തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനും മുൻ വികാരി ജനറാളുമായ മോൺ. ജോസഫ് കാക്കശ്ശേരി (93) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ: തൃശൂർ അതിരൂപതയിലെ പ്രിയങ്കരനായ വികാരി ജനറാൾ, പ്ര​ഗത്ഭനായ ഇടവക വികാരി, ഭരണതന്ത്രജ്ഞൻ, സാമൂഹ്യ പ്രവർത്തകൻ, സംഘാടകൻ, ശക്തനായ സ്ഥാപനാധികാരി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മോൺ. ജോസഫ് കാക്കശ്ശേരി 2021 ജൂലൈ 20 പുലർച്ചെ 1മണിക്ക് അന്തരിച്ചു. മൃതസംസ്കാരം 2021 ജൂലൈ 21 ബുധൻ രാവിലെ 10 മണിക്ക് ആളൂർ (മറ്റം) പള്ളിയിൽ വെച്ച് മാർ ആൻഡ്രൂസ് താഴതത്ത് മെത്രാപ്പേലീത്തയുടെ കാർമ്മികത്വത്തിൽ നടത്തുന്നു.
ആളൂർ (മറ്റം) കാക്കശ്ശേരി പരേതരായ തോമസ്-കുഞ്ഞായി ദമ്പതികളുടെ മകനായി 1928 നവംബർ ഇരുപത്തിരണ്ടിനു ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, റോമിലെ പ്രൊപ്പ​ഗാന്ത ഫീദെ സെമിനാരി എവിടങ്ങളിലെ വൈദികപരിശീലനത്തിനുശേഷം 1955 ഡിസംബർ 21ന് കർദ്ദിനാൾ ക്ലെമന്റ് മിക്കാരയിൽ നിന്ന് റോമിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു.
ഒമനിയ ഒമനിബൂസ് (ജാതിമതഭേദമെന്യേ എല്ലാവർക്കും ക്രിസ്തുവിനെ സാക്ഷ്യം നൽകുക ) എന്ന ആപ്തവാക്യവുമായി സെന്റ് മേരീസ് മൈനർ സെമിനാരിയിൽ വൈസ് റെക്ടറായി പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ച ജോസഫച്ചൻ അവിട്ടത്തൂർ, പെരിഞ്ചേരി, പാലക്കൽ, തൃശൂർ ലൂർദ്ദ് കത്തിഡ്രൽ, തൃശൂർ വ്യാകുലമാതാവിന്റെ ബസിലിക്ക, ഒല്ലൂർ, പാവറട്ടി എന്നിവിടങ്ങളിൽ വികാരിയായും എം.എം.ബി., സി.എസ്.എം., എസ്.എസ്.ജെ. ഡബ്ളിയൂ. എന്നീ സന്യാസസമൂഹങ്ങളുടെയും അവിണിശ്ശേരി ബാലസദൻ, സോഷ്യൽ ആക്ഷൻ, സേവ് എ ഫാമിലി, സെന്റ് മേരീസ് ഓർഫനേജ്, എെ. ടി. സി., ജൂബിലി മിഷൻ ആശുപത്രി, സെന്റ് ജോസഫ്സ് പ്രീസ്റ്റ് ഹോം, പാവറട്ടി സാൻജോസ് ആശുപത്രി, ഏങ്ങണ്ടിയൂർ എം. എെ. ആശുപത്രി എന്നിവയുടെയും ഡയറക്ടകറായും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. മതബോധനം, സി. എൽ. സി., പ്രൊപഗേഷൻ ഓഫ് ഫെയ്ത്, തിരുബാലസഖ്യം എന്നിവയുടെ അസി. ഡയറക്ടറായും ലേ ലീഡർഷ്പ്, ലീജിയൻ ഓഫ് മേരി എന്നിവയുടെ സ്പിരിച്ച്വൽ ഡയറക്ടറായും സേവനം ചെയ്തു. അതിരൂപത ആലോചനസമിതി, വൈദികസമിതി, പാസ്റ്ററൽ കൗൺസിൽ, കൺസ്ട്രക്ഷൻ കമ്മറ്റി എന്നിവയിൽ അംഗമായിരുന്നു. അതിരൂപത കാര്യലയത്തിൽ വൈസ് ചാൻസലർ, അസി. പ്രൊക്യുറേറ്റർ, അഡ്മിനിസ്ട്രേറ്റർ, വികാരി ജനറാൾ എന്ന നിലകളിലും, സെന്റ് തോമസ് കോളേജ് മാനേജറായും ബഹു. അച്ചൻ തന്റെ സേവനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ബഹു. അച്ചൻ പല നിർമ്മാണപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്: സെന്റ് തോമസ് കോളേജ്, സെന്റ് ജോസഫ്സ് പ്രീസ്റ്റ് ഹോം, ജൂബിലി മിഷൻ ആശുപത്രി എന്നിവ എടുത്തു പറയേണ്ടതാണ്. ത്യാഗരാജാർ പോളിടെക്നിക്, ജ്യോതി എഞ്ചിനിയറിംങ് കോളേജ്, സോഷ്യൽ വെൽഫെയർ സെന്റർ എന്നിവ അദ്ദേഹത്തിന്റെ ദീർഘദൃഷ്ടിയുടെ ഉത്തമോദ്ദാഹരണങ്ങളാണ്.
2009 ഫെബ്രുവരി 5 മുതൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. പരേതരായ മാത്യു, ചേറു, സി. ഡെൽഫീന എഫ്സിസി, കുഞ്ഞായി, കുരിയൻ എന്നിവർ സഹോദരങ്ങളാണ്.
ദൈവജനത്തിനായി അക്ഷീണം യത്നിച്ച് സ്വർഗ്ഗസമ്മാനത്തിനായി വിളിക്കപ്പെട്ട കാക്കശ്ശേരി ബഹു. മോൺ. ജോസഫ് അച്ചന് തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലി!!

ഫാ. നൈസൺ ഏലന്താനത്ത്
തൃശൂർ അതിരൂപത പി.ആർ.ഒ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group