മതസാമുദായിക സൗഹാർദ്ദം സാമൂഹിക സുസ്ഥിതിക്ക് അനിവാര്യo: സീറോ മലബാർ സഭ

കേരളത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദ്ദം നിലനിർത്തേണ്ടത് സാമൂഹിക സുസ്ഥിതിക്ക് അനിവാര്യമാണെന്ന് സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ.

കേരളം മഹത്തായ മതേതര സംസ്കാരം പുലർത്തി വന്നിരുന്ന സമൂഹമാണ്. എന്നാൽ അടുത്ത കാലത്തായി ഇവിടുത്തെ വിവിധ സമുദായങ്ങൾക്കിടയിൽ അകലം വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ സമുദായ സൗഹാർദ്ദം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതിനുപകരം വിദ്വേഷ പ്രചരണങ്ങളിലൂടെ സമുദായധ്രുവീകരണം സൃഷ്ടിക്കുവാനാണ് മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ കക്ഷികളുടെ ചില നേതാക്കന്മാർ പോലും ശ്രമിക്കുന്നത്. ഇത്തരത്തിൽ താത്കാലിക നേട്ടങ്ങൾക്കു വേണ്ടിയും തെരഞ്ഞെടുപ്പു വിജയം ലക്ഷ്യം വച്ചും ക്രൈസ്തവ സമുദായത്തെയും സഭാ നേതൃത്വത്തെയും അവഹേളിക്കുവാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണെന്ന് പബ്ലിക് അഫയേഴ്സ് കമ്മീഷൻ യോഗം വിലയിരുത്തി.

വിവിധ മതങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലും സൗഹാർദ്ദങ്ങൾ വളർത്തുന്നതിനുള്ള പരിശ്രമങ്ങൾ പലപ്പോഴും ഉപരിപ്ലവമായ പ്രകടനങ്ങളിലൊതുങ്ങുകയാണ്. പൊതുസമൂഹം അഭിമുഖീകരിക്കുന്ന തീവ്രവാദ ഭീഷണികൾ, സ്ത്രീകളും കുട്ടികളും കെണിയിൽപ്പെടുന്ന സാഹചര്യങ്ങൾ, കള്ളപ്പണം, മയക്കുമരുന്നു വ്യാപനം, ന്യൂനപക്ഷ വിഷയങ്ങളിൽ ഉൾപ്പെടെ ഉണ്ടായിട്ടുള്ള വിവേചനങ്ങൾ മുതലായവ മുൻവിധിയോടെയല്ലാത്ത ചർച്ചകൾക്കും പഠനങ്ങൾക്കും വിധേയമാക്കി ന്യായവും നീതിപൂർവ്വകവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതു വഴി മാത്രമേ മതസമുദായ സൗഹാർദ്ദം യാഥാർത്ഥ്യമാവുകയുള്ളൂ.

ഭൂരിപക്ഷ വർഗീയതയെയും മതരാഷ്ട്രവാദത്തെയും എല്ലാത്തരം അധിനിവേശങ്ങളെയും തള്ളി പറഞ്ഞു കൊണ്ട് രാഷ്ട്രത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും മതേതരത്വവും സംരക്ഷിക്കുന്നതിനുള്ള ആത്മാർത്ഥ ശ്രമങ്ങളും ഇതോടൊപ്പം ഉണ്ടാകണം.

സാമൂഹ്യ സുസ്ഥിതിക്കു വേണ്ടി സമുദായ സൗഹാർദ്ദം നിലനിർത്താൻ എല്ലാ മതങ്ങൾക്കും രാഷ്ട്രീയ കക്ഷികൾക്കും കലാ സാംസ്കാരിക മാധ്യമ സിനിമാ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും പൊതുസമൂഹം മുഴുവനും കടമയുണ്ട്.

സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ, കൺവീനർ ബിഷപ് മാർ തോമസ് തറയിൽ, സെക്രട്ടറി ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ, അസി. സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ സംബന്ധിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group