കാലത്തിന്റെ അടയാളങ്ങൾ

“യുഗാന്തനാളുകളിൽ സാത്താൻ വർദ്ധിത വീര്യത്തോടെയും അടങ്ങാത്ത പകയോടെയും സമർപ്പിത ജീവിതങ്ങൾക്കെതിരെ യുദ്ധത്തിനിറങ്ങും. അവൻ വലിയ കെണി പ്രത്യേകം ഒരുക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കൾക്കെതിരായിട്ടായിരിക്കും. സമർപ്പിതജീവിതങ്ങളിലും സന്യാസസഭകളിലും വിള്ളലുകളും ഭിന്നിപ്പുകളും രൂപപ്പെടുത്തുക എന്നതായിരിക്കും സാത്താൻ ചെയ്യുന്ന മറ്റൊരു കെണി. സമർപ്പിതജീവിതങ്ങളുടെ ഭിന്നത കണ്ട് വിജാതീയർ പോലും സഭയെ വെറുക്കാനിടയാകും. സഭക്കെതിരെ പ്രവർത്തിക്കുന്ന വിജാതീയ വർഗ്ഗീയ സംഘടനകൾ ഇതിൽ നിന്ന് വലിയ മുതലെടുപ്പ് നടത്തി സഭയെ തകർക്കാൻ ശ്രമിക്കും”…
“വൈദികരും സന്യസ്തരും സഭാ നേതൃത്വത്തിലുള്ളവരും ഈ കാലഘട്ടത്തിൽ നേരിടുന്ന മറ്റൊരു വലിയ അപകടം ബുദ്ധിയിൽ ഇരുൾ നിറഞ്ഞ് ദൈവികജ്ഞാനം നഷ്ടമാകുന്നു എന്നതാണ്. ബുദ്ധിയിൽ ഇരുൾ കയറുന്നതോടെ ദൈവഹിതമെന്തെന്ന് തിരിച്ചറിയാൻ കഴിയാതാകുന്നു. എന്ത് പറയണമെന്നും എന്ത് പ്രവർത്തിക്കണമെന്നും എങ്ങനെ സാഹചര്യങ്ങളോട് പ്രതികരിക്കണമെന്നും അറിയാൻ കഴിവില്ലാതാകുന്നു. ദൈവം കാണുന്ന പോലെ ജീവിതസംഭവങ്ങളെ വീക്ഷിച്ച് ദൈവജനത്തെ പ്രബോധിപ്പിക്കാനും വഴി നടത്താനും കഴിവില്ലാതാകുന്നു. …പരസ്പരമുള്ള കക്ഷിമാത്സര്യവും തർക്കങ്ങളും കൊണ്ട് അജപാലകർ വലിയ ഉതപ്പിനു കാരണക്കാരാകും. സഭാകേസുകൾ കൊണ്ട് രാഷ്ട്രകോടതികൾ മടുക്കും. ദുർവ്വാശിയുടെ അരൂപി സഭയിൽ ഭരണം നടത്താൻ സാത്താൻ കോപ്പ് കൂട്ടും …..”

2018 ൽ പുറത്തിറങ്ങിയ ‘സ്വർഗ്ഗത്തിലെ വലിയ അടയാളം’ എന്ന പുസ്തകത്തിൽ ഡോ.ജെയിംസ്‌ കിളിയനാനിക്കൽ എന്ന വൈദികൻ എഴുതി വെച്ചിട്ടുള്ള കാര്യങ്ങളാണിത്. ഇപ്പോഴത്തെ സംഭവവികാസങ്ങൾ കാണുമ്പോൾ ഇതെല്ലാം നേരിൽ കാണുന്ന പോലെയുണ്ട്. ഇടയലേഖനത്തിന്റെ പേരിലുള്ള കയ്യാങ്കളി യുടെ അലകൾ ഒടുങ്ങുമ്പോഴേക്ക് ആരാധനാക്രമത്തിന്റെ പേരിൽ ഇനി അരങ്ങേറാൻ പോകുന്ന സംഭവവികാസങ്ങൾക്കുള്ള കോപ്പുകൂട്ടൽ. ആരാണ് ഇവിടെ തോൽക്കുന്നത് ? കർത്താവോ ? വിശ്വാസികളോ ? അതോ സ്വയം അപഹാസ്യരാവുകയാണോ ? Enough is Enough….. please. ഇങ്ങനെ പറയേണ്ടി വരുന്നതിൽ സങ്കടമുണ്ട് . നാളെ മാധ്യമങ്ങൾക്കു വീണ്ടും ചാകരയൊരുക്കുന്നത് കാണാൻ വയ്യാത്തത് കൊണ്ടാണ് .

