റോം രൂപതയിലെ 9 ഡീക്കന്‍മാര്‍ക്ക് ഫ്രാന്‍സിസ് പാപ്പ തിരുപ്പട്ടം നൽകും

വത്തിക്കാൻ : വൈദിക പഠനം പൂര്‍ത്തിയാക്കിയ റോം രൂപതയിലെ ഒന്‍പതു ഡീക്കന്‍മാര്‍ക്ക് ഏപ്രിൽ 25 ഞായറാഴ്ച ഫ്രാന്‍സിസ് മാർപാപ്പ തിരുപ്പട്ടം നല്‍കും. രാവിലെ 9 മണിക്ക് സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ചാണ് തിരുപ്പട്ട ശുശ്രൂഷകള്‍ നടക്കുക. കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തില്‍ ഫ്രാൻസിസ് പാപ്പയ്ക്കു വേണ്ടി റോം രൂപത ജനറാള്‍ കർദ്ദിനാൾ ഡോണത്തിസ് ആയിരുന്നു തിരുപ്പട്ട ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. എന്നാല്‍ ഇത്തവണ പാപ്പ തിരുപ്പട്ട ശുശ്രൂഷകളില്‍ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. എല്ലാ വൈദിക വിദ്യാര്‍ത്ഥികളും പൗരോഹിത്യ സ്വീകരണത്തിന് ഒരുക്കമായ ധ്യാനത്തിന് ഒരു ആശ്രമത്തിലാണ്. ഇവരിലെ ആറുപേര്‍ റോമിലെ പൊന്തിഫിക്കൽ മേജർ സെമിനാരിയിലും, മറ്റുള്ളവർ റെഡംതോരിസ് മാത്തർ രൂപത കോളജിലും, ദിവിനോ അമോരേ സെമിനാരിയിലും പരിശീലനം കഴിഞ്ഞവരാണ്. റൊമാനിയ, ഇറ്റലി, ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വൈദിക വിദ്യാര്‍ത്ഥികള്‍. റോമിൽ വൈദ്യശാസ്ത്രം പഠിക്കാൻ എത്തിയ ഇരുപത്തിയൊന്‍പതു വയസുള്ള ജോർജോ തൻ്റെ ദൈവവിളി തിരിച്ചറിഞ്ഞ് വൈദികപരിശീലനത്തിന് ചേർന്നതാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. റൊമേനിയയിൽ നിന്നുള്ള ഗെയോർഗ് മരിയൂസ് തൻ്റെ ചെറുപ്പത്തിൽ വായിച്ച ഡോൺ ബോസ്കോയുടെ ജീവചരിത്രമാണ് തന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളതെന്ന് പറയുന്നു. ഫ്രാൻസിസ് പാപ്പ പറയുന്നതു പോലെ സഭയിൽ മുറിവുണക്കുന്ന ക്രിസ്തുവിൻ്റെ പ്രതിപുരുഷനാകണമെന്നു കലബ്രിയയിൽ നിന്നുള്ള മാർകോയും അഭിപ്രായപ്പെടുന്നു. റോമ ഫുട്ബോൾ ടീമിന് വേണ്ടി കളിച്ചിരുന്ന സാമുവേൽ പിയർമരിനിയും, റോമിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്ന റികർഡോയും തിരുപ്പട്ടത്തിനായി ഒരുങ്ങുന്ന ഡീക്കന്മാരില്‍ ഉള്‍പ്പെടുന്നു എന്നുള്ളതാണ് ഇത്തവണ റോമിലെ തിരുപ്പട്ട ശുശ്രൂഷകളുടെ പ്രാധാന്യം വർധിപ്പിച്ചിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group