മിത്തുകൾ ശാസ്ത്രബോധത്തിന് എതിരോ?

കണക്കിലെ സൂത്രവാക്യങ്ങൾ ശാസ്ത്രീയമാണോ? ഒരു നിശ്ചിത തത്വത്തെ ആവിഷ്കരിക്കുന്ന ഒരു ആഖ്യാനം അശാസ്ത്രീയമാണെന്നു തീർത്തു പറയാമോ? ഒരു യഥാർഥ്യത്തെ ആവിഷ്കരിക്കാൻ ശാസ്ത്രം ഉപയോഗിക്കുന്ന ഭാഷ ഒന്ന്, അതേ യാഥാർഥ്യത്തെ ആവിഷ്കരിക്കാൻ തത്വശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ഭാഷ മറ്റൊന്ന്. ഇവിടെ ‘ഭാഷ’ എന്നത് വ്യത്യസ്ത സംസാര ഭാഷകൾ എന്ന അർത്ഥത്തിലല്ല, ഭാഷയുടെ വ്യത്യസ്ത പ്രയോഗരീതികൾ എന്ന അർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. കവിതയിൽ ഉപയോഗിക്കുന്ന ഭാഷയും ബയോളജി പുസ്തകത്തിൽ ഉപയോഗിക്കുന്ന ഭാഷയും ഒന്നാവുക സാധ്യമല്ല. കവിതയിൽ സത്യമില്ല എന്നു പറയാൻ കഴിയുമോ? മനുഷ്യനെ ചിത്രീകരിക്കാൻ ഒരു വൈദ്യശാസ്ത്രജ്ഞനും ഒരു തത്വചിന്തകനും ഒരു കവിയും ഒരു ചിത്രകാരനും ഉപയോഗിക്കുന്നത് ഒരേ സാങ്കേതമല്ല. മതപരമായ കാര്യങ്ങൾക്കു മതപരമായ ഭാഷയുണ്ട്, സാങ്കേതങ്ങളുണ്ട്. വാക്കുകളുടെ അർത്ഥവും ധ്വനിയും ആവിഷ്കാര രീതിയും ശൈലിയുമെല്ലാം അതിന്റെ സാഹചര്യത്തിനും ഉപയോഗത്തിനും അനുസരിച്ചു വ്യത്യസ്തമായി വരാം.

ക്രിസ്തു ലളിതമായ ഉപമകളിലൂടെയാണ് ഗഹനമായ കാര്യങ്ങൾ ജനങ്ങളോടു പറഞ്ഞത്. പാണൻ തന്റെ പാട്ടിലൂടെ മനുഷ്യ ജീവിതം എന്തെന്നു പറയുന്നു. ഒരാൾ കഥയിലൂടെ മനുഷ്യ സ്വഭാവത്തിന്റെ സങ്കീർണ്ണതകൾ ആവിഷ്കരിക്കുന്നു. മറ്റൊരാൾ തന്റെ നാടകങ്ങളിലൂടെ വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘർഷങ്ങളെ തുറന്നു കാട്ടുന്നു. വിക്ടർ ഹ്യൂഗോയും ലിയോ ടോൽസ്റ്റോയിയും ദസ്തയെവ്സക്കിയും മനുഷ്യ സ്വഭാവത്തിന്റെ സങ്കീർണ്ണതകളെ തങ്ങളുടെ നോവലുകളിലൂടെ വരച്ചുകാട്ടുന്നു. ഹോമറും വ്യാസനും വാത്മീകിയും മനുഷ്യജീവിതത്തിന്റെ സങ്കീർണതകൾ മിത്തുകളിലൂടെയും പുരാണങ്ങളിലൂടെയും ആവിഷ്കരിക്കുന്നു!

ഗ്രീക്ക് തത്വചിന്തകരായ സോക്രട്ടീസും പ്ളേറ്റോയും അരിസ്റ്റോട്ടിലും തത്വചിന്തയെ പുരാണങ്ങളിൽനിന്നും മിത്തുകളിൽനിന്നും വേർതിരിച്ചു തത്വങ്ങളായി ആവിഷ്കരിച്ചു. അക്വീനാസും റൂസ്സോയും ഹേഗലും മാർക്സും തത്വചിന്തകളുറങ്ങുന്ന മിത്തുകളെയും പുരാണങ്ങളേയും ശാസ്ത്രീയമായി വ്യാഖ്യാനിച്ചു മനുഷ്യ സമൂഹത്തിന്റെ പരിവർത്തനത്തിനും പുരോഗതിക്കുമുള്ള തത്വചിന്താ പദ്ധതികൾ ആവിഷ്കരിച്ചു. മനഃശാസ്ത്രജ്ഞരായ ഫ്രോയിഡും യുങ്ങും തങ്ങളുടെ തത്വങ്ങൾക്കു രൂപം നൽകിയത് പുരാതന മിത്തുകൾ വ്യാഖ്യാനിച്ചുകൊണ്ടായിരുന്നു. സാമൂഹ്യ ശാസ്ത്രത്തിന്റെ പിതാവായ എമയിൽ ദുർഖേയ്‌മ് മനുഷ്യന്റെ സാമൂഹ്യഅബോധത്തിന്റെ പ്രവർത്തനങ്ങളെ പൗരാണിക സമൂഹങ്ങളിൽ നിലനിന്ന മിത്തുകളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും വിശകലനം ചെയ്തുകൊണ്ടാണ് വിശദീകരിക്കാൻ ശ്രമിച്ചത്.

മനുഷ്യ വംശത്തിന്റെ പുരോഗതിയും വളർച്ചയും സംബന്ധിച്ച എല്ലാ ശാസ്ത്രീയ സിദ്ധാന്തങ്ങളും അടിസ്ഥാനമാക്കിയിരിക്കുന്നത് സമൂഹത്തിൽ നിലനിൽക്കുന്ന മിത്തുകളെയും ആചാരങ്ങളെയും സംബന്ധിച്ച പഠനങ്ങളിലാണ്. അപ്പോൾ, സമൂഹത്തിൽ ‘സയിന്റിഫിക് ടെമ്പർ’ വളർത്താൻ മിത്തുകളെ തള്ളിപ്പറയണമോ? മിത്തുകളെയും സങ്കൽപ്പങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് സത്യത്തിലേക്കുള്ള പാത തുറക്കാൻ മനുഷ്യനു കഴിയുമോ? മിത്തിനെ അപ്പാടെ തള്ളിക്കളഞ്ഞാൽ, ‘വർഗ രഹിത സമൂഹം’ എന്ന മിത്തിനെ പിന്നെ എങ്ങിനെ വ്യാഖ്യാനിക്കും? വർഗരഹിത സമൂഹം തള്ളിക്കൊണ്ട്, മാർക്സിസത്തെ രക്ഷിച്ചെടുക്കാൻ ആർക്കെങ്കിലും കഴിയുമോ?

കടപ്പാട് : റവ ഫാ. വർഗീസ് വള്ളിക്കാട്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group