ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനം നമ്മുടെ കർത്താവിൻ്റെ ഉത്ഥാനമാണ് : ഉത്ഥാന സന്ദേശവുമായി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനം നമ്മുടെ കർത്താവിൻ്റെ ഉത്ഥാനമാണ്. കർത്താവ് ഉയിർത്തെഴുന്നേറ്റില്ലായിരുന്നെങ്കിൽ ക്രൈസ്തവ വിശ്വാസം അർത്ഥശൂന്യമാകുമായിരുന്നു.

ക്രൈസ്തവ ജീവിതം ഉത്ഥാനത്തിൻ്റെ ആഘോഷമാണ്. എല്ലാ സഹനത്തിനും ഒരവസാനമുണ്ട്. ആ അവസാനം വ്യാഖ്യാനിക്കാൻ നമുക്കു നൽകുന്ന താക്കോൽ വചനമാണ് കർത്താവ് ഉയിർത്തെഴുന്നേറ്റു എന്ന സദ്വാർത്ത.

യോഹന്നാന്റെ സുവിശേഷം ഇരുപതാം അധ്യായം ഉത്ഥാനസത്യം നമ്മെ അറിയിക്കുന്ന വിവരണങ്ങളാണ്. കർത്താവിന്റെ ഉത്ഥാനത്തിന് ആദ്യം സാക്ഷികളാകുന്നത് കല്ലറ അന്വേഷിച്ചുപോയ സ്ത്രീകളാണ്. കർത്താവ് അടക്കപ്പെട്ട സാബത്തിന്റെ കഠിനമായ നിയമങ്ങൾമൂലം ശവകുടീരത്തിൽ ആവശ്യത്തിനു സുഗന്ധദ്രവ്യങ്ങൾ വയ്ക്കാൻ അവർക്കു കഴിഞ്ഞില്ല. സാബത്ത് അവസാനിച്ചപ്പോൾ അവൻ്റെ കല്ലറയിൽ കുറവുള്ള സുഗന്ധദ്രവ്യങ്ങൾ വയ്ക്കാനാണ് മഗ്ദലനമറിയവും മറ്റൊരു മറിയവും അവിടേക്കു പോയത്. ഈ സ്ത്രീകളാണ് തുറക്കപ്പെട്ട കല്ലറ ആദ്യമായി കാണുന്നത്.

അന്വേഷിക്കുന്നവർക്കാണ് കർത്താവു സംലഭ്യനാകുന്നത്. ഹൃദയത്തിൽ കർത്താവിനോട് ഒരുപാടു സ്നേഹം സൂക്ഷിച്ചിരുന്ന ഈ സ്ത്രീകൾ അവിടത്തെ അന്വേഷിച്ചിറങ്ങി. കല്ലറ മൂടിയിരുന്ന കല്ല് ആര് ഉരുട്ടിമാറ്റുമെന്ന ചോദ്യം അവരുടെ മനസ്സിലുണ്ട്. പക്ഷേ, അവർ കണ്ടത് ഉരുട്ടിമാറ്റപ്പെട്ട കല്ലും തുറന്ന കല്ലറയുമാണ്. നമ്മുടെ എല്ലാ പ്രതിസന്ധികളുടെ നടുവിലും ഉത്ഥാനതിരുനാൾ നല്കുന്ന സന്ദേശം ഇതാണ്: എല്ലാ പ്രതിസന്ധിയും ഉരുട്ടിമാറ്റപ്പെടേണ്ട കല്ലുകളാണ്. ഒരു കല്ലും ഉരുട്ടിമാറ്റപ്പെടാതിരിക്കില്ല.

നമ്മുടെ കർത്താവ് എത്ര വ്യക്തിപരമായാണ് നാമോരോരുത്തരുമായി ബന്ധപ്പെടുന്നതെന്നോർക്കണം. കർത്താവിനെ തേടിപ്പോയ മഗ്ദലേനമറിയത്തെ കർത്താവു പേരുചെല്ലി വിളിക്കുന്നു; “മറിയം!” എത്ര ഹൃദ്യമായ ഇടപെടലാണത്. ഉത്ഥാനതിരുനാൾ നമുക്കു നല്കുന്ന ഒരു വലിയ സന്തോഷം നമ്മുടെയൊക്കെ പ്രതിസന്ധികളിൽ നമ്മെ പേരുചൊല്ലി വിളിക്കുന്ന ഒരു കർത്താവുണ്ട് എന്നതാണ്. “മറിയം!” ആ വിളി സുപരിചിതമായ ശബ്ദമായി അവൾക്ക് അനുഭവപ്പെട്ടു. അവൾ വിളികേട്ടു: “കർത്താവേ!” ഒരു അപരിചിതത്വവും അവൾക്കു തോന്നിയില്ല. എന്നൊക്കെയാണോ പ്രതിസന്ധികൾ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നത്, പ്രതിസന്ധികളുടെ തിരമാലകൾ സഭാനൗയകയെ ആടിയുലയ്ക്കുന്നത്, അന്നൊക്കെ നാം ശ്രദ്ധിച്ചാൽ മനസ്സിലാകും, കർത്താവ് നമ്മെ പേരുചൊല്ലി വിളിക്കുന്നുണ്ടെന്ന്.

നാം ആഗ്രഹിച്ചതു പോലെയെല്ലാം കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ കർത്താവിന്റെ സാന്നിധ്യം നാം തിരിച്ചറിയണമെന്നില്ല. ആഗ്രഹിച്ചതൊന്നും നടക്കാതെ വരുമ്പോഴും വഴിമുട്ടുമ്പോഴും ചെവിയോർത്താൽ കർത്താവ് നമ്മെ പേരുചൊല്ലി വിളിക്കുന്നതു കേൾക്കാനാവും. കർത്താവ് നമ്മെ ഒരിക്കലും മറക്കുകയോ മാറ്റിനിർത്തുകയോ ചെയ്യുന്നില്ല. കർത്താവ് നമ്മോടുകൂടെ ഉണ്ടെന്നുള്ള ശുഭാപ്തിവിശ്വാസത്തിന്റെ തിരുനാളാണ് ഈസ്റ്റർ അദ്ദേഹം പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m