കര്‍ഷകരെ അവഗണിച്ച് കൊണ്ട് കേരള സര്‍ക്കാരിന് മുന്നോട്ട് പോകാനാകില്ല : മാര്‍ ജോസ് പുളിക്കല്‍

സമചിത്തതയോടെ പെരുമാറുന്ന കര്‍ഷകരെ അവഗണിച്ച് കൊണ്ട് കേരളത്തിലെ സര്‍ക്കാരിന് ഒരു കാലത്തും മുന്നോട്ട് പോകാനാകില്ലെന്ന് അധികാരികൾ തിരിച്ചറിയണമെന്ന് കാഞ്ഞിരപ്പിള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍.

കാര്‍ഷിക മേഖലയിലെ അതീവ ഗൗരവകരമായ പ്രശ്‌നങ്ങളും വന്യജീവി ആക്രമണം, റബ്ബര്‍ വിലയിടിവ്, നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, ഭൂനിയമ പരിഷ്‌കരണം തുടങ്ങിയ വിവിധ വിഷയങ്ങളും ഉയര്‍ത്തി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി കോട്ടയം ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച കര്‍ഷക പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

അതിജീവനത്തിനായി കര്‍ഷകര്‍ സംഘടിച്ച് തുടങ്ങിയാല്‍ ഒരിക്കലും അവരെ പിന്‍തിരിപ്പിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം മറന്ന് ധാര്‍ഷ്ട്യത്തോടെ മുന്നോട്ട് പോകുന്ന സര്‍ക്കാരിനുള്ള ശക്തമായ താക്കീതാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ കര്‍ഷക പ്രതിഷേധ ജ്വാലയെന്ന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കര്‍ഷക സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഒരു അടയാളമാണിതെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി കര്‍ഷകര്‍ തെരഞ്ഞെടുപ്പില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ സംഭരണ വില വര്‍ദ്ധിപ്പിച്ചപ്പോള്‍. സംസ്ഥാന സര്‍ക്കാര്‍ സംഭരണ വില കുറയ്ക്കുകയാണ് ചെയ്തത്. മാത്രമല്ല സംഭരിച്ച നെല്ലിന്റെ വില ഉപാധികളോടെയാണ് ഇപ്പോള്‍ നല്‍കുന്നത്. ഉപാധി രഹിതമായി സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് നല്‍കണം. പുതിയ നെല്‍ സംഭരണത്തിന് മുന്നോടിയായി നടത്തേണ്ടിയിരിക്കുന്ന മുന്നൊരുക്കങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇത് നെല്‍ കര്‍ഷരെ വീണ്ടും വഞ്ചിക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ആണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ വെറുക്കുന്ന തലത്തിലേക്കു കേരളത്തെ സര്‍ക്കാര്‍ എത്തിച്ചിരിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group