സീറോ മലബാർ സഭയുടെ പിന്തുണ ഏറെ പ്രതീക്ഷ നൽകുന്നത് : ഇംഫാൽ ആർച്ച് ബിഷപ്പ്

മണിപ്പൂർ സംസ്ഥാനം പൂർണ്ണമായുമുൾക്കൊള്ളുന്ന ഇംഫാൽ അതിരൂപതയ്ക്ക് സീറോ മലബാർ സഭ പിന്തുണയറിയിച്ചത് ഏറെ ആത്‌മവിശ്വാസം പകരുന്നതാണെന്ന് ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലൂമൻ. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിലെ നിജസ്ഥിതി മനസിലാക്കുന്നതിനും സഭയുടെ കരുതലും സഹായവും നേരിട്ടറിയിക്കുന്നതിനുമായി സീറോ മലബാർ മിഷൻ ഓഫിസ് സെക്രട്ടറി റവ. ഫാ. സിജു ജോർജ് അഴകത്ത് എം.എസ്.ടിയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘത്തെ മണിപ്പൂരിലേക്ക് അയക്കുകയും കർദിനാൾ ആലഞ്ചേരി പിതാവിന്റെ സന്ദേശമടങ്ങുന്ന കത്ത് കൈമാറുകയും ചെയ്തതിനെ തുടർന്നാണ് ഇംഫാൽ ആർച്ച്ബിഷപ് ഡൊമിനിക് ലൂമൻ മറുപടി സന്ദേശത്തിലൂടെ കൃതജ്ഞത പ്രകടിപ്പിച്ചത്. ജൂലൈ പതിമൂന്നിന് പുറപ്പെട്ട സംഘം മണിപ്പൂരിലെത്തി ആർച്ചുബിഷപ് ഡൊമിനിക് ലൂമനെ സന്ദർശിക്കുകയും കലാപം സൃഷ്ടിച്ച ദുരിതങ്ങളെ അതിജീവിക്കുന്നതിനുള്ള സീറോമലബാർസഭയുടെ പിന്തുണയും സഹകരണവും ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് അതിരൂപതാ പ്രതിനിധികളോടൊപ്പം കലാപബാധിതമായ നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും ക്യാമ്പുകളിലുള്ള കലാപബാധിതരെയും പതിറ്റാണ്ടുകളായി മണിപ്പൂരിൽ വിവിധങ്ങളായ പ്രേഷിത ശുശ്രൂഷകളിലേർപ്പെട്ടിരിക്കുന്ന വൈദികരെയും സന്യസ്തരെയും ജനപ്രതിനിധികളെയും കണ്ട് സംസാരിക്കുകയും നിജസ്ഥിതി മനസിലാക്കാൻ പരിശ്രമിക്കുകയും ചെയ്തു.

അതിരൂപതയുടെ സ്ഥാപനത്തിനും വളർച്ചയ്ക്കും ഏറെ നിർണായകമായ സംഭാവനകൾ നൽകിയ കേരളസഭ തങ്ങളുടെ സങ്കടത്തിന്റെയും, നഷ്ടപ്പെടലിന്റെയും ദുരിതത്തിന്റെയും കാലഘട്ടത്തിലും കൂടെയുണ്ടെന്നുള്ളത് ഏറെ ആശ്വാസവും ആത്മവിശ്വാസവും നൽകുന്നതാണെന്ന് ആർച്ചുബിഷപ് ഡൊമിനിക് ലൂമൻ മറുപടി സന്ദേശത്തിൽ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group