ഒരു വലിയ വ്യാജവാർത്തക്ക് പാത്രമാകേണ്ടി വന്നതിനെത്തുടർന്ന് വ്യാജ സന്ദേശങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുമായി ഫ്രാൻസിസ് പാപ്പ മുൻപോട്ട് വന്നു. ജനുവരി 23 ന് പുറത്തുവിട്ട ലോക ആശയവിനിമയ ദിന സന്ദേശത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ വാർത്ത പരക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക പരിശുദ്ധ പിതാവ് പങ്കുവച്ചത് ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. സ്വാർത്ഥ നേട്ടങ്ങൾക്കായി വാർത്തകളോ അവയോടൊപ്പം ചിത്രങ്ങൾവരെയോ വ്യാജമായി കെട്ടിച്ചമയ്ക്കാൻ കഴിയുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്ന് പരിശുദ്ധ പിതാവ് ഓർമിപ്പിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന സന്ദേശങ്ങളെ കൂടുതൽ ജാഗ്രതയോടും ഉത്തരവാദിത്വ മനോഭാവത്തോടും കൂടി സമീപിക്കണമെന്നും പരിശുദ്ധ പിതാവ് അഭ്യർത്ഥിക്കുന്നു.
നമ്മൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന വിവരങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം നമുക്ക് തന്നെയാണെന്നും അതിനാൽ വ്യാജവാർത്തകളെ നിയന്ത്രിക്കാനും സത്യം വെളിച്ചത്ത് കൊണ്ടു വരാനും നമുക്ക് സാധിക്കണമെന്നും പരിശുദ്ധ പിതാവ് പറയുന്നു.
ഈ മാസം ആരംഭത്തിൽ ഫ്രാൻസിസ് പാപ്പയെ ഇറ്റാലിയൻ പോലീസ് അറസ്റ്റ് ചെയ്തു എന്ന വ്യാജവാർത്ത ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വാർത്ത പോസ്റ്റ് ചെയ്ത കനേഡിയൻ വെബ്സൈറ്റ് തന്നെ ഇതിനു മുൻപ് മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അറസ്റ്റ് ചെയ്യപ്പെട്ടു എന്നും പ്രചരിപ്പിച്ചിരുന്നു.
ഈ വാർത്തകളൊക്കെ ഇന്റർനെറ്റിന്റെ കീർത്തിക്ക് മങ്ങലേൽപ്പിച്ചു എന്ന് പരിശുദ്ധ പിതാവ് ചൂണ്ടികാണിക്കുന്നു. ഉപകാരപ്രദമായ ഒട്ടനേകം വിവരങ്ങൾ പങ്കു വയ്ക്കപ്പെടുന്ന ഒരു മാധ്യമം എന്ന നിലയിൽ ഈ വിവരങ്ങൾക്കുമേൽ ഉപഭോക്താക്കളായ നമുക്കും ഉത്തരവാദിത്വം ഉണ്ടാകണമെന്ന് പരിശുദ്ധ പിതാവ് സൂചിപ്പിക്കുന്നു. വ്യാജ വാർത്തകളെ പ്രോത്സാഹിപ്പിക്കാതെ യഥാർത്ഥ അന്വേഷണങ്ങളും നിഗമനങ്ങളും പങ്കുവെച്ച് തങ്ങളുടെ ധർമ്മം പൂർത്തീകരിക്കണമെന്ന് മാധ്യമപ്രവർത്തകരോടും ഫ്രാൻസിസ് പാപ്പ അഭ്യർത്ഥിക്കുന്നു. സത്യം ദർശിക്കാൻ കണ്ണുകൾ തുറന്നു തരണമെന്നും വിവരങ്ങൾ സത്യസന്ധമായി ലോകത്തെ അറിയിക്കാൻ ഏവരെയും പ്രാപ്തരാക്കണമെന്നുള്ള പ്രാർത്ഥനയോടെയാണ് പരിശുദ്ധ പിതാവ് സന്ദേശം അവസാനിപ്പിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group