കോട്ടയം: ഇനി കോട്ടയത്തിന്റെ സങ്കടങ്ങള്‍ക്ക് മേല്‍ സാന്ത്വനം വെച്ചുകെട്ടാൻ മദർ തെരേസയുടെ പിൻഗാമികള്‍ ഉണ്ടാകില്ല.
സ്ഥലപരിമിതികളുടെ അസൗകര്യങ്ങളില്‍ നിസ്സഹായരായതോടെ സ്നേഹവും പരിചരണവും നല്‍കി 50 വർഷം കോട്ടയത്തിന് ഒപ്പമുണ്ടായിരുന്ന മിഷനറീസ് ഒാഫ് ചാരിറ്റി സന്ന്യാസസമൂഹം കോട്ടയത്തെ സ്നേഹവാതിലുകള്‍ എന്നെന്നേക്കുമായി പൂട്ടി പടിയിറങ്ങി. അഭയഭവനിലെ 58 അന്തേവാസികളെ മറ്റ് സുരക്ഷായിടങ്ങളിലേക്ക് മാറ്റിയിരുന്നു. ഇതോടെ 1974-ല്‍ മദർ തെരേസ കോട്ടയത്ത് നേരിട്ടെത്തി കീഴ്കുന്നില്‍ തുറന്ന അഭയഭവനത്തിനാണ് പൂട്ട് വീണത്.
ആയിരക്കണക്കിന് പേർക്ക് അഭയവും സംരക്ഷണവും നല്‍കിയ കോണ്‍വെന്റില്‍ നിലവിലെ എട്ട് സന്ന്യാസിനിമാർ വെള്ളിയാഴ്ച രാവിലെ യാത്രയായി. അഭയഭവൻ നടത്താനായി നല്‍കിയ കെട്ടിടത്തിന്റെ താക്കോല്‍ വിജയപുരം രൂപതയ്ക്കും കോണ്‍വെന്റിലേത് ഉടമസ്ഥർക്കും കൈമാറി. അഭയഭവന് മുന്നിലെ രൂപക്കൂട്ടിലെ മദർ തെരേസയുടെ രൂപവും എടുത്ത് ഒരു പരസ്യ യാത്രപറച്ചില്‍കൂടി ഒഴിവാക്കി മടക്കം. ‘ആരോടും ഒന്നും പറയാനില്ല’ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒറ്റവാക്കില്‍ അവർ പറയുന്നു.
‘എനിക്കിപ്പോള്‍ 50 വയസ്സ്. ഞാൻ ജനിച്ച വർഷമാണ് മദർ എത്തി എന്റെ വീടിന് തൊട്ട് ചേർന്ന് അഭയഭവനം തുടങ്ങിയത്. അന്നൊക്കെ അയല്‍പക്കക്കാർക്ക് വലിയ ദാരിദ്ര്യമാണ്. അവർ ഞങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നും തന്നു’.- ചിത്രകാരനും നാട്ടുകാരനുമായ സിബി പീറ്റർ പറയുന്നു.
പകർച്ചവ്യാധി ഉള്‍പ്പെടെ ഏതുതരം അസുഖം ബാധിച്ചവരെയും ശുശ്രൂഷിച്ചു. സ്കൂള്‍കുട്ടികള്‍ക്ക് ബിസ്കറ്റും മെയ്സ് ഉപ്പുമാവും വയർ നിറച്ച് നല്‍കി. വീട്ടമ്മമാരെ തുന്നല്‍പ്പണി പോലുള്ള
ജോലികള്‍ പരിശീലിപ്പിച്ചു. കറുത്ത തുണിസഞ്ചിയില്‍ ഭിക്ഷയാചിച്ച് കിട്ടുന്ന പണമാണ് സേവനത്തിനായി ഉപയോഗിച്ചിരുന്നതെന്ന് അഭയഭവന്റെ അയല്‍വാസികളായ സി.എം. സേവ്യറും കെ.ജി. ഷിബുവും ഓർക്കുന്നു.
കോട്ടയത്ത് ആദ്യമായി മദർ തെരേസ എത്തുമ്ബോള്‍ കൊല്‍ക്കത്തയിലെ ആശ്രമത്തിന് സമീപം താമസിച്ചിരുന്ന റബ്ബർ വ്യാപാരി കഞ്ഞിക്കുഴി പാറമേല്‍ പി.എം. ജോസഫിന്റെ വീട്ടിലുമെത്തി. കോട്ടയത്ത് ജോസഫിന്റെ ഒരുവീട് കിട്ടിയാല്‍ കോണ്‍വെന്റും അഭയഭവനും തുടങ്ങാമെന്നായി മദർ തെരേസ. അങ്ങനെ കോട്ടയത്ത് േസവനം തുടങ്ങി. ഇപ്പോള്‍ കഞ്ഞിക്കുഴി കല്‍ക്കട്ട വീട്ടിലുള്ള ജോസഫിന്റെ മകള്‍ എസ്.ബി.ഐ. റിട്ട. സീനിയർ അസിസ്റ്റന്റ് ഫിലോമിന സൈമണും മകൻ അഡ്വ. ചാക്കോ െെസമണും മദറിന്റെ ഓർമ്മകള്‍ ഹൃദയത്തിലേറ്റുന്നു. കൊല്‍ക്കത്തയിലെ കുട്ടിക്കാലംമുതല്‍ മദറുമായുണ്ടായിരുന്ന ബന്ധം അഭയഭവനിലൂടെ ഫിലോമിനയ്ക്കുണ്ട്.
ചാക്കോയുടെ മകൻ രണ്ട് വയസ്സുകാരൻ സൈമണ്‍ ചാക്കോ സൈമണിന്റെ രണ്ട് പിറന്നാളും ആഘോഷിച്ചത് അവർക്കൊപ്പം. ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവ് െെസമണ്‍ ജെയിംസിനൊപ്പവും കുറേ നാള്‍ കൊല്‍ക്കത്തയിലുണ്ടായിരുന്ന ഫിലോമിന, മദർ മരിക്കുന്നതിന് ആറ് മാസം മുന്പും കണ്ടു. വിവാഹം കഴിഞ്ഞ് ഒൻപത് വർഷങ്ങള്‍ക്ക് ശേഷം മദർ പറഞ്ഞതനുസരിച്ച് പ്രാർത്ഥിച്ച് കിട്ടിയ ആദ്യമകനെ അന്നേ മദറിനെ കാണിച്ചിരുന്നു. ആ ചിത്രം ഇപ്പോഴും ഇവർക്കൊപ്പമുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….