സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞ് വീണ് ഏഴു മരണം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏഴുപേർ കുഴഞ്ഞുവീണ് മരിച്ചു.

പാലക്കാട് ജില്ലയില്‍ മൂന്നു പേരും കോഴിക്കോട് ബൂത്ത് ഏജന്റ് ഉള്‍പ്പെടെ രണ്ടു പേരും ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്. പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനി മോടൻ കാട്ടില്‍ ചന്ദ്രൻ (68), വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്‍റെ മകൻ ശബരി (35), ചിറ്റൂർ വിളയോടി പുതുശ്ശേരി ചാത്തുവിന്റെ മകൻ കണ്ടൻ (63) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടോടെയാണ് ചന്ദ്രൻ മരിച്ചത്. വാണിവിലാസിനി എ.എല്‍.പി സ്‌കൂള്‍ ബൂത്തിലായിരുന്നു ഇദ്ദേഹത്തിന് വോട്ട്. വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് മടങ്ങവേ ചായകുടിക്കാൻ കടയില്‍ കയറിയിരുന്നു. ഇവിടെവെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

കുഴല്‍മന്ദം തേങ്കുറുശ്ശി വടക്കേത്തറ ജി.എല്‍.പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവേയാണ് ശബരി മരിച്ചത്. 12 മണിയോടെയാണ് കണ്ടൻ മരിച്ചത്. വിളയോടി നല്ല മാടൻ ചള്ളയിലെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തിയശേഷം മടങ്ങവേ പോളിങ് സ്റ്റേഷനു സമീപത്തുതന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ നാട്ടുകാർ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കോഴിക്കോട് കുറ്റിച്ചിറയില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് പോളിങ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ കുഞ്ഞിത്താന്‍ മാളിയേക്കല്‍ അനീസ് അഹമ്മദ് (66) ആണ് മരിച്ചത്.

കോഴിക്കോട് വളയത്ത് വോട്ട് ചെയ്യാനെത്തിയ വളയം ചെറുമോത്ത് സ്വദേശിനി കുണ്ടുകണ്ടത്തില്‍ ഹസ്സന്‍റെ ഭാര്യ കുന്നുമ്മല്‍ മാമി (63) കുഴഞ്ഞുവീണ് മരിച്ചു. വളയം യു.പി സ്കൂളിലെ 63ാം നമ്ബർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആലപ്പുഴയില്‍ അമ്ബലപ്പുഴക്കടുത്ത് കാക്കാഴം സുശാന്ത് ഭവനില്‍ പി. സോമരാജനാണ് (76) മരിച്ചത്. അമ്ബലപ്പുഴ കാക്കാഴം എസ്.എൻ.വി ടി.ടി.ഐയിലെ ബൂത്തില്‍ രാവിലെ വോട്ട് ചെയ്തശേഷം ഓട്ടോയില്‍ കയറുമ്ബോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

ഇടുക്കി മറയൂരില്‍ വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങവേ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. മറയൂർ കോച്ചാരം മോഹനന്റെ ഭാര്യ വള്ളിയമ്മയാണ് (47) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മറയൂർ ഗവ. എല്‍.പി സ്കൂള്‍ മൂന്നാം നമ്ബർ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മടങ്ങവേ ടൗണില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും വൈകീട്ട് മൂന്നരയോടെ മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m