മെക്‌സിക്കോ സിറ്റിയിലെ ഗ്വാഡലൂപ്പ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഉദരത്തിലുള്ള കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് വേണ്ടി റാലി നടക്കും. “സ്ത്രീകൾക്കും ജീവനും അനുകൂലം” എന്ന ആപ്ത വാക്യവുമായി പ്രാദേശിക സമയം രാവിലെ 10:30 ന് കുവാഹ്‌റ്റെമോക്ക് മുനിസിപ്പാലിറ്റിയിലെ ഗൊറോസ്റ്റിസ ഗാർഡനിൽ ആരംഭിക്കുന്ന റാലി ഏകദേശം നാല് കിലോമീറ്റർ സഞ്ചരിച്ച് ഗ്വാഡലൂപ്പയിലെ മരിയന്‍ ബസിലിക്കയിൽ എത്തിച്ചേരും. ഇതേ ദിവസം രാജ്യത്തെ എണ്‍പതിലധികം നഗരങ്ങളിൽ പ്രകടനങ്ങൾ നടത്തുന്നുണ്ട്. പത്തു ലക്ഷത്തിലധികം മെക്സിക്കന്‍ വിശ്വാസികള്‍ ഇതിനു പിന്തുണയുമായി എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.
“ഗർഭിണികൾക്ക് പ്രത്യേക ഊന്നൽ നൽകി” എല്ലാ സ്ത്രീകളെയും പിന്തുണയ്ക്കുക എന്നതാണ് മാർച്ചിൻ്റെ കേന്ദ്രലക്ഷ്യമെന്ന് പരിപാടിയുടെ ധനസമാഹരണത്തിൻ്റെ വക്താവ് അലിസൺ ഗോൺസാലസ് പറഞ്ഞു. മെക്‌സിക്കോയിൽ ഒരു സ്ത്രീയും ഭക്ഷണത്തിൻ്റെയും വൈദ്യ സഹായത്തിൻ്റെയും അഭാവം അനുഭവിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുവാന്‍ പരിശ്രമിക്കുമെന്നും ജീവന് വേണ്ടി ശക്തമായി നിലകൊള്ളുമെന്നും ‘എസിഐ പ്രെൻസ’ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.