സ്പാനിഷ് കന്യാസ്ത്രീയ്ക്ക് യു എസിന്റെ ധീരവനിതാ പുരസ്‌കാരം….!!!

വാഷിംഗ്ടൺ ഡി.സി: സമാധാനം, നീതി, മനുഷ്യാവകാശം, ലിംഗസമത്വം, സ്ത്രീ ശക്തീകരണം എന്നീ രംഗങ്ങളിൽ ശ്രദ്ധേയ ഇടപെടലുകൾ നടത്തുന്ന വനിതകളെ ആദരിക്കാൻ അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയ ”ഇന്റർനാഷണൽ വുമൺ ഓഫ് കറേജ്”പുരസ്‌കാരം ഏറ്റുവാങ്ങി കത്തോലിക്കാ സന്യസ്ത…..!!!
രജിസ്റ്റേർഡ് നഴ്‌സ് കൂടിയായ കോംബോനി മിഷണറി സഭാംഗമായ സിസ്റ്റർ അലീഷ്യ വാക്കസ് മോറോയ്ക്കാണ് ഈ അഭിമാന നേട്ടം….!!! ഈജിപ്ത്, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ ആതുര ശുശ്രൂഷകളും കൊറോണ മഹാമാരി സംഹാരതാണ്ഡവമാടിയ ഇറ്റലിയിലെ ബെർഗാമോയിൽ നിർവഹിച്ച സേവനങ്ങളുമാണ്, 41 വയസുകാരിയായ സിസ്റ്ററിനെ ഈ അവാർഡിന് അർഹയാക്കിയത്…..

ആതുര ശുശ്രൂഷകയായും മനുഷ്യാവകാശ പ്രവർത്തകയായും ശുശ്രൂഷ ചെയ്യുന്ന സിസ്റ്റർ അലീഷ്യ മധ്യപൂർവേഷ്യയിൽ യുദ്ധക്കെടുതികൾ അനുഭവിച്ചുകൊണ്ടിരുന്ന പാവപ്പെട്ടവർക്കിടയിൽ ഏതാണ്ട് 20 വർഷം സേവനം ചെയ്തിട്ടുണ്ട്…..
എട്ടു വർഷം ഈജിപ്തിലെ പാവപ്പെട്ട രോഗികൾക്കായി ക്ലിനിക്ക് നടത്തിയ സിസ്റ്റർ അലീഷ്യ ഓരോ ദിവസവും 150ൽപ്പരം പേർക്ക് വൈദ്യസഹായം ലഭ്യമാക്കിയിരുന്നു…..
പിന്നീട് വെസ്റ്റ് ബാങ്കിലെ ബഥനി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടു…. കിന്റർഗാർട്ടൻ മുതൽ പാവപ്പെട്ട സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്ന പരിശീലന പദ്ധതിവരെയുള്ള ശുശ്രൂഷകൾക്ക് സിസ്റ്റർ തുടക്കമിട്ടിരുന്നു…

അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് വത്തിക്കാനിലെ യു.എസ് എംബസി ഓൺലൈനിൽ സംഘടിപ്പിച്ച
”വുമൺ ഓഫ് കറേജ് ”വാച്ച് പാർട്ടിയിൽവെച്ചാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള 14 പേർക്കൊപ്പം സിസ്റ്റർ അവാർഡ് ഏറ്റുവാങ്ങിയത്….
ഏഴ് പേർക്ക് മരണാന്തര ബഹുമതി ഉൾപ്പെടെ 21 പേരെയാണ് യു.എസ് വിദേശകാര്യ വകുപ്പ് ഇത്തവണ അവാർഡിന് തിരഞ്ഞെടുത്തത്….
ഈ പുരസ്‌കാരം തന്നെ സംബന്ധിച്ച് വലിയ ബഹുമതിയാണെന്ന് സിസ്റ്റർ അലീഷ്യ മാധ്യമങ്ങളോട് പ്രതികരിച്ചു…. അയർലൻഡിൽനിന്നുള്ള ലോറെറ്റോ സഭാംഗം സിസ്റ്റർ ഒലാ ട്രീസി, ഇറ്റലിയിൽനിന്നുള്ള സിസ്റ്റർ മരിയ എലേന ബെരിനി, സിറിയയിൽനിന്നുള്ള സലേഷ്യൻ സഭാംഗം സിസ്റ്റർ കരോളിൻ ടാഹാൻ ഫാച്ചാഖ് എന്നിവർ മുൻ വർഷങ്ങളിൽ ഈ അവാർഡിന് അർഹരായിട്ടുണ്ട്….

സ്വന്തം ലേഖകൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group