“നമ്മുടെ വിശ്വാസത്തേയും കൂട്ടായ്മയേയും ആർക്കും തകർക്കാനാവില്ലാ:മാർ ജോസഫ് പെരുന്തോട്ടം.

ഫരീദാബാദ്: ഡല്‍ഹിയില്‍ തകർക്കപ്പെട്ട ലിറ്റില്‍ ഫ്‌ളവര്‍ സീറോ മലബാര്‍ ചർച്ച് സന്ദര്‍ശിച്ച് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാർ ജോസഫ് പെരുന്തോട്ടം. പ്രതിസന്ധിയുടെ കാലത്ത് ദൈവപരിപാലനയിൽ വിശ്വാസത്തോടെ ആശ്രയിക്കുവാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു.അവർ തകർത്തത് നമ്മുടെ ആരാധനാലയമാണെങ്കിലും നമ്മുടെ വിശ്വാസത്തേയും കൂട്ടായ്മയേയും ആർക്കും തകർക്കാനാവില്ലായെന്നും ആര്‍ച്ച് ബിഷപ്പ് വിശ്വാസികളെ ഓർമിപ്പിച്ചു.
നമ്മുടെ ജീവന്റെ ജീവനാണ് വിശ്വാസം. ദൈവാരാധന നടത്തുകയെന്നത് ഏതൊരു ക്രൈസ്തവ വിശ്വാസിയുടെയും മൗലിക അവകാശമാണ്. മതപരമായ വിവേചനത്തോട് കൂടി നീതി നിഷേധിക്കപ്പെടുമ്പോൾ പ്രത്യക്ഷമായ സമരമോ പ്രതികാര ചിന്തയോ നമ്മൾ വച്ച് പുലർത്തുന്നില്ലന്നും ഏത് പ്രതികൂല സാഹചര്യം ഉണ്ടായാലും നമ്മുടെ വിശ്വാസത്തെ തകർക്കാനൊ നമ്മുടെ ആരാധനാ സ്വാതന്ത്യത്തെ ഇല്ലായ്മ ചെയ്യാനോ ആർക്കും കഴിയുകയില്ലന്നും ബിഷപ്പ് പറഞ്ഞു.
ഇതിലും വലിയ പ്രതിസന്ധികളെ തരണം ചെയ്ത ചരിത്രം നമ്മുക്കുണ്ട്. സഭയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ സഭ ജന്മം കൊണ്ട നാൾ മുതൽ തന്നെ നടന്നിട്ടുള്ളതാണ്. അതിനെയൊക്കെ ദൈവ പരിപാലനയിൽ തരണം ചെയ്ത പാരമ്പര്യമാണ് നമ്മുക്കുളളത്.അതേ ദൈവം തന്നെയാണ് ഇന്നും നമ്മേ നയിക്കുന്നത്. ആ ദൈവത്തിൽ പരിപൂർണ്ണമായി വിശ്വസിച്ച് കൊണ്ട്, ആത്മവിശ്വാസത്തോടെ, ആത്മ ധൈര്യത്തോടെ, വലിയ വിശ്വാസ ചൈതന്യത്തോടെ മുന്നോട്ട് പോവാൻ ഈ സംഭവം ശക്തി നല്കട്ടെയെന്നും ആർച്ച് ബിഷപ്പ് ആശംസിച്ചു.ആരാധനാലയം തകർക്കപ്പെട്ടതിൽ ഇടവകാംഗങ്ങളോടൊപ്പം അനേകം പേർ വേദനിക്കുന്നുണ്ടെന്നും ഇത് സഭയുടെ മുഴുവൻ വേദനയും ദുഖവുമാണെന്നും ഇടവകാംഗങ്ങൾക്കും രൂപതയ്ക്കും ചങ്ങനാശ്ശേരി അതിരൂപതയുടെ എല്ലാ പിന്തുണയും പ്രാർത്ഥനയും നേരുന്നുവെന്നും മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group