‘വയനാടിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു’; അനുശോചനമറിയിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ

ന്യൂ ഡല്‍ഹി: വയനാട് ദുരന്തത്തില്‍ അനുശോചനമറിയിച്ച്‌ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്ന് അറിയിച്ചു.

രക്ഷാദൗത്യത്തില്‍ പങ്കാളികളായവർക്കും ബൈഡന്‍ അഭിനന്ദനം അറിയിച്ചു. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും. അതിസങ്കീർണമായ രക്ഷാദൗത്യവുമായി മുന്നോട്ട് പോകുന്ന ഇന്ത്യൻ സർവീസ് അംഗങ്ങളുടെ ധീരതയെ അഭിനന്ദിക്കുന്നെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, മുണ്ടക്കൈയിലുണ്ടായ ഉരുള്‍ദുരന്തത്തില്‍ മരണസംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. മരിച്ചവരിൽ 27 പേര്‍ കുട്ടികളാണ്. 200ലധികം പേര്‍ ഇപ്പോഴും കാണാമറയത്താണ്. നൂറിലധികം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ പേർ ഉണ്ടെന്ന് കരുതുന്ന 15 സ്പോട്ടുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്.വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെ ഉരുള്‍പൊട്ടല്‍ ബാധിച്ചതായാണ് വിവരം.

അതിനിടെ സൈന്യം നിര്‍മിച്ച ബെയ്‍ലി പാലം തുറന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായിട്ടുണ്ട്. കൂടുതല്‍ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച്‌ തിരച്ചില്‍ ഊർജിതമാക്കും. ചൂരല്‍ മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കും. സൈന്യത്തിന്റെ എൻജിനിയറിങ് വിഭാഗം 40 മണിക്കൂർ കൊണ്ടാണ് പാലം നിർമാണം പൂർത്തിയാക്കിയത്. 190 അടി നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും.10 അടി വലിപ്പമുള്ള ഗർഡറുകള്‍ ഉപയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m