കക്കുകളി നാടകത്തിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണം : തൃശ്ശൂർ അതിരൂപത സർക്കുലർ

ക്രൈസ്തവ അവഹേളനം നിറഞ്ഞു നിൽക്കുന്ന കക്കുകളി എന്ന നാടകത്തിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണമെന്ന് ആഹ്വാനം നൽകി തൃശ്ശൂർ അതിരൂപത സർക്കുലർ.

മാർച്ച് 12 ഞായറാഴ്ച എല്ലാ ഇടവകകളിലും രാവിലെ വി. കുർബാനക്ക് ശേഷം എല്ലാ വിശ്വാസികളെയും, പ്രത്യേകിച്ച് സമർപ്പിതരെയും ഭക്തസംഘടന അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണമെന്നും ബഹു. വികാരിയച്ചന്മാർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം കൊടുക്കണമെന്നും പ്രസ്തുത നാടകം വിശ്വാസികളുടെ മനസ്സിൽ ഉളവാക്കിയ മനോവേദനയും അമർഷവും പ്രകടിപ്പിക്കുവാൻ മാർച്ച് 13 തിങ്കളാഴ്ച രാവിലെ 9:30 ന് തൃശ്ശൂർ പടിഞ്ഞാറേകോട്ടയിൽ നിന്ന് കളക്ടറേറ്റിലേക്ക് നടത്തുന്ന പ്രതിഷേധറാലിയിലും മാർച്ച് 13 തിങ്കളാഴ്ച നടത്തുന്ന പ്രതിഷേധറാലിയിലും തുടർന്നുള്ള ധർണ്ണയിലും പരമാമാവധി ആളുകളെ പങ്കെടുപ്പിക്കണം എന്നും തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ അറിയിച്ചു.

സർക്കുലറിന്റെ പൂർണ്ണരൂപം…

പ്രിയ ബഹു. വൈദികരേ, സമർപ്പിതരേ, സഹോദരീസഹോദരന്മാരേ,മതവിശ്വാസത്തെയും ധാർമ്മികമൂല്യങ്ങളെയും അധിക്ഷേപിക്കുന്ന കലാരൂപങ്ങളും സാഹിത്യകൃതികളും പ്രസിദ്ധീകരണങ്ങളും വർദ്ധിച്ചു വരുന്ന പ്രവണതയാണല്ലോ നാം ഈ നാളുകളിൽ കാണുന്നത്.

ഇന്ന് ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നത് പതിവാക്കിയിരിക്കു കയാണ്. ഇതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ്, കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിച്ചുകൊണ്ട് ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കക്കുകളി എന്ന വിവാദ നാടകം. കന്യാസ്ത്രീമഠങ്ങളിലേക്ക് കടന്നു ചെല്ലുന്ന പെൺകുട്ടികളെ അടിമകളാക്കി പണിയെടുപ്പിക്കുക, അവരെ പീഡനത്തിനും ചൂഷണത്തിനും ഇരയാക്കുക എന്നതാണ് മഠങ്ങളിൽ നടക്കുന്നത് എന്ന തെറ്റായ ആശയമാണ് ഈ നാടകത്തിന്റെ ഇതി വൃത്തം.

സംസ്ഥാന സർക്കാർ തലത്തിൽ തൃശ്ശൂരിൽ നടന്ന നാടകോത്സവത്തിൽ ഈ വിവാദനാടകം അവതരിപ്പിക്കുകയും സംസ്ഥാനത്തെ സാംസ്കാരികമന്ത്രിതന്നെ നാടകാവ തരണത്തേയും അതിലെ അഭിനേതാക്കളെയും അഭിനന്ദിക്കുകയും ചെയ്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.

ഗുരുവായൂർ നഗരസഭയുടെ സർഗ്ഗാത്സവത്തിലും ഈ നാടകം വീണ്ടും അവതരിപ്പിക്കപ്പെട്ടു. പൊതുഖജനാവിൽ നിന്ന് ഫണ്ട് ചെലവാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവവിശ്വാസത്തേയും വിശിഷ്യാ സന്യസ്തരേയും വികലമായി ചിത്രീകരിക്കുന്നത് എതിർക്കപ്പെടേണ്ടതാണ്.

ഒരു മതത്തിന്റെ വിശ്വാസത്തെയും ആചാരമൂല്യങ്ങളെയും താറടിച്ചു കാണിക്കുകയും ആ സമൂഹം ചെയ്യുന്ന നന്മകളെ സമൂഹത്തിൽ ഇകഴ്ത്തി കാണിക്കുന്നതിനുള്ള ബോധപൂർവ്വമുള്ള ശ്രമങ്ങൾ അപലപനീയമാണ്.

ഈ അധിക്ഷേപ നാടകാവതരണത്തിന് എതിരെയും അതിന് ഒത്താശ ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെയും അധികൃതരുടെയും നിലപാടുകൾക്കെതിരെ പ്രതിഷേധം ഉയർത്തേണ്ടത് ഇപ്പോഴത്തെ ആവശ്യമാണ്. ആയതിന് മാർച്ച് 12 ഞായറാഴ്ച എല്ലാ ഇടവകകളിലും രാവിലെ വി. കുർബാനക്ക് ശേഷം എല്ലാ വിശ്വാസികളെയും, പ്രത്യേകിച്ച് സമർപ്പിതരെയും ഭക്തസംഘടന അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്.

ബഹു. വികാരിയച്ചന്മാർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം കൊടുക്കേണ്ടതാണ്. പ്രസ്തുത നാടകം വിശ്വാസികളുടെ മനസ്സിൽ ഉളവാക്കിയ മനോവേദനയും അമർഷവും പ്രകടിപ്പിക്കുവാൻ മാർച്ച് 13 തിങ്കളാഴ്ച രാവിലെ 9:30 ന് തൃശ്ശൂർ പടിഞ്ഞാറേകോട്ടയിൽ നിന്ന് കളക്ടറേറ്റിലേക്ക് പ്രതിഷേധറാലി നടത്തുന്നു.

മാർച്ച് 13 തിങ്കളാഴ്ച നടത്തുന്ന പ്രതിഷേധ റാലിയിലും തുടർന്നുള്ള ധർണ്ണയിലും പരമാമാവധി ആളുകളെ പങ്കെടുപ്പിക്കുമല്ലോ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group