പിഎച്ച്.ഡി പ്രവേശന യോഗ്യത നെറ്റ് മാത്രം; യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷകൾക്ക് പൂട്ട്

പിഎച്ച്‌.ഡി പ്രവേശനം നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) സ്കോറിന്റെ അടിസ്ഥാനത്തില്‍ മാത്രമാക്കാൻ യു.ജി.സി തീരുമാനം.

2024 -25 അദ്ധ്യയന വർഷം തന്നെ ഇത് നടപ്പാക്കും. ഇതോടെ പിഎച്ച്‌. ഡി അഡ്മിഷന് സർവകലാശാലകള്‍ നടത്തിവന്ന പ്രവേശന പരീക്ഷകള്‍ ഇല്ലാതാവും. നെറ്റ് സ്കോറിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏത് സർവകലാശാലയിലും പിഎച്ച്‌.ഡിക്ക് അപേക്ഷിക്കാം.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റം. മാർച്ച്‌ 13ന് യു. ജി.സി യോഗം ഇതുസംബന്ധിച്ച വിദഗ്ദ്ധസമിതി റിപ്പോർട്ട് അംഗീകരിച്ചിരുന്നു.
നെറ്റ് ജൂണിലും ഡിസംബറിലുമാണ് നടത്തുന്നത്. വരുന്ന ജൂണിലെ പരീക്ഷയുടെ അപേക്ഷ അടുത്തയാഴ്ച ക്ഷണിക്കും.

നിലവില്‍ ജൂനിയർ റിസർച്ച്‌ ഫെലോഷിപ്പോടെ (ജെ.ആർ.എഫ്) നെറ്റ് നേടുന്നവർക്കും നെറ്റ് മാത്രം നേടുന്നവർക്കും എൻട്രൻസില്ലാതെ പിഎച്ച്‌.ഡി പ്രവേശനം നല്‍കുന്നുണ്ട്. ഇത് രണ്ടുമില്ലാത്ത പി. ജി ബിരുദധാരികളെ എൻട്രൻസ് സ്കോറിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ വാഴ്സിറ്റികള്‍ പിഎച്ച്‌.ഡിക്ക് പ്രവേശിപ്പിച്ചിരുന്നു. പകുതിയിലേറെയും ഇങ്ങനെയുള്ള പ്രവേശനമായിരുന്നു. പരീക്ഷയ്‌ക്ക് 70%വും അഭിമുഖത്തിന് 30%വുമാണ് സ്കോറ്. ഇതിലൂടെ ‘വേണ്ടപ്പെട്ടവരെ’ പിഎച്ച്‌.ഡിക്കാരാക്കുന്നുവെന്ന പരാതി നിലവിലുണ്ട്. പ്രവേശനയോഗ്യത നെറ്റ് മാത്രമാകുന്നതോടെ ആക്ഷേപം ഇല്ലാതാവും.

സ്കോറിന് മൂന്നു വിഭാഗങ്ങള്‍ :

• ഉയർന്ന സ്കോർ – ജെ.ആർ.എഫോടെ പിഎച്ച്‌.ഡി പ്രവേശനവും അസി.പ്രൊഫസർ നിയമനവും

• രണ്ടാം സ്കോർ – ജെ.ആർ.എഫ് ഇല്ലാതെ പിഎച്ച്‌.ഡി പ്രവേശനവും അസി.പ്രൊഫസർ നിയമനവും

• മൂന്നാം സ്കോർ – പിഎച്ച്‌.ഡി പ്രവേശനം മാത്രം

(കേരളത്തിലെ വാഴ്സിറ്റികളില്‍ പിഎച്ച്‌. ഡി ഇല്ലാത്തവരെ അസി.പ്രൊഫസറായി നിയമിക്കുന്നില്ല)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m