ബെനഡിക്ട് പാപ്പയുടെ രാജിയുടെ കാരണം വെളിപ്പെടുത്തി പീറ്റര്‍ സീവാള്‍ഡ്

വത്തിക്കാൻ സിറ്റി :കാലം ചെയ്ത ബെനഡിക്ട് പതിനാറാമന്‍ പാപ്പ സ്ഥാനത്യാഗം ചെയ്തതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി പാപ്പയുടെ ജീവചരിത്രകാരനും ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകനുമായ പീറ്റര്‍ സീവാള്‍ഡ്.

അതികഠിനമായ ഉറക്കമില്ലായ്മ ബെനഡിക്ട് പാപ്പയെ അലട്ടിയിരുന്നതായും അതാണ് രാജി വെക്കാന്‍ കാരണമെന്നും പീറ്റര്‍ സീവാള്‍ഡിന് അയച്ച കത്തില്‍ ബെനഡിക്ട് പാപ്പ വ്യക്തമാക്കിയിരുന്നു.

ബെനഡിക്ട് പാപ്പയുടെ മരണശേഷവും അദ്ദേഹത്തിന്‍റെ രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഇന്നും നിലനില്‍ക്കുമ്പോഴാണ് രാജിയുടെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി പാപ്പയുടെ ജീവചരിത്രകാരനും ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകനുമായ പീറ്റര്‍ സീവാള്‍ഡ് രംഗത്ത് എത്തിയിരിക്കുന്നത്. ബെനഡിക്ട് പാപ്പ 2022 ഒക്ടോബര്‍ 28ന് പീറ്റര്‍ സീവാള്‍ഡിന് അയച്ച കത്ത് ജര്‍മ്മന്‍ മാസികയായ ഫോക്കസില്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കികൊണ്ടാണ് പ്രസ്തുത വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ബെനഡിക്ട് പാപ്പ എഴുതിയ കത്തില്‍ പേപ്പല്‍ സ്ഥാനത്ത് നിന്നും രാജി വെച്ചതിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കുന്നുണ്ട്. ജര്‍മനിയിലെ കലോണില്‍ വെച്ച് നടത്തപ്പെട്ട ലോക യുവജന സമ്മേളനം മുതലാണ് പാപ്പക്ക് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായി മനസ്സിലായതെന്ന് പാപ്പ കത്തില്‍ വ്യക്തമാക്കുന്നു.മാര്‍പാപ്പയായി സ്ഥാനം ഏറ്റതിനു ശേഷം ആദ്യമായി പങ്കെടുക്കുന്ന ലോക യുവജന സമ്മേളനമായിരുന്നു അത്. 2005 ഓഗസ്റ്റ് 16 മുതല്‍ 21 വരെയുള്ള ദിവസങ്ങള്‍. ആ സമയത്താണ് ബെനഡിക്ട് പാപ്പയെ അതികഠിനമായ ഉറക്കമില്ലായ്മ അലട്ടാന്‍ തുടങ്ങിയതെന്ന് പാപ്പ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. തുടക്കത്തില്‍ ഡോക്ടര്‍മാര്‍ നല്ല ഡോസുള്ള മരുന്നുകള്‍ നല്കി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് മരുന്നുകള്‍ ഒന്നും തന്നെ ഏല്‍ക്കാതെ വരുകയും ചെയ്തു.

2012ല്‍ മെക്സിക്കോ ക്യൂബ തുടങ്ങിയ രാജ്യങ്ങളിലേക്ക് പാപ്പ നടത്തിയ പേപ്പല്‍ സന്ദര്‍ശനത്തിനിടയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായതായി പാപ്പ കത്തില്‍ വ്യക്തമാക്കി. സന്ദര്‍ശനത്തിനിടയില്‍ ഒരു ദിവസം രാവിലെ പാപ്പ ടവല്‍ നോക്കിയപ്പോള്‍ അതില്‍ രക്തം കാണാന്‍ ഇടയായി. തുടര്‍ന്ന് മരുന്നുകളെല്ലാം നിറുത്താന്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. പാപ്പയുടെ ആരോഗ്യം ക്ഷയിക്കുന്നതായും പത്രോസിന്‍റെ സിംഹാസനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ ആരോഗ്യം തനിക്കില്ലെന്ന് മനസിലാക്കിയതുകൊണ്ടുമാണ് രാജി വെക്കാന്‍ തീരുമാനിച്ചതെന്നും പാപ്പ വ്യക്തമാക്കി.

ബെനഡിക്ട് പാപ്പക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും അത് മൂലം ഉണ്ടായ സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാത്തതുകൊണ്ടുമാണ് രാജി വെക്കുന്നത് തുടങ്ങി നിരവധി അഭ്യൂഹങ്ങള്‍ അന്നും ഇന്നും നിലനിന്നിരുന്നു.എന്നാല്‍ പീറ്റര്‍ സീവാള്‍ഡിന്‍റെ തെളിവ് സഹിതമുള്ള വെളിപ്പെടുത്തലിലൂടെ ബെനഡിക്ട് പാപ്പയുടെ രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഇവിടെ വിരാമമാവുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group