സർക്കാർ നിയമനങ്ങൾ ന്യായമായി നടപ്പിലാക്കണമെന്ന് കെസിവൈഎം തലശ്ശേരി അതിരൂപത

തലശ്ശേരി: അർഹരായവർക്ക് ജോലി നൽകാതിരിക്കുന്നത് അന്യായമാണെന്ന് പി എസ് സിയോട് കെസിവൈഎം തലശ്ശേരി അതിരൂപത. അർഹരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ റാങ്ക് ലിസ്റ്റിൽ ഉണ്ടെന്നിരിക്കെ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതിനോട് പ്രതികരിച്ചുകൊണ്ടാണ് സമിതി സംസാരിച്ചത്. ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത് നിയമപരമായ മാനദണ്ഡങ്ങൾ കണക്കിലെടുത്തുകൊണ്ടായിരിക്കണമെന്നും കെസിവൈഎം വിളിച്ചുചേർത്ത യോഗത്തിൽ ആവശ്യപ്പെട്ടു.   പിൻവാതിൽ നിയമനങ്ങളിലൂടെ ആളുകളെ പ്രവേശിപ്പിക്കുന്നതും അങ്ങനെ നിയമിക്കപ്പെടുന്നവർക്ക് സ്ഥിരജോലി നൽകുന്നതും അംഗീകരിക്കാനാവാത്ത താണ്. സ്ഥിര നിയമനങ്ങൾ നടപ്പിലാക്കേണ്ടത് പിഎസ്‌സി വഴിയാണെന്നും താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടപ്പിലാക്കണമെന്നുമുള്ള ന്യായമായ ആവശ്യമാണ് കെസിവൈഎം ഉന്നയിച്ചിരിക്കുന്നത്.       നിയമനങ്ങളിൽ യുവജനത ആവശ്യപ്പെടുന്നത് നീതി മാത്രമാണ്. അസംഘടിതരായ യുവതലമുറയുടെ പ്രതികരണം നിശബ്ദമാണെന്നതിനാൽ ഈ സാഹചര്യത്തെ ചൂഷണം ചെയ്യരുതെന്നും യോഗം അഭ്യർത്ഥിക്കുന്നു. അതിനാൽ നിയമനങ്ങൾ എല്ലാം ന്യായമായി നടപ്പിലാക്കണമെന്നും പൊതുഖജനാവിൽ നിന്നും ശമ്പളം നൽകുന്ന ജോലികളെല്ലാം തന്നെ മെറിറ്റ് അടിസ്ഥാനത്തിൽ നൽകണമെന്നും കെസിവൈഎം ആവശ്യപ്പെടുന്നു.     കെസിവൈഎം തലശ്ശേരി അതിരൂപത പ്രസിഡന്റ് വിപിൻ മാറാട്ടുകുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഡയറക്ടർ ഫാദർ ജിൻസ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ, വൈസ് പ്രസിഡന്റ് നീന പറപ്പള്ളി, ഡെപ്യൂട്ടി പ്രസിഡണ്ട് ടോണി ജോസഫ്, സെക്രട്ടറി സനീഷ് പാറയിൽ, ട്രഷറർ ജിൻസ് മാമ്പുഴക്കൽ, ജോയിൻ സെക്രട്ടറി ഐശ്വര്യ കുറുമുട്ടം, കെസിവൈഎം സംസ്ഥാന ട്രഷറർ എബിൻ കൂമ്പുക്കൽ, ആനിമേറ്റർ സിസ്റ്റർ പ്രീതി മരിയ, സംസ്ഥാന സിൻഡിക്കേറ്റ് അംഗം ചിഞ്ചു വട്ടപ്പാറ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group