സ്നേഹത്താൽ നിർമ്മിക്കപ്പെട്ടവൾ വിശുദ്ധ അൽഫോൻസാമ്മ….

സ്നേഹത്താല്‍ നിര്‍മ്മിക്കപ്പെട്ടവള്‍
“എനിക്കുള്ളത് സ്നേഹപ്രകൃതമാണ്; എന്റെ ഹൃദയം മുഴുവനും സ്നേഹമാണ്. ആരെയും വെറുക്കാന്‍ എനിക്കു കഴിയുകയില്ല.” അല്‍ഫോന്‍സാ സൂക്തങ്ങള്‍.
ഹൃദയം നിറയെ സ്നേഹമായാല്‍ അതില്‍ വേറൊന്നിനും സ്ഥലമുണ്ടാകില്ല. യഥാര്‍ത്ഥ പ്രേമകഥകള്‍ക്ക് ഒരിക്കലും അവസാനമുണ്ടാകുന്നില്ല. ഒരിക്കലും അവസാനിക്കാത്ത ഒരു പ്രേമകഥയായിരുന്നു അല്‍ഫോന്‍സാമ്മയുടേത്. കുട്ടിക്കാലം മുതല്‍ അവള്‍ ഈശോയെ സ്നേഹിച്ചു. സ്നേഹം സമ്പൂര്‍ണമായ വിട്ടുകൊടുക്കലാണ് എന്നവള്‍ തിരിച്ചറിഞ്ഞു. അതുകൊണ്ട് ഈശോയ്ക്ക് അവള്‍ പൂര്‍ണമായും സമര്‍പ്പിച്ചു. ഞാന്‍ തന്നെ സ്നേഹമാണ്, എന്‍റെ സ്വാഭാവിക പ്രക്രുതി തന്നെ സ്നേഹമാണ്, ഞാന്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതു തന്നെ സ്നേഹം കൊണ്ടാണ് എന്ന് അവള്‍ ഏറ്റുപറഞ്ഞു. “എനിക്കുള്ളത് സ്നേഹപ്രക്രുതമാണ്; എന്‍റെ ഹ്രുദയം മുഴുവന്‍ സ്നേഹമാണ്”. സ്നേഹം നിറഞ്ഞു നില്‍ക്കുന്നിടത്ത് എതിര്‍ വികാരങ്ങള്‍ക്ക് സ്ഥലമില്ല. സര്‍വ്വം സ്നേഹമയം. മനസ്സും ഹ്രുദയവും നിറഞ്ഞു നിന്ന സ്നേഹത്തിന്‍റെ കവിഞ്ഞൊഴുകലാണ് അന്നക്കുട്ടിയെ അല്‍ഫോന്‍സായും വിശുദ്ധയുമാക്കിയത്. സഹനത്തിന്‍റെ അര്‍ത്ഥവും രക്ഷാകര മൂല്യവും മനസ്സിലാക്കാന്‍ സ്നേഹം അവളെ സഹായിച്ചു. സാഗരം പോലെ വിശാലമായ ദൈവസ്നേഹത്തിന് ഒരിക്കലും അവസാനമില്ല. കടലിന്‍റെ മറുകര എവിടെയാണെന്ന് നമുക്കറിയില്ലല്ലോ? അത്രയും വലിയ സ്നേഹക്കടലില്‍ ജീവിക്കുമ്പോള്‍ സഹനം സഹനമല്ല, സ്നേഹത്തിന്‍റെ മറ്റൊരു രൂപം മാത്രം. വിശുദ്ധ ഇഗ്നേഷ്യസ് പറയുന്നതുപോലെ സഹനവുമായി ഞാന്‍ അഗാധമായ പ്രണയത്തിലാണ്. പക്ഷെ, അതിനു ഞാന്‍ തികച്ചും യോഗ്യനാണോ എന്ന് എനിക്കുറപ്പില്ല. സ്നേഹം ഇല്ലാതാകുന്നതാണ് ഏറ്റവും വലിയ സഹനം. ഈ തിരിച്ചറിവായിരുന്നു അല്‍ഫോന്‍സാമ്മയുടെ ജീവിത വിജയം. സഹനം സ്നേഹമാകുമ്പോള്‍ സ്നേഹം സഹനമാകുന്നില്ല. മറിച്ച് സഹനം രക്ഷാകരമാകുന്നു. എനിക്ക് മാത്രമല്ല ഞാന്‍ സ്നേഹിക്കുന്നവര്‍ക്കും. എന്‍റെ സ്നേഹത്തിന് അതിരുകളില്ലാത്തതു കൊണ്ട് എന്‍റെ സഹനം എല്ലാവര്‍ക്കും രക്ഷയ്ക്ക് കാരണമാകുന്നു.
സഹനത്തെ സ്നേഹം കൊണ്ട് വരിച്ച് വിശുദ്ധയായി തീര്‍ന്ന അല്‍ഫോന്‍സാമ്മയോട് നാം പ്രാര്‍ത്ഥിക്കേണ്ടത് നമ്മുടെ സഹനങ്ങളെ എടുത്തുമാറ്റാന്‍ സഹായിക്കണേ എന്നല്ല, മറിച്ച് അവയെ മനസ്സിലാക്കുവാനും സ്നേഹിക്കുവാനും സഹായിക്കണേ എന്നാണ്. അല്‍ഫോന്‍സാമ്മ തന്നെ പറഞ്ഞിട്ടുണ്ട്, “ഞാന്‍ അപേക്ഷിച്ചാല്‍ കുരിശുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ; അവ സഹിക്കാന്‍ സന്നദ്ധതയുണ്ടെങ്കില്‍ മാത്രം നിങ്ങള്‍ എന്റെ പ്രാര്‍ത്ഥന തേടിയാല്‍ മതി.”
ദൈവസ്നേഹം സഹനത്തില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നില്ല. എന്നാല്‍, സഹനത്തില്‍ അത് നമുക്ക് തുണയേകുന്നു.

ഫാ. ജെയിംസ് കുരുകിലാംകാട്ട്
തോമസയിന്‍ റിസര്‍ച്ച് സെന്‍റര്‍, തുമ്പൂര്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group