ന്യൂ ഡല്‍ഹി: സംരംഭകർക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന മുദ്ര ലോണിന്റെ വായ്പാ പരിധി 10 ലക്ഷം രൂപയില്‍നിന്ന് 20 ലക്ഷം രൂപയായി ഉയർത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. മുദ്രയുടെ ‘തരുണ്‍’ വിഭാഗത്തിലാണ് ഈ തുക ലഭിക്കുക.
യുവാക്കളില്‍ സ്വാശ്രയത്വവും സംരംഭകത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെ 2015 ഏപ്രില്‍ 8നാണ് പ്രധാനമന്ത്രി മുദ്രാ യോജന (പിഎംഎംവൈ) ആരംഭിച്ചത്. പൊതുമേഖലാ ബാങ്കുകള്‍, പ്രാദേശിക റൂറല്‍ ബാങ്കുകള്‍, കോഓപറേറ്റിവ് ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്ന് മുദ്ര ലോണ്‍ ലഭിക്കും. വിവിധ ബാങ്കുകള്‍ വ്യത്യസ്ത പലിശ നിരക്കുകളാണ് ഈടാക്കുന്നത്. നിലവിലുള്ള വായ്പകളെല്ലാം അടച്ചു തീർത്തവർക്കാണ് മുദ്ര വായ്പ ലഭിക്കുക.
ശിശു, കിഷോർ, തരുണ്‍ എന്നിങ്ങനെ മൂന്ന് തരം ലോണുകളാണ് മുദ്ര പദ്ധതിക്ക് കീഴിലുള്ളത്. നിലവില്‍ ശിശുവില്‍ 50,000 രൂപ, കിഷോറില്‍ 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ, തരുണില്‍ 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്. ഇന്നത്തെ പ്രഖ്യാപനത്തോടെ തരുണ്‍ പദ്ധതിയുടെ പരിധി 10 ലക്ഷത്തില്‍നിന്ന് 20 ലക്ഷമായി ഉയർത്തി. മറ്റു വിഭാഗങ്ങള്‍ക്കും സ്വാഭാവിക വർധനവുണ്ടാകും.
കൃഷി ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് മാത്രമേ മുദ്രാ ലോണ്‍ നല്‍കുകയുള്ളു. ഓട്ടോറിക്ഷ, ചെറിയ ഗുഡ്‌സ് വെഹിക്കിള്‍, ടാക്‌സി കാർ എന്നിവ വാങ്ങുന്നതിന് മുദ്രാ ലോണ്‍ ഉപയോഗിക്കാം. ഇതിന് പുറമെ ബാർ, സലൂണ്‍, ജിം, ബുട്ടീക്ക്, തയ്യല്‍ കട, ബൈക്ക് റിപ്പയർ ഷോപ്പ്, ഡിടിപി, ഫോട്ടോകോപ്പി കട, മരുന്ന് കട, കൊറിയർ സർവിസ്, ഡ്രൈ ക്ലീനിംഗ് എന്നിവയ്ക്കും മുദ്രാ ലോണ്‍ ഉപയോഗിക്കാം.
അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം, മുൻപെടുത്ത വായ്പകളില്‍ വീഴ്ചയുണ്ടായിരിക്കരുത്, കോർപറേറ്റ് സ്ഥാപനമായിരിക്കരുത്, അപേക്ഷകന് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം, 18 വയസ് തികയണം എന്നിങ്ങനെയാണ് നിബന്ധനകള്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group