ റിപ്പോർട്ട്. ഏപ്രിലിൽ, ഇറ്റലിയിലുടനീളമുള്ള ബിഷപ്പുമാർ നിരവധി സെമിത്തേരികൾ സന്ദർശിക്കുകയും പുരോഹിതന്മാരടക്കം കോവിഡ് -19 ബാധിച്ചു മരിച്ചവരുടെ ആത്മാക്കൾക്കായി പ്രാർത്ഥിക്കുകയും അവർക്കായി പ്രത്യേക കുർബാനകൾ അർപ്പിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group