കൂദാശകളുടെ കൂദാശയല്ലേ വിശുദ്ധ കുർബ്ബാന. “കർത്താവിന്റെ പുരോഹിതരെ, മറ്റു മനുഷ്യരുടെ എല്ലാവിധ മാഹാത്മ്യങ്ങളും നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന മഹത്വവുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ലാതായി തീരുന്നു. നിങ്ങൾ മനുഷ്യർക്കിടയിലാണ് പൗരോഹിത്യം നിർവ്വഹിക്കുന്നെന്നത് സത്യം തന്നെ. എന്നാലത് സ്വർഗ്ഗീയ അധികാര ശ്രേണിയിലുള്ളതാണ്. പരിശുദ്ധാത്മാവാണ് നിങ്ങൾ പരികർമ്മം ചെയ്യുന്ന രഹസ്യങ്ങളുടെ പ്രാണേതാവ്. നിങ്ങൾ ഏലിയാ പ്രവാചകനെക്കാൾ ഉന്നതരാണ്. നിങ്ങളുടെ കൈകളിൽ അഗ്നിയല്ല വിശ്വാസികളിലേക്ക് കൃപകൾ ചൊരിയുന്ന പരിശുദ്ധാത്മാവായ ദൈവമാണ് വസിക്കുന്നത്”… വിശുദ്ധ ജോൺ ക്രിസോസ്റ്റം .

മഹാശ്രേഷ്ഠപുരോഹിതനായ യേശു തന്നെയാണ് യഥാർത്ഥത്തിൽ ബലിയർപ്പണം നടത്തുന്നത്. വൈദികൻ അവന്റെ പ്രതിപുരുഷൻ മാത്രം. മനുഷ്യനോ മാലാഖക്കൊ പൂർണ്ണമായി ഗ്രഹിക്കാൻ കഴിയാത്തത്ര ഭക്തിയോടും ആദരവോടും കൂടി ക്രിസ്തു ബലിയർപ്പകനാകുന്നു .. സ്വയം ബലിയാവുന്നു. വിശുദ്ധ മെക്റ്റിൽഡയോട് ഈശോ വെളിപ്പെടുത്തി, “വിശ്വാസികളുടെ പരിത്രാണത്തിനായി ദൈനംദിനം ഞാൻ അർപ്പിക്കുന്ന ഈ ബലിയുടെ അർത്ഥം അറിയുന്നതും അത് പൂർണ്ണമായി മനസ്സിലാക്കുന്നതും ഞാൻ മാത്രമാണ്. അത് ക്രൊവേൻമാരുടെയും സ്രാപ്പേൻമാരുടെയും സകല സ്വർഗ്ഗീയസേനകളുടെയും ഗ്രഹണശക്തിക്ക് അതീതമാണ്”. ശരിയായ അർത്ഥം മനസ്സിലായാൽ വൈദികർ ഹൃദയം പൊട്ടി മരിക്കുമെന്നല്ലേ വിശുദ്ധ ജോൺ മരിയ വിയാനി പറഞ്ഞത് ?

പുതിയ ആരാധനക്രമത്തെ എതിർക്കുന്ന വൈദികർ പറയുന്ന ന്യായങ്ങൾ ശരിയായിരിക്കാം. നൂറു ശതമാനം ശരിയാണെങ്കിൽ കൂടി സഭാധികാരികളോടുള്ള എതിർപ്പും സമരവുമൊന്നും ന്യായീകരിക്കത്തക്കതായി തോന്നുന്നില്ല. സ്വയം പരിത്യജിച്ചു കുരിശെടുത്തു നടക്കാൻ വിശ്വാസികളോട് പറയാറുള്ളവർ എന്തുകൊണ്ട് ഇത് ദൈവേഷ്ടമാണെന്നു കരുതി സ്വന്തം ഇഷ്ടത്തെ വെടിയുന്നില്ല ? സഭയെ ഇങ്ങനെ ലോകത്തിനു മുൻപിൽ അപഹാസ്യമാക്കണോ ? “സഹോദരൻ സഹോദരനെതിരായി പരാതിയുമായി ന്യായാസനത്തെ സമീപിക്കുന്നു” ഇത് ദ്രോഹമാണെങ്കിൽ , ” എന്തുകൊണ്ട് ദ്രോഹം നിങ്ങൾക്ക് ക്ഷമിച്ചുകൂടാ ? വഞ്ചന സഹിച്ചു കൂടാ ?”

