ഗൂഗിൾ പ്ലേസ്റ്റോറിന് വെല്ലുവിളിയുമായി ഫോൺ പേ; 12 പ്രാദേശിക ഇന്ത്യൻ ഭാഷകളിൽ ‘ഇൻഡസ് ആപ്പ് സ്റ്റോർ’

ന്യൂഡല്‍ഹി: ഗൂഗിള്‍ പ്ലേ സ്റ്റോറിന് ബദലായി പ്രവര്‍ത്തിക്കുന്ന ‘ഇൻഡസ് ആപ്പ് സ്റ്റോർ’ പുറത്തിറങ്ങി. ഇം​ഗ്ലീഷ് കൂടാതെ മലയാളം, തമിഴ്, തെലുഗു, കന്നഡ ഉള്‍പ്പെടെ 12 പ്രാദേശിക ഇന്ത്യൻ ഭാഷകളിലും ആപ്പ് ലഭ്യമാകും.

ഉപയോക്താക്കൾക്ക് കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് നേരിട്ട് Indus Appstore ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.പ്രമുഖ ഫിന്‍ടെക്ക് സ്ഥാപനമായ ഫോണ്‍പേയാണ് ആപ് പുറത്തിറക്കിയത്.

45 വിഭാഗങ്ങളിലായി രണ്ട് ലക്ഷത്തിലധികം മൊബൈൽ ആപ്പുകളും ഗെയിമുകളും ഇൻഡസ് സ്റ്റോറിൽ ലഭ്യമാകും. ഡെവലപ്പർമാർക്ക് തെർഡ് പാർട്ടി പേയ്‌മെൻ്റ് സേവനങ്ങളും ഗേറ്റ്‌വേകളും ഉപയോഗിക്കാം.

ഫീസ് ഈടാക്കില്ലെന്നും ഫോൺപേ അറിയിച്ചു. മറ്റ് ആപ്പ് സ്റ്റോറുകളിൽ നിന്ന് വ്യത്യസ്തമായാണ് ഇൻഡസ് സ്റ്റോർ നൽകുന്ന സേവനങ്ങൾ.

ഏതെങ്കിലും ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനൊരുങ്ങുന്നതിന് മുൻപായി തന്നെ അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും മറ്റ് വിവരങ്ങളെ കുറിച്ചും വിശദീകരിക്കുന്ന വീഡിയോ ട്രെയിലർ ലഭിക്കും.

എഐ അധിഷ്ഠിതമായ സേവനങ്ങളും ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ശുപാർശകളും ആപ്പ് നൽകും. സ്റ്റോറേജ് നിയന്ത്രിക്കാനും ആപ്പ് സഹായിക്കും.

മുൻ മാസങ്ങളിലെ ഡാറ്റ പരിശോധിച്ച ശേഷം ഉപയോക്താക്കൾക്ക് ഏതൊക്കെ ആപ്പുകളാണ് വേണ്ടതെന്നുള്ള നിർദ്ദേശങ്ങളും ഇത് നൽകും.

മറ്റ് ആപ്പ് സ്റ്റോറുകളിൽ നിന്ന് വ്യത്യസ്തമായി ഒടിപി അടിസ്ഥാനമാക്കി ലോ​ഗിൻ ചെയ്യാൻ സാധിക്കും. indusappstore.com എന്ന വെബ്സൈറ്റ് വഴി ഇൻഡസ് ആപ്പ്സ്റ്റോർ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവാണ് ഇന്‍ഡസ് ആപ്പ് സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

മുന്‍ നിതി ആയോഗ് ചെയര്‍മാനും ജി-20 ഷെര്‍പ്പയുമായിരുന്ന അമിതാഭ് കാന്ത്, ഫോണ്‍പേ സി.ഇ.ഒ. സമീര്‍ നിഗം, സഹസ്ഥാപകന്‍ രാഹുല്‍ ചരി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ഡിജിറ്റല്‍ ലോകത്തെ ഇന്ത്യയുടെ ശേഷിയാണ് ലോകത്തിന് മുന്‍പില്‍ വെളിവായതെന്നും ഏറ്റവും ഉചിതമായ സമയത്താണ് ഫോണ്‍പേ ഇന്‍ഡസ് ആപ്പ് സ്റ്റോര്‍ ആരംഭിച്ചതെന്നും അമിതാഭ് കാന്ത് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group