കെ-സ്മാര്‍ട്ട് വരുന്നു; പുതുവര്‍ഷത്തില്‍ കേരളം കൂടുതല്‍ സ്മാര്‍ട്ടാകും

ഇനി ഓരോരോ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മുഷിയേണ്ട. അതിനായി പ്രത്യേകം പ്രത്യേകം ആപ്പുകളും ഇന്‍‌സ്റ്റാള്‍ ചെയ്യുകയും വേണ്ട.

പുതുവര്‍ഷത്തില്‍ തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും ഒറ്റ മൊബൈല്‍ ആപ്പില്‍ ലഭ്യമാകും. കെ-സ്മാര്‍ട്ട് (കേരള സൊലൂഷൻസ് ഫോര്‍ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റിഫര്‍മേഷൻ ആൻഡ് ട്രാൻസ്ഫോര്‍മേഷൻ) എന്ന പേരിലാണ് ആപ്പ് എത്തുന്നത്.

നിലവില്‍ പത്തിലധികം ആപ്പുകളാണ് തദ്ദേശസ്ഥാപനങ്ങളിലെ വിവിധ സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഒരു സേവനത്തിനായി ഒന്നിലേറെ ആപ്പുകള്‍ ഉപയോഗിക്കേണ്ട സാഹചര്യവുമുണ്ട്. ഇത്തരം സങ്കീര്‍ണതകള്‍ക്കെല്ലാം പരിഹാരം കൂടിയാണ് കെ-സ്മാര്‍ട്ട്. ഇൻഫര്‍മേഷൻ കേരള മിഷനാണ് ആപ്പ് ഒരുക്കുന്നത്. ഫേസ് ഐഡി, ഒടിപി തുടങ്ങിയവ വഴിയാണ് ആപ്പില്‍ ലോഗിന്‍ ചെയ്യേണ്ടത്. വ്യക്തിവിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് ലോഗിന്‍ സംവിധാനം. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം ലോഗിന്‍ ഓപ്ഷന്‍ ഉണ്ടാകും. നല്‍കിയ അപേക്ഷയുടെ തല്‍സ്ഥിതി ആപ്പിലൂടെ മനസിലാകുമെന്നതിനാല്‍, അക്കാര്യം അന്വേഷിച്ച്‌ ഓഫീസുകള്‍ കയറിയിറങ്ങി നടക്കേണ്ടിവരില്ല.

സേവനങ്ങള്‍ എന്തൊക്കെ?

കച്ചവടത്തിനായുള്ള ലൈസൻസ്, പൊതുജനങ്ങള്‍ക്ക് പരാതി അയയ്ക്കാനുള്ള സംവിധാനം, ഇ-ഓഫീസ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ലഭ്യമാവുക. ഘട്ടംഘട്ടമായി മറ്റു സേവനങ്ങളും ലഭ്യമാകും. ജനന-മരണ രജിസ്ട്രേഷന്‍, വിവാഹ രജിസ്ട്രേഷന്‍, തിരുത്തല്‍ എന്നിവ ഓണ്‍ലൈനായി ചെയ്യാനാകും. വിവിധ സേവനങ്ങള്‍ സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും ശേഖരിക്കാനുള്ള ‘സിറ്റിസണ്‍ ഫീഡ്ബാക്ക്’ എന്ന സംവിധാനവും അടുത്തഘട്ടത്തില്‍ നടപ്പാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും ആപ്പ് മുഖാന്തരമാക്കുമെന്നാണ് അധികൃതരുടെ വാദം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group