തൃശൂർകാരിയായ ഞാൻ ഇത്രയും നാൾ ശീലിച്ചത് ജനാഭിമുഖകുർബ്ബാന തന്നെയാണ് . ലോക്ക്‌ഡൗണിൽ ശാലോം ടീവി കാണാറുള്ളപ്പോൾ ആണ് അൾത്താര അഭിമുഖകുർബ്ബാന കൂടിയിട്ടുള്ളത്. ഉള്ളുകൊണ്ട് ഇഷ്ടം പഴയത് തന്നെ ആണെങ്കിലും പുതിയ മാറ്റങ്ങൾക്ക് ഞങ്ങളും തയ്യാറാണ്. വിവാദങ്ങൾ വേണ്ട, സമാധാനം മതി എന്നാഗ്രഹിക്കുന്നത് കൊണ്ടാണ്. കാസയും പീലാസയും കാണില്ല എന്നതുകൊണ്ട് കുർബ്ബാന പൂർണ്ണമാവില്ല, തൃപ്തിയാവില്ല എന്ന് പറയുന്ന വിശ്വാസികളോട് എനിക്ക് പറയാനുള്ളത് കർത്താവിന്റെ അറിവില്ലാതെയല്ല ഈ മാറ്റങ്ങളൊന്നും നിലവിൽ വന്നതെന്നാണ്. അപ്പോൾ പുതിയ ക്രമങ്ങൾ അനുസരിച്ച് നമ്മൾ കൂടുന്ന കുർബ്ബാനയുടെ മൂല്യത്തിന് ഒരു കുറവും വരാതെ നോക്കേണ്ടതും അവന്റെ കടമയാണ് . ഒരുക്കശുശ്രൂഷ/ കാഴ്ചവെയ്പ്പു സമയത്തും കൃതജ്ഞതാപ്രാർത്ഥന സമയത്തുമൊക്കെ വിശ്വാസികൾക്ക് കാണുന്ന പോലെ അപ്പവും വീഞ്ഞും ഉയർത്തിപിടിക്കുമെന്നു വിചാരിക്കുന്നു. അറിഞ്ഞുകൂടാ.

ഇതുപോലെ കേസും കയ്യാങ്കളിയും സമരവും മാധ്യമശ്രദ്ധ പിടിച്ചുപറ്റലും ഒക്കെയായി നടന്നാൽ കുറച്ചു കഴിഞ്ഞു അനുസരണത്തെ പറ്റി ഒക്കെ വൈദികർ പറയുമ്പോൾ, പഠിപ്പിക്കുമ്പോൾ, വേദോപദേശ ക്ലാസ്സുകളിൽ, സെമിനാരികളിൽ, പള്ളികളിൽ ഒക്കെ കുട്ടികളും വിശ്വാസികളും ചോദ്യം ചെയ്യില്ലേ അനുസരണവ്രതത്തിനെ പറ്റി നിങ്ങൾക്ക് പഠിപ്പിക്കാൻ എന്തർഹത എന്ന്? സീറോമലബാർ സഭയിൽ പണ്ടൊന്നും കേട്ടുകേൾവിയില്ലാത്ത പോലെയാണ് ഇപ്പോൾ കേസും അടിപിടിയും. സങ്കടമുള്ളതു കൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതിപ്പോകുന്നത്. ഇനിയും കാണാൻ വയ്യ സഭ പൊതുജനമധ്യത്തിൽ അപമാനിക്കപ്പെടുന്നത് .

( സഭ അനുശാസിക്കുന്ന )കുർബാനക്രമത്തിലെ വ്യവസ്ഥകളനുസരിച്ചു തന്നെ പരിശുദ്ധ കുർബ്ബാന അർപ്പിക്കാൻ വൈദികർ അനുസരണത്തിൽ കീഴ്പെട്ടവരാണെന്നാണ് വിശുദ്ധ പിയൂസ് ആറാമൻ പാപ്പ പറയുന്നത് .ഈ നിർദ്ദേശങ്ങൾ പാലിക്കാത്തവർ പാപം ചെയ്യുന്നു. തിടുക്കത്തിലും വണക്കക്കുറവോടെയും കുർബ്ബാന അർപ്പിച്ച ഒരു വൈദികനോട് ആവിലായിലെ വിശുദ്ധ ജോൺ പറഞ്ഞതിതാണ് , ” ദൈവത്തെയോർത്ത് അദ്ദേഹത്തെ അൽപ്പം കൂടി നല്ല രീതിയിൽ സ്വീകരിക്കുക. കാരണം അദ്ദേഹം ( യേശു ക്രിസ്തു )ഒരു നല്ല പിതാവിന്റെ മകനാണ്”.

‘എന്റെ നാമത്തെ നിന്ദിക്കുന്ന പുരോഹിതന്മാരേ, സൈന്യങ്ങളുടെ കർത്താവായ ഞാൻ നിങ്ങളോട് ചോദിക്കുന്നു: ഞാൻ പിതാവാണെങ്കിൽ എനിക്കുള്ള ബഹുമാനം എവിടെ ? ഞാൻ യജമാനനാണെങ്കിൽ എന്നോടുള്ള ഭയം എവിടെ ?’ ( മലാക്കി 1:6)

വിശുദ്ധ ബെർണാഡ് പറഞ്ഞു , “അന്ധമായി അനുസരിക്കുന്നതിനു പകരം എന്തുകൊണ്ടാണ് സുപ്പീരിയർ ഇങ്ങനെ, അങ്ങനെ കൽപ്പിച്ചത് എന്നറിയാൻ നാം ആഗ്രഹിക്കുന്നെങ്കിൽ നമ്മുടെ അനുസരണം വളരെ അപൂർണ്ണമാണ്‌”. പിശാച് ഹവ്വയെ വീഴ്ത്തിയത് അങ്ങനെയാണല്ലോ, തോട്ടത്തിലെ എല്ലാ വൃക്ഷത്തിന്റെയും ഫലം തിന്നാൻ എന്തുകൊണ്ടായിരിക്കും ദൈവം അനുവദിക്കാഞ്ഞത് എന്ന ഒരു ചോദ്യം അവരുടെ ഉള്ളിൽ ഉയർത്തി. ഇതിന്റെ കാരണമൊന്നും ഞങ്ങൾക്കറിയേണ്ട കാര്യമില്ല, ഞങ്ങൾ അനുസരിച്ചാൽ മാത്രം മതിയെന്ന് ഹവ്വ പറഞ്ഞിരുന്നെങ്കിൽ അവൾ പാപത്തിൽ വീഴില്ലായിരുന്നു. വിശുദ്ധ ഗ്രിഗറി പറഞ്ഞു, “വലിച്ചെറിയപ്പെട്ടവന്റെ ഏറ്റവും പ്രകടമായ സ്വഭാവം അഹങ്കാരമായിരിക്കുമ്പോൾ തിരഞ്ഞെടുക്കപ്പെട്ടവന്റെ തെളിവായ അടയാളം എളിമയാണ്”

പരിശുദ്ധ കുർബ്ബാന ഏറ്റവും ശ്രേഷ്ഠമായ ദഹനബലിയും ഏറ്റവും ഉദാത്തമായ കൃതജ്ഞതാബലിയും ആകുന്നതിനൊപ്പം അത് വിശ്വാസികളുടെ മഹാനിധിയും ഭക്തരായ ക്രിസ്ത്യാനികളുടെ പ്രിയസന്തോഷവുമാണ്. അത് പാപികൾക്ക് പ്രായശ്ചിത്തവും മരണാസന്നർക്ക് ശക്തമായ അവലംബവും മരണമടഞ്ഞവർക്ക് വിടുതലിന്റെ ശക്തമായ ഉറപ്പും ആണ്. അത് സ്ഥാപിച്ചു തന്നതിന് നമ്മുടെ രക്ഷകനോട് നമ്മൾ കടപ്പെട്ടിരിക്കുന്നു. തന്നെത്തന്നെ പിതാവിന് യാഗമായി അർപ്പിക്കുന്ന പുത്രനോട് ചേർന്ന്‌ ക്രിസ്തുവിന്റെ അനന്തയോഗ്യതകൾ നമുക്കും സമർപ്പിക്കാം. അനേകം പേർക്ക് ഉതപ്പുണ്ടാകാനിടയുള്ള സമരമുറകളും എതിർപ്പുമൊക്കെ മാറ്റിവെക്കാം. മുറുമുറുപ്പും തർക്കവും ഇല്ലാതെ ഏകവും പരിശുദ്ധവും ശ്ലൈഹികവും സർവത്രികവുമായ സഭക്ക് കീഴിൽ ഒന്നാകാം. ആരെയെങ്കിലുമൊക്കെ മുറിപ്പെടുത്തിയെങ്കിൽ ക്ഷമിക്കണം 🙏

ജിൽസ ജോയ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group