ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെ സമരം: പൊലീസ് കേസെടുത്തതില്‍ പ്രതിഷേധമേറുന്നു

കോതമംഗലം രൂപതയില്‍പ്പെട്ട കവളങ്ങാട് പുലിയന്‍പാറ പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെ സമരം ചെയ്യുന്നവരോട് പൊലീസ് സ്വീകരിക്കുന്ന പക്ഷപാതപരമായ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു.പരിസര മലിനീകരണമുണ്ടാക്കുന്ന ടാര്‍ മിക്‌സിങ് പ്ലാന്റ് മാറ്റണമെന്നാവശ്യപ്പെട്ട് സമരം ചെയ്തതിന് കോവിഡ് നിയമ ലംഘനം ആരോപിച്ച് എഴുപത് പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം ഊന്നുകല്‍ പോലീസ് കേസെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ വന്‍ ജനപങ്കാളിത്തമുള്ള പൊതു സമ്മേളനങ്ങളും റോഡ് ഷോകളും കണ്ടില്ലെന്ന് നടിച്ച പൊലീസ് നാടിന്റെ പൊതു നന്മയ്ക്കായി സമരം ചെയ്തവരുടെ പേരില്‍ കേസ് എടുത്തത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.ടാര്‍ മിക്‌സിങ് പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ കെസിവൈഎം, മാതൃവേദി, ഇന്‍ഫാം, വിന്‍സെന്റ് ഡി പോള്‍, പുലിയന്‍പാറ സമരസമിതി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ നെല്ലിമറ്റത്ത് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ആയിരത്തോളം ആളുകളാണ് സമരത്തില്‍ പങ്കെടുത്തത്.പുലിയമ്പാറ പള്ളി വികാരിയുടെ നേതൃത്വത്തില്‍ സമരം നടന്നപ്പോള്‍ ഊന്നുകല്‍ സി.ഐ വളരെ മോശമായി പെരുമാറിയിരുന്നു. അതിനെതിരെയും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഈ സാഹചര്യത്തിലാണ് പോലീസ് കോവിഡ് നിയമലംഘനം ആരോപിച്ച് കേസെടുത്തിരിക്കുന്നതിലുള്ള പ്രതിഷേധം ഇപ്പോൾ ശക്തമാകുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group