നെറ്റ് സീറോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് : കെസിബിസി

നെറ്റ് സീറോ പ്രവർത്തനങ്ങളെ കേരളത്തിൽ ഇടവകതലത്തിൽ ഏകോപിപ്പിക്കുമെന്ന് കത്തോലിക്കാ സഭ. ഇടവകകളും സ്ഥാപനങ്ങളും രൂപതകളും കാർബൺ ന്യൂട്രൽ അഥവാ നെറ്റ് സീറോ ആയി മാറുകയെന്ന ലക്ഷ്യത്തോടെ പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപശാലയിലാണ് ഈ തീരുമാനം. അതിനായി, തീരദേശം, മലയോരം, പട്ടണ പ്രദേശങ്ങൾ എന്നിവയ്ക്ക് വെവ്വേറെ കാർബൺ ന്യൂട്രൽ മാനുവൽ പ്രസിദ്ധീകരിക്കും. ഇതിനായി ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്ന് കെസിബിസി ജെപിഡി കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായി കഠിന വേനലും ശുദ്ധജല ക്ഷാമവും അതിവർഷവും മൂലം കഷ്ടപ്പെടുന്ന കേരളത്തിൽ, പ്രകൃതി പരിപോഷണത്തിലൂന്നിയുള്ള കർമപരിപാടികൾ കാലോചിതമായി ആസൂത്രണം ചെയ്തു നടപ്പിലാക്കുകയെന്നത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ‘നെറ്റ് സീറോ’ അഥവാ കാർബൺ ന്യൂട്രൽ നടപ്പാക്കുന്നത്. പരിസ്ഥിതി പരിപോഷണത്തെക്കുറിച്ച് പൊതുജനങ്ങളിൽ ധാർമിക ബോധം വളർത്തി വരുംതലമുറയ്ക്കു വാസയോഗ്യമാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യം നിറവേറ്റുക എന്നതാണ് കാർബൺ ന്യൂട്രൽ ഇടവകകൾ എന്ന മുന്നേറ്റത്തിലൂടെ സഭ ലക്ഷ്യമിടുന്നതെന്ന് ശില്പ‌ശാല ഉദ്ഘാടനം ചെയ്ത സിബിസിഐ പ്രസിഡൻ്റ് ആർച്ച്‌ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

നീതിപൂർവകവും സമഗ്രവുമായ പ്രകൃതി പോഷണം ഉറപ്പുവരുത്തി വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സഭയുടെ സാമൂഹിക പ്രതിബദ്ധത യും സവിശേഷ ദൗത്യവുമായി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ കാ ണണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെസിബിസിയുടെ നീതിക്കും സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസ് പുളിക്കൽ പറഞ്ഞു. സിബിസിഐയുടെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം കമ്മീഷൻ ബിഷപ്പ് ഡോ. ആൽവിൻ ഡി സിൽവ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ ബിഷപ്പ് മാർ തോമസ് തറയിൽ ചർച്ചകൾ നിയന്ത്രിച്ച് സമാപന സന്ദേശം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m