ചില ഓണക്കാല ചിന്തകള്‍

നല്ലവയും നന്മകളും മാത്രം ഉണ്ടായിരുന്നുവെന്ന് ഒരു ജനം വിശ്വസിക്കുന്ന ഗതകാലത്തെ കുറിച്ചുള്ള ഓര്‍മകള്‍ പോലും ആഘോഷിക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ചും ആഘോഷിക്കുവാന്‍ ഒന്നുമില്ലാത്ത ഈ വല്ലാത്ത വര്‍ത്തമാന കാലത്തില്‍. ഒന്നോര്‍ത്താല്‍, മഹാമാരിയെ പോലും ആഘോഷമാക്കുന്ന മലയാളി മനസ്സിന് മഹാബലി മഹത്തായ ഒരു ബിംബമാണ്: സ്വയം ശൂന്യവല്‍ക്കരിച്ച് പ്രജാക്ഷേമാര്‍ത്ഥം പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തപ്പെടാന്‍ ശിരസ്സു കുനിച്ചു നില്‍ക്കുന്ന ഒരു മഹാ ‘ബലി’യുടെ മാത്രമല്ല, സമത്വ മനോഹര സുന്ദര കേരളം എന്ന സനാതന മിഥ്യയുടെ ബിംബം കൂടിയാണ്. അതുകൊണ്ടു തന്നെ ആയിരിക്കണമല്ലോ ഓരോ തിരഞ്ഞെടുപ്പു കാലത്തും ഈ മിഥ്യ മലയാളികള്‍ക്ക് മുമ്പില്‍ പല രീതിയില്‍ അവതരിപ്പിക്കപ്പെടുന്നതും അവര്‍ അത് കുറെയൊക്കെ വിശ്വസിച്ച് കബളിക്കപ്പെടുന്നതും. ഓണം എന്ന മനോഹര സങ്കല്‍പ്പത്തെ ഹ്രുദയത്തില്‍ ചേര്‍ത്തു വെച്ചിരിക്കുന്നവര്‍ക്ക് സ്വമുമ്പില്‍ വെക്കപ്പെടുന്ന സുന്ദര വാഗ്ദാനങ്ങള്‍, വിശ്വസിക്കുന്നില്ലെങ്കില്‍ പോലും, അംഗീകരിച്ചു സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നില്ല. കാരണം, ഗതകാലത്തിന്‍റെ സ്മരണക്കൊപ്പം സുന്ദരമായ ഒരു ഭാവികാലത്തിന്‍റെ മനോഹര സ്വപ്നം കൂടി ഓണം സമ്മാനിക്കുന്നുണ്ട്.
സുന്ദരമായ ഓലക്കുട ചൂടി നിറവയര്‍ കുലുക്കി വരുന്ന മാവേലി അരവയര്‍ നിറയാത്തവര്‍ക്ക് ഗതകാല സുഭിക്ഷതയുടെയും വരും കാല സമ്പന്നതയുടെയും പ്രതീകമാണ്. പൂക്കളം നിറയുന്ന പൂമുറ്റങ്ങള്‍ വരാന്‍ പോകുന്ന നല്ല കാലത്തെ വരവേല്‍ക്കാനുള്ള നമ്മുടെ തയ്യാറെടുപ്പാണ്. പൂ പറിക്കാനായി പൂമ്പാറ്റക്കു പിറകെ പായുന്ന കുഞ്ഞുങ്ങള്‍ വരാന്‍ പോകുന്ന സൌഭാഗ്യ കാലത്തിന്‍റെ പ്രതീകമാണ്. അവരിലൂടെയാണ് നമ്മുടെ ഓര്‍മ്മകള്‍ ഉണ്മയായിരുന്നുവെന്ന് നാം അറിയേണ്ടതും നമ്മുടെ സ്വപ്നങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്‍റെ നിറം ഉണ്ടാകുമെന്ന് നാം വിശ്വസിക്കേണ്ടതും. നമുക്ക് നേടാന്‍ സാധിക്കാതെ പോയത് അവര്‍ക്ക് നേടാന്‍ സാധിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിന് അവരെ പ്രാപ്തരാക്കാം.
മാവേലി എന്ന സങ്കല്‍പവും ഓണക്കാലം എന്ന സ്വപ്നവും ആണ്ടില്‍ ഒരിക്കല്‍ ആഘോഷിക്കുവാന്‍ മാത്രമുള്ള ബിംബങ്ങളായി കാണാതെ, നമുക്ക് സ്രുഷ്ടിച്ചെടുക്കുവാന്‍ പറ്റുന്ന യാഥാര്‍ത്ഥ്യങ്ങളാണ് എന്ന് കേരള ജനത ഒന്നു ചേര്‍ന്നു ചിന്തിച്ചിരുന്നുവെങ്കില്‍ കേരളം എന്നേ മാവേലിനാട് ആകുമായിരുന്നു! ഓണം വെറുമൊരു ബിംബമോ പ്രതീകമോ അല്ല. ജാതി, മത, വര്‍ഗ്ഗ, വര്‍ണ വ്യത്യാസമെന്യേ ഒരേ മനസ്സോടെ ഒന്നിച്ചദ്ധ്വാനിച്ച് സമാധാനവും സന്തുഷ്ടിയും സൌഭാഗ്യവും സമ്രുദ്ധിയും നിറഞ്ഞ നല്ല നാടിനെ പടുത്തുയര്‍ത്താനുള്ള ആഹ്വാനമാണ്.
എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍!

ഫാ. ജെയിംസ് കുരികിലാംകാട്ട് MST


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group