നിപ : കര്‍ശന നിയന്ത്രണങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശക വിലക്ക്

മലപ്പുറം: നിപ ബാധ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തില്‍ കർശന നിയന്ത്രണങ്ങള്‍. ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്.

വിവാഹം, സല്‍ക്കാരം അടക്കമുളള പരിപാടികള്‍ക്ക് പരമാവധി 50 പേർക്കുമാത്രമാണ് അനുമതി. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണമായും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കണം. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വേണ്ടത് ജാഗ്രതയാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് ഇന്നലെ പറഞ്ഞിരുന്നു.

നിപ ബാധിതനായ കുട്ടി ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍കോളേജിലും സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ നില അതീവ ഗുരുതരമായ അവസ്ഥയില്‍ തുടരുകയാണ് എന്നാണ് റിപ്പോർട്ട്. വെന്റിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിറുത്തിയിരിക്കുന്നത്. മുപ്പതുപേരടങ്ങിയ പ്രത്യേക സംഘത്തിനാണ് ചികിത്സയുടെ ചുമതല.

പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്ബ്രശ്ശേരി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചത്. അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിക്ക് പനിയുള്ളതിനാല്‍ സാമ്ബിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മൂന്നുബന്ധുക്കളും മുൻപ് ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റൈനില്‍ പ്രവേശിച്ചു. നേരിട്ട് സമ്ബർക്കത്തിലായ 60 പേരുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയയ്ക്കും. ഇവർ ഹൈ റിസ്ക് വിഭാഗത്തിലാണ്. 214പേർ നിരീക്ഷണത്തിലാണ്. സമ്ബർക്കപ്പട്ടികയിലുള്ളവരെ ക്വാറന്റൈനിലേക്ക് മാറ്റും.

വൈറസ് ബാധ ഉണ്ടായതെങ്ങനെയെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. കുട്ടി ഏതാനും ദിവസം മുമ്ബ് അമ്ബഴങ്ങ കഴിച്ചുവെന്ന് സംശയമുണ്ട്. 10ന് പനി ബാധിച്ച കുട്ടിക്ക് 12ന് പാണ്ടിക്കാടുള്ള സ്വകാര്യ ക്ലിനിക്കിലും 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15ന് ഇതേ ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും 19ന് രാത്രി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ ശേഖരിച്ച സാമ്ബിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

അഞ്ചാം തവണയാണ് നിപ കേരളത്തെ ഭീതിയിലാക്കുന്നത്.2018ലായിരുന്നു തുടക്കം. അന്ന് 19 പേരില്‍ സിസ്റ്റർ ലിനി ഉള്‍പ്പെടെ 17 പേരാണ് മരിച്ചത്. 2021ല്‍ ഒരാളും, 2023 രണ്ടുപേരും മരിച്ചു. മൂന്ന് തവണയും കോഴിക്കോടിനെ പിടിച്ചുലച്ചു. 2019 ജൂണില്‍ എറണാകുളത്ത് എൻജി.വിദ്യാർത്ഥിക്ക് രോഗം ബാധിച്ചെങ്കിലും രക്ഷപ്പെട്ടു.

കണ്‍ട്രോള്‍ സെല്‍ തുറന്നു

മലപ്പുറം പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസില്‍ 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചിട്ടുണ്ട്. 0483-2732010, 0483-2732050, 0483-2732060, 0483-2732090 ആണ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m