സിനഡിന്റെ സമാപനരേഖ സമർപ്പിച്ചു

സിനഡിന്റെ സമാപനരേഖ സമർപ്പിച്ചു.അല്മായര്‍ക്ക്‌, പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്ക്‌, സഭാ സംവിധാനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കികൊണ്ടാണ് സമാപനരേഖ സമർപ്പിച്ചത്.

42 പേജുകളുള്ള സമാപനരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്‌: സ്വവര്‍ഗാനുരാഗികളെ ആശീര്‍വദിക്കാന്‍ നിര്‍വാഹമില്ല; വൈദിക ബ്രഹ്മചര്യം നിര്‍ത്തലാക്കുന്നതിനെക്കുറിച്ച്‌ ദീര്‍ഘമായ പഠനം ആവശ്യമാണ്‌; മ്രെതാന്റെ അധികാരം അല്മായരോടൊപ്പമുള്ള കൂട്ടുത്തരവാദിത്വമായി പരിഗണിക്കപ്പെടണം; സ്ത്രീകള്‍ക്ക്‌ സഭയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കണം, എന്നാല്‍ അവ കൃത്യമായി നിര്‍വചിക്കപ്പെടണം. സ്ത്രീകള്‍ക്ക്‌ ഡീക്കന്‍പട്ടം നല്‍കാനുള്ള സാധ്യത സിനഡ്‌ തള്ളിക്കളയുന്നില്ല.

ഈ റിപ്പോര്‍ട്ട്‌ രൂപതകളിലെ ചര്‍ച്ചയ്ക്കായി എല്ലാ രൂപതകളിലേക്കും അയയ്ക്കും. വരുന്ന ജൂണിനു മുമ്പായി ചര്‍ച്ചാ ഫലങ്ങള്‍ റോമില്‍ അറിയിക്കണം. ഒക്ടോബറില്‍ നടക്കുന്ന സിനഡിന്റെ അവസാന സമ്മേളനത്തിലാണ്‌ അന്തിമ നിര്‍ദേശങ്ങള്‍ രൂപപ്പെടുക. അവ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ 2025 ആരംഭത്തില്‍ മാര്‍പാപ്പ പ്രഖ്യാപിക്കുമെന്നു കരുതപ്പെടുന്നു.

സെന്റ് പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെയാണ്‌ ആഗോള കത്തോലിക്കാസഭയിലെ മെത്രാന്മാരുടെ പതിനാറാമത്‌ സിനഡിന്റെ ആദ്യ ഘട്ടത്തിന്‌ തിരശീല വീണത്‌. ലോകത്തിന്റെ നൊമ്പരങ്ങള്‍ക്ക്‌ ചെവിയോര്‍ക്കാത്ത ആത്മീയത, ഫരിസേയ മനോഭാവമാണെന്നു വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സുവിശേഷ സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. സിനഡ്‌ സമ്മേളനം നമ്മെ ഓര്‍മിപ്പിക്കുന്നത്‌ എല്ലാവരെയും സ്വീകരിക്കുന്ന, ആരെയും ഒഴിവാക്കാത്ത ഒരു സഭയായി മാറാനാണ്‌ എന്നു പറഞ്ഞു കൊണ്ടാണ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ സന്ദേശം അവസാനിപ്പിച്ചത്‌.

വിശുദ്ധ കുര്‍ബാനയിലെ കാഴ്ച സമര്‍പ്പണത്തില്‍ അല്മായ പ്രതിനിധികളോടൊപ്പം, ഗള്‍ഫ്‌ നാടുകളിലെ സഭയുടെ പ്രതിനിധിയായി സിനഡിലുണ്ടായിരുന്ന മലയാളി മാത്യു തോമസ്‌ പങ്കെടുത്തു. വത്തിക്കാന്‍ വെബ്സൈറ്റിലൂടെ പുറത്തിറക്കിയ സിനഡ്‌ പ്രമാണരേഖയിലെ എല്ലാ ഖണ്ഡികകളും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ സിനഡില്‍ പാസായിരുന്നു എന്നു സിനഡ്‌ സെക്രറട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രൈക്ക്‌ